ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗ ഭീഷണിയുള്ളതിനാല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നത് വരെ ഒരു റിസ്‌കും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സ്ഥിതി അനുസരിച്ച് മൂന്നാം തരംഗം ഉടന്‍ പ്രതീക്ഷിക്കാം. അതുകൊണ്ട് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. 18നും 45നും ഇടയിലുള്ള പത്ത് ലക്ഷം പേര്‍ക്കാണ് ഡല്‍ഹിയില്‍ ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹിയില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ 224 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 671 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയായി 100ന് താഴെയാണ് പ്രതിദിന രോഗികളുടെ എണ്ണം.