ന്യൂഡല്‍ഹി : കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ കൃത്യമായി കൈക്കൊള്ളാനും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.ഡല്‍ഹിയിലെ വിവിധ മാര്‍ക്കറ്റുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രം വിശദീകരണം നല്‍കിയത്.
ജൂലൈ 31ന് മുമ്പ് ഉടനടി നടപ്പാക്കേണ്ട കോവിഡ് നിയന്ത്രണ നടപടികളെപ്പറ്റി ഉത്തരവ് പുറപ്പെടുവിച്ചെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ടെന്നും സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ അനില്‍ സോണി മുഖേന കേന്ദ്രം സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കല്‍, വര്‍ക്ക് ഫ്രം ഹോം, ജോലിയുടെയും ബിസിനസ്സിന്റെയും സമയം ക്രമീകരിക്കല്‍, ശുചിത്വം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ളത്.പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോ ലഘൂകരിക്കുന്നതിനോ ഉള്ള തീരുമാനം കോവിഡ് സാഹചര്യം വിലയിരുത്തി മാത്രമാകണം.
കോവിഡ് കേസുകള്‍ കുറയുന്ന പക്ഷം ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കേണ്ടത് ആവശ്യമാണെന്നിരിക്കെ ഇത്തരം സാഹചര്യങ്ങള്‍ എടുക്കേണ്ട കരുതലുകളെ സംബന്ധിച്ചും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.