തിരുവനന്തപുരം : സംസ്ഥാനത്ത് മുന്‍ഗണനാ നിബന്ധനകളില്ലാതെ തന്നെ പതിനെട്ട് വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. പതിനെട്ട് കഴിഞ്ഞവരില്‍ രോഗബാധിതര്‍ക്കും മുന്‍ഗണനയുള്ളവര്‍ക്കുമുള്ള പ്രത്യേക പരിഗണന തുടരും.
പതിനെട്ട് വയസ്സുമുതലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നേരത്തേ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതര്‍ക്കും മറ്റ് മുന്‍ഗണനയുള്ളവര്‍ക്കുമാണ് പ്രധാനമായും കുത്തിവെയ്പ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുന്‍ഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്‌സീന്‍ ലഭിക്കും. പതിനെട്ട് വയസ്സ് മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെയ്പ്പ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. കേന്ദ്രത്തിന്റെ പുതിയ വാക്‌സീന്‍ നയത്തിലെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.
അതേസമയം 18നും 45നും ഇടയിലുള്ളവരില്‍ രോഗബാധിതര്‍, വിദേശത്ത് പോകുന്നവര്‍, പൊതുസമ്പര്‍ക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങി 50ലേറെ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക മുന്‍ഗണന തുടരും. ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റുള്ളവര്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാന്‍ ക്രമീകരണമൊരുക്കും.
പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കായി കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുറക്കാനും ആരോഗ്യവകുപ്പിന് പദ്ധതിയുണ്ട്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് തുടര്‍ച്ചയായി വാക്‌സീന്‍ ലഭിച്ചാല്‍ മാത്രമേ കാലതാമസമില്ലാതെ വാക്‌സീന്‍ നല്‍കാനാവൂ.
Discussion about this post