മുംബൈ : കോവിഡ് രോഗികളില്‍ അവാസ്‌കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥികോശ മരണം സ്ഥിരീകരിച്ച മൂന്ന് കേസുകള്‍ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കുറച്ച് മാസങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ എ.വി.എന്‍ കേസുകള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
മഹിമിലെ ഹിന്ദുജ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കാണ് എ.വി.എന്‍ സ്ഥിരീകരിച്ചത്. കോവിഡ് ഭേദമായി രണ്ട് മാസത്തിന് ശേഷം എത്തിയ 40 വയസ്സിന് താഴെയുള്ള മൂന്ന് പേര്‍ക്കാണ് ചികിത്സ നല്‍കിയത്. കാല്‍തുടയുടെ അസ്ഥിയിലാണ് ഇവര്‍ക്ക് വേദനയുണ്ടായത്.ഇവര്‍ ഡോക്ടര്‍മാരായതിനാല്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സ തേടിയെന്ന് ആശുപത്രി ഡയറക്ടര്‍ ഡോക്ടര്‍ സഞ്ചയ് അഗര്‍വാല പറഞ്ഞു.കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന സ്റ്റീറോയ്ഡുകളുടെ ഉപയോഗമാണ് എ.വി എന്നിലും ബ്ലാക് ഫംഗസിലും പൊതുവായി കാണുന്ന ഘടകമെന്ന് അഗര്‍വാല തന്റെ ഗവേഷണ പ്രബന്ധത്തില്‍ കുറിച്ചു.
കോവിഡ്19 രോഗികളില്‍ രക്ഷിക്കുന്ന കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ വലിയ തോതില്‍ ഉപയോഗിക്കുന്നത് എവിഎന്‍ കേസുകള്‍ കൂടാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.ഇതിനിടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 264 രോഗികളില്‍ 30 പേര്‍ക്ക് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെയെല്ലാം എന്‍ഡോസ്‌കോപ്പിക് വിധേയരാക്കിയതായി ആശുപത്രി ഡീന്‍ ഡോ.എന്‍ നിര്‍മ്മല പറഞ്ഞു.
എന്നാല്‍ ഗുരുതര അണുബാധയുള്ള 30 രോഗികളുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. ആദ്യ ഘട്ടത്തില്‍ ചികിത്സ തേടിയവര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദമായിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.