ന്യൂഡല്‍ഹി : ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഓഗസ്റ്റ് പകുതിയോടെ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്ന് സൂചന. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണ ഡേറ്റ പ്രതീക്ഷ നല്‍കുന്നതാണെന്ന് സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന് പറഞ്ഞു.
“കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഡേറ്റ മികച്ചതും പ്രോത്സാഹനജനകവുമാണ്. മറ്റൊരു കാര്യമെന്തെന്നാല്‍ കൊറോണ വൈറസ് വകഭേദങ്ങളിലും വാക്സീന് പരിശോധിച്ചിട്ടുണ്ട് എന്നതാണ്. ഡെല്‍റ്റ വേരിയന്റിനെതിരായ ഫലപ്രപ്തി താരതമ്യേന കുറവാണെങ്കിലും മൊത്തത്തിലുള്ള പ്രകടനം ഉയര്‍ന്നതാണ്. അവ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുമുണ്ട്. എന്നാലും പരിശോധനകള്‍ ബാക്കിയുണ്ട്.” അവര്‍ അറിയിച്ചു.
ജൂണ്‍ 23ന് വാക്സീന്റെ പ്രീ സബ്മിഷന് യോഗം നടന്നിരുന്നു. സുരക്ഷ,ഗുണനിലവാരം, മികച്ച ഉത്പാദന രീതികള്‍ തുടങ്ങിയവ വിദഗ്ധ സംഘം അവലോകനം ചെയ്യും. ഓഗസ്റ്റ് പകുതിയോടെയോ അവസാനമോ കോവാക്സിന് അടിയന്തര ഉപയോഗാനുമതി ലഭിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നും സൗമ്യ പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന് ഗുരുതര രോഗലക്ഷണങ്ങളുള്ള കോവിഡിനെതിരെ 93.4 ശതമാനവും ലക്ഷണങ്ങളില്ലാത്തതിനെതിരെ 63.6 ശതമാനവും ഫലപ്രാപ്തി പ്രകടമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post