ന്യൂഡല്‍ഹി : കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രമുഖ ഡോക്ടര്‍മാരില്‍ ഒരാളും ജീനോം സീക്വന്‍സിംഗ് രംഗത്തെ പ്രമുഖനുമായ ഡോ.അനുരാഗ് അഗര്‍വാള്‍.
ഏപ്രില്‍,മെയ് മാസങ്ങളില്‍ മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 3500 സാംപിളുകള്‍ ജൂണില്‍ ജീനോം സീക്വന്‍സിംഗ് നടത്തിയിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടര്‍ കൂടിയായ അനുരാഗ് പറഞ്ഞു. ഇതില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നുവെങ്കിലും അത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നുവെന്നും കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ പോലും ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഡെല്‍റ്റയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ല. അതിന് മുമ്പ് തന്നെ നമ്മള്‍ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയാണ്. ഡെല്‍റ്റയേക്കാള്‍ വലുതാണ് ഡെല്‍റ്റ പ്ലസ് എന്നും അത് ഗുരുതരമായ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും കരുതേണ്ടതില്ല.”അദ്ദേഹം വ്യക്തമാക്കി.