വാഷിംഗ്ടണ്‍ : ചൈനീസ് നിര്‍മിത വാക്സിനുപയോഗിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ചൈനീസ് വാക്സീന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും കാര്യക്ഷമം ആയേക്കില്ലെന്ന് യുഎസ് ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആഗോള വിപണിയില്‍ സുലഭമായ ചൈനീസ് വാക്സീന് മംഗോളിയ,സീഷെല്‍സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഈ രാജ്യങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധനയുടെ കണക്കുകളും പഠനവും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. ഇവിടെ ജനസംഖ്യയുടെ 50-68 ശതമാനം ആളുകള്‍ ചൈനീസ് നിര്‍മിത വാക്സിനാണ് സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച വരെയുള്ള കാലയളവിനിടെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ 10 രാജ്യങ്ങളില്‍ ഇവയുമുണ്ട്.
അതേസമയം ഏറ്റവും കൂടുതല്‍ വാക്സിനേഷന് നിരക്കുള്ള രണ്ടാമത്തെ രാജ്യമായ ഇസ്രയേല്‍ ജര്‍മന്‍ നിര്‍മിത ഫൈസര്‍ വാക്സിനാണ് ഉപയോഗിച്ചത്. പത്ത് ലക്ഷം പേരില്‍ 4.95 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് ഇവിടെ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വാക്സിനേഷന് നിരക്കുള്ള സീഷെല്‍സില്‍ ഇത് 716 ആണ്. ചൈനീസ് വാക്സീനായ സിനോഫോമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്.
ചൈനയിലും ചൈനീസ് നിര്‍മിത വാക്സീന് ഉപയോഗിച്ച തൊണ്ണൂറോളം രാജ്യങ്ങളിലും വാക്സിനേഷന് നിരക്കില്‍ വര്‍ധന ഉണ്ടാകുമെങ്കിലും വൈറസില്‍ നിന്ന് ഭാഗികമായ സുരക്ഷ മാത്രമേ ലഭിക്കൂ എന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍ ബയോ എന്‍ടെക്, മോഡേണാ വാക്സീനുകള്‍ക്ക് 90 ശതമാനത്തില്‍ അധികം കാര്യക്ഷമത ഉള്ളപ്പോള്‍ സിനോഫാം വാക്സീന്റെ ക്ഷമതാ നിരക്ക് 78.1 ശതമാനമാണ്. സിനോവാക് വാക്സിന്റേത് 51.1 ശതമാനവും.രോഗവ്യാപനം തടയാന്‍ വാക്സീന് എങ്ങനെ പ്രവര്‍ത്തിക്കും എന്നുള്ളതിന്റെ വിശദവിവരങ്ങള്‍ ചൈന പുറത്തുവിട്ടിട്ടുമില്ല. ചിലിയില്‍ നടത്തിയ പഠനത്തിലാണ് സിനോവാക്സിന്റെ ക്ഷമതയിലെ കുറവ് കണ്ടെത്തിയത്.
ഇന്തോനേഷ്യയിലെ സിനോവാക് വാക്സീന്റെ മുഴുവന്‍ ഡോസും സ്വീകരിച്ച 350 ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീണ്ടും കോവിഡ് ബാധിച്ചതായി ഇന്തോനീഷ്യന്‍ മെഡിക്കല്‍ അസോസിയേഷന് സ്ഥിരീകരിച്ചു. അന്തിമ ഘട്ട ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ചുള്ള വിവരങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ സിനോഫാം വാക്സീന് ഉപയോഗത്തിന് അംഗീകാരം നല്കിയ രാജ്യമാണ് ബഹ്റൈന്‍. ഇവിടെ വാക്സീന് സ്വീകരിച്ചതിന് ശേഷം രോഗം ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും റി്പ്പോര്‍ട്ടിലുണ്ട്.
ചൈനയുടെ സഹായം സ്വീകരിച്ച മംഗോളിയ 52 ശതതമാനം ആളുകള്‍ക്ക് വാക്സീന് ലഭ്യമാക്കുകയും നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം 2400 പുതിയ കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസത്തേക്കാള്‍ 4 ഇരട്ടി അധികമാണിത്.
അതേസമയം രോഗവ്യാപനത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്ന വര്‍ധനയും വാക്സീനും തമ്മില്‍ ബന്ധമുള്ളതായി തോന്നുന്നില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പല രാജ്യങ്ങളിലെയും വാക്സിനേഷന് നിരക്ക് രോഗവ്യാപനം തടയാനുള്ള അളവില്‍ കുറവാണെന്നും ഇവിടെ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നുമുള്ള ലോകാരോഗ്യസംഘടയുടെ മാര്‍ഗനിര്‍ദേശവും ചൈന ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങളില്‍ മുന്നിലെത്താനുള്ള ഉദ്യമമായാണ് വാക്സീന് വിതരണത്തെ ചൈന കണ്ടത്. സൂക്ഷിക്കാനും ദൂരെസ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും എളുപ്പമുള്ള വാക്സീന് ലോകത്തെ കോടിക്കണക്കിന് ആളുകള്‍ക്ക് വിതരണം ചെയ്യുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് നേരത്തേ പറഞ്ഞിരുന്നു.
Discussion about this post