ടൂറിസവും തീര്‍ഥാടനവും പിന്നീടാകാം, മൂന്നാം തരംഗത്തില്‍ ശ്രദ്ധിക്കാനുപദേശിച്ച് ഐഎംഎ

Covid19 | Bignewslive

ന്യൂഡല്‍ഹി : മൂന്നാം തരംഗം അടുത്ത് വരുന്നുവെന്നത് മറക്കരുതെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രാജ്യം കഷ്ടിച്ചാണ് രക്ഷപെട്ടതെന്നിരിക്കെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ഐഎംഎ അറിയിച്ചു.

രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്ത് പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങളില്‍ കാണിക്കുന്ന അലംഭാവത്തില്‍ ആശങ്ക പ്രകടിപ്പിച്ച ഐഎംഎ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സര്‍ക്കാരും പൊതുജനങ്ങളും വലിയതോതില്‍ കൂട്ടംചേരുന്നത് വേദനാജനകമാണെന്നും വ്യക്തമാക്കി.

വിനോദ സഞ്ചാരം, തീര്‍ത്ഥാടനം എന്നിവയൊക്കെ അത്യാവശ്യമാണെങ്കിലും ഇവയെല്ലാം അനനുവദിക്കാന്‍ കുറച്ചുമാസങ്ങള്‍ കൂടി കാത്തിരിക്കണം. ഇത്തരം ഇടങ്ങളില്‍ വാക്‌സീന്‍ എടുക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂപ്പര്‍ സ്‌പ്രെഡിന് ഇടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

വാക്‌സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലൂടെയും മാത്രമേ മൂന്നാം തരംഗത്തെ പിടിച്ചുകെട്ടാന്‍ സാധിക്കുകയുള്ളൂവെന്നും കഴിഞ്ഞ ഒന്നരവര്‍ഷത്തെ അനുഭവത്തില്‍ നിന്നും ഇത് മനസ്സിലാക്കേണ്ടതാണെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

Exit mobile version