ജനീവ : ദരിദ്രരാജ്യങ്ങള്‍ക്കായി വാക്സീന് വേണ്ടി അപേക്ഷിച്ച് ലോകാരോഗ്യസംഘടന. സമ്പന്ന രാജ്യങ്ങള്‍ പൊതുസ്ഥലങ്ങള്‍ തുറക്കുകയും ചെറുപ്പക്കാര്‍ക്ക് വാക്സീന് നല്‍കുകയും ചെയ്യുമ്പോള്‍ അടിയന്തിരമായി ഉപയോഗിക്കാനുള്ള വാക്സീന് പോലും ദരിദ്ര രാജ്യങ്ങളുടെ കയ്യിലില്ലെന്ന് സംഘടനാമേധാവി ടെഡ്രോസ് ഗബ്രിയേസൂസ് പറഞ്ഞു.
ആഫ്രിക്കയിലെ സ്ഥിതി ഗുരുതരമാണെന്നും പുതിയ അണുബാധകളും മരണവും കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ നാല്‍പ്പത് ശതമാനം വര്‍ധിച്ചുവെന്നും ഗബ്രിയൂസ് അറിയിച്ചു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപിക്കുന്നതിനാല്‍ ഇത് വളരെ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദരിദ്ര രാജ്യങ്ങളുമായി വാക്സീന് ഡോസുകള്‍ പങ്കിടാന്‍ വിമുഖത കാണിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കാനും എത്യോപ്യന്‍ സ്വദേശിയായ ടെഡ്രോസ് മറന്നില്ല. “ഇപ്പോഴത്തേത് ഒരു വിതരണ പ്രശ്നമാണ്. ഞങ്ങള്‍ക്ക് വാക്സീന് നല്‍കുക. അനീതിയും അസമത്വവും തുടങ്ങി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ നമ്മുടെ ലോകത്തിന്റെ അനീതിയെ പൂര്‍ണമായും തുറന്ന് കാട്ടുന്നു. അതിനെ നേരിടാം.” ഗബ്രിയേസൂസ് പറഞ്ഞു.
കോളറ മുതല്‍ പോളിയോ വരെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ വന്‍തോതില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നതില്‍ പല വികസ്വര രാജ്യങ്ങളും വ്യാവസായിക രാജ്യങ്ങളേക്കാള്‍ മികച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി എക്സ്പെര്‍ട്ട് മൈക്ക് റയാന് പറഞ്ഞു.ഉപയോഗിക്കില്ല എന്ന മുന്‍വിധിയോടെ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സീന് നല്‍കാതിരിക്കേണ്ടത് അനേകര്‍ക്ക് ജീവന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയുടെ കാലത്തല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Discussion about this post