സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സിക്കാവൈറസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ പതിനഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട് . ഇതിന് പിന്നാലെ പലരും സിക്കാ വൈറസിനെ കുറിച്ച് പല അഭ്യൂഹങ്ങളും പറഞ്ഞു പരത്തി. എന്നാല്‍ സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ എന്ന് പറയുകയാണ് വിദഗ്ധര്‍. ഡോ: ലദീദ റയ്യ , ഡോ : ദീപു സദാശിവന്‍ എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് സിക്കാ വൈറസിനെ കുറിച്ച് വിശദമായി പറയുന്നത്.
സിക്കാ വൈറസ് രോഗബാധയെക്കുറിച്ച് അറിയേണ്ടതെല്ലാം.??
കോവിഡ് മഹാമാരി കൊണ്ട് വലഞ്ഞിരിക്കുന്ന ഈ വേളയില്‍ മറ്റൊരു വൈറസ് കൂടി വില്ലനായി വന്നോ എന്നൊരു ആശങ്ക പലര്‍ക്കും ഉണ്ടായേക്കാം, ചില മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ എങ്കിലും ഇതൊരു സ്‌തോഭജനക തലക്കെട്ടോടു കൂടി പ്രസിദ്ധീകരിച്ചേക്കാം. എന്നാല്‍ സിക്കാ വൈറസ് രോഗത്തെ നാം അത്രയ്ക്ക് ഭയക്കേണ്ടതുണ്ടോ?
?എന്താണ് സിക്കാരോഗം എന്ന് നമുക്ക് നോക്കാം.
??Key facts : സിക്കാ വൈറസ് രോഗബാധയെ കുറിച്ച് അറിയേണ്ട പ്രസക്തമായ വസ്തുതകള്‍ ചുരുക്കത്തില്‍.
??1. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്.
??2. പൊതുവില്‍ അതിരാവിലെയും വൈകുന്നേരവും
കടിക്കുന്ന കൊതുകുകളാണിവ.
??3. കൂടാതെ രോഗബാധിതരായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്കും, ലൈംഗിക ബന്ധത്തിലൂടെയും,
രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും ഈ അസുഖം പകരാവുന്നതാണ്.
??4. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം.
??5. എന്നാല്‍ പലരിലും ലക്ഷണങ്ങള്‍ പോലും കാണിക്കാതെയും ഈ അസുഖം വരാവുന്നതാണ്.
??6. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല.
?A. സിക്കാ വൈറസ് രോഗബാധയെ പേടിക്കേണ്ടതുണ്ടോ?
*സാധാരണ ഗതിയില്‍ വളരെ ലഘുവായ രീതിയില്‍ വന്നു പോവുന്ന ഒരു വൈറസ് രോഗബാധയാണിത്.*
എന്നാല്‍ ഇതിന്റെ പ്രസക്തി എന്തെന്നാല്‍,
?i. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.
?ii. അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്.
അതിനോടൊപ്പം തന്നെ congenital Zika syndrome എന്ന അവസ്ഥയിലേക്കും നവജാത ശിശുക്കളെ ഈ വൈറസ് എത്തിക്കാറുണ്ട്.
?iii. കൂടാതെ വളര്‍ച്ച എത്താതെ പ്രസവിക്കാനും അബോര്‍ഷന്‍ ആയി പോവാനും ഉള്ള സാധ്യതകള്‍ ഉണ്ട്.
?iv. അപൂര്‍വമായി മുതിര്‍ന്നവരില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും, ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടായേക്കാവുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
?B. സിക്കാ വൈറസ് രോഗം പുതിയതായി ആവിര്‍ഭവിച്ച ഒന്നാണോ?
?*അല്ല. നാളിതുവരെ 86 രാജ്യങ്ങളില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.*
*സിക്കയുടെ നാള്‍ വഴികള്‍*
??1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്രോഗം ആദ്യമായി കണ്ടെത്തിയത്.
??1952 ല്‍ ഉഗാണ്ടയിലും, ടാന്‍സാനിയയിലും മനുഷ്യരില്‍ സിക്കാ രോഗബാധ സ്ഥിരീകരിച്ചു.
??1954ല്‍ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു.
??1960കള്‍ മുതല്‍ 1980കള്‍ വരെ ആഫ്രിക്കയിലും ഏഷ്യയിലും ഒറ്റപ്പെട്ട കേസുകളായ് അപൂര്‍വ്വമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
??2007 Island of Yap (Federated States of Micronesia) ആദ്യമായി സിക്കാ വൈറസ് ഒരു പകര്‍ച്ചവ്യാധിയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
??2013 ല്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ വലിയ പകര്‍ച്ച വ്യാധിയായി ഇത് ഫ്രഞ്ച് പോളിനേഷ്യയിലും പരിസരപ്രദേശത്തും കണ്ടെത്തി.
??എന്നാല്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടര്‍ന്നത് 2015 ല്‍ ബ്രസീലിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സിക്കാ വൈറസ് ബാധിച്ച ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് അപകടാവസ്ഥകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
??തുടര്‍ന്ന് കൊതുകിനെ നിയന്ത്രിക്കാന്‍ പട്ടാളത്തെ വരെ ഇറക്കേണ്ടി വന്നിട്ടുണ്ട് ബ്രസീലില്‍.
??അന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിരുന്നു.
??രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവും അന്ന് ഉണ്ടായിരുന്നു.
??ഇത്തരം നടപടി ക്രമങ്ങളിലൂടെ ലോകമെമ്പാടും പടരുന്നത് തടയാനുള്ള നടപടിക്രമങ്ങള്‍ ഏകദേശം ഫലം കണ്ടിരുന്നു.
??ഇന്ത്യയില്‍ ഉള്‍പ്പെടെ സിക്കാ വൈറസിന് എതിരെ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ആ സമയത്ത് ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വൈറസ് വലിയൊരു ഭീഷിണി ആവാഞ്ഞത് കൊണ്ടാവാം ഗവേഷണങ്ങള്‍ക്ക് വലിയ പുരോഗതി ഉണ്ടായതായി അറിവില്ല.
?C. രോഗബാധയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ?
? നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന, പേശി വേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല.
?D. രോഗബാധ കണ്ടെത്തുന്നത് എങ്ങിനെ?
?രോഗബാധിതന്റെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം.
ഇന്ത്യയില്‍ നിലവില്‍ എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
?E. ചികിത്സ എങ്ങനെ?
*ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല.*
സിക്കാ വൈറസിനെ നശിപ്പിക്കുന്ന ഫലപ്രദമായ ആന്റി വൈറസ് മരുന്നുകളോ, ഇതിനെതിരെയുള്ള വാക്‌സിനുകളോ നിലവില്‍ വികസിപ്പിക്കപ്പെട്ടിട്ടില്ല.
?വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും പാരസെറ്റമോള്‍ പോലുള്ള മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ മറ്റു ചില വേദനസംഹാരികള്‍ ഒഴിവാക്കേണ്ടതാണ്.
?F. പ്രതിരോധം എങ്ങിനെ?
?ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.
??കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക
( പ്രധാനമായിട്ടും വൈകുന്നേരവും അതിരാവിലെയും)
-ഉറങ്ങുമ്പോള്‍ കൊതുക് കടിയെ തടയുന്ന രൂപത്തില്‍ മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കുകയോ കൊതുകുവല ഉപയോഗിക്കുന്നത് ശീലമാക്കുകയോ ചെയ്യുക.
–mosquito repellents ഉം ഉപയോഗിക്കാവുന്നതാണ്
??കൊതുകു നശീകരണം,
??കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക.
?? *ചുരുക്കി പറഞ്ഞാല്‍ അമിത ആശങ്കകള്‍ വേണ്ട.ഗര്‍ഭിണികള്‍ & ഗര്‍ഭവതികള്‍ ആവാനിടയുള്ളവര്‍ കരുതലോടെയിരിക്കണം.*
??ലൈംഗിക ബന്ധത്തിലൂടെ രോഗം പകരാനിടയുള്ള സാഹചര്യത്തില്‍,
സിക്കാ വൈറസ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നയിടങ്ങളില്‍ വസിക്കുന്നവരും, അവിടങ്ങളില്‍ യാത്ര ചെയ്തു വരുന്നവരും ജാഗ്രത പാലിക്കണം. അത്തരത്തിലുള്ള പുരുഷന്മാര്‍ ആറു മാസത്തേക്കും സ്ത്രീകള്‍ രണ്ടു മാസത്തേക്കും സുരക്ഷിത ലൈംഗിക ബന്ധം പുലര്‍ത്തുന്നതാവും ഉചിതം എന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.
എഴുതിയത്
ഡോ: ലദീദ റയ്യ , ഡോ : ദീപു സദാശിവന്‍
@ഇന്‍ഫോക്ലിനിക്
#സിക്കാ
#സിക്കാവൈറസ്
#InfoClinic
#Zika
#zikavirus