ലണ്ടന്‍ : യുകെയില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ 35,204 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതര്‍ 1,11,157 ആയി.യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഡെല്‍റ്റ കേസുകളില്‍ 46ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഇന്ത്യയില്‍ ആദ്യം തിരിച്ചറിഞ്ഞ ആശങ്കാവകഭേദമായ ഡെല്‍റ്റ പിന്നീട് ഡെല്‍റ്റ പ്ലസ് ആവുകയും കൂടുതല്‍ രോഗവ്യാപന ശേഷി കൈവരിക്കുകയും ചെയ്തെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വകുപ്പ് (പിഎച്ച്ഇ) അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.വാക്സീന്റെ രണ്ട് ഡോസും സ്വീകരിക്കുന്നത് മികച്ച പ്രതിരോധം തീര്‍ക്കുന്നതായും പിഎച്ച്ഇ പറഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ലാംബ്ഡയെ വേരിയന്റ്സ് അണ്ടര്‍ ഇന്‍വെസ്റ്റിഗേഷന്‍ (വിയുഐ) പട്ടികയില്‍ ചേര്‍ത്തതായും പിഎച്ച്ഇ അറിയിച്ചു. രാജ്യത്താകെ ആറ് ലാംബ്ഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്രകളുമായി ബന്ധപ്പെട്ടാണ് ഈ കേസുകളെല്ലാം. പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ലാംബ്ഡ നിലവില്‍ 26 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ രോഗവ്യാപനശേഷിയെപ്പറ്റിയുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളു.
Discussion about this post