ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നറിയിപ്പിനിടയിലും രാജ്യതലസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതല്‍ ബാറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. റസ്റ്ററന്റുകളുടെ പ്രവൃത്തിസമയം നിലവിലുള്ളതിനേക്കാള്‍ രണ്ട് മണിക്കൂര്‍ കൂട്ടി.
പാര്‍ക്കുകള്‍,മൈതാനം,ഗോള്‍ഫ് ക്ലബ്ബ്,ഔട്ട്ഡോര്‍ യോഗങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. ഉച്ച മുതല്‍ രാത്രി പത്ത് വരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി. അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. റസ്റ്ററന്റുകള്‍ക്ക് രാവിലെ 8 മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. നേരത്തേ രാവിലെ 10 മുതലായിരുന്നു പ്രവര്‍ത്തനാനുമതി.
അതേസമയം കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ അവഗണിക്കാനാകാത്ത ഒന്നായിരിക്കെ പെട്ടന്നുള്ള തുറന്നുവിടല്‍ ദുരന്തം വിളിച്ചു വരുത്തുമെന്നാണ് ഡോക്ടര്‍മാരും പൊതുജനാരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ മൂന്നാം തരംഗം എത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് നല്‍കിയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ചന്തകളിലും മറ്റും അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെയാണ് കൂടുതല്‍ അളവുകള്‍ അനുവദിച്ച് ഉത്തരവിറങ്ങുന്നത്.
അകലം പാലിക്കാനോ മാസ്ക് ധരിക്കാനോ പലരും തയാറാകുന്നില്ല. മെട്രോ സ്റ്റേഷനുകളിലും ജനത്തിരക്ക് ഉണ്ടാകുന്നത് വലിയതോതില്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം മൂന്നാം തരംഗത്തിന്റെ വരവിന് വേഗം കൂട്ടുകയേ ഉള്ളൂവെന്ന് ഡല്‍ഹി ഹൈക്കോടതിയും മുന്നറിയിപ്പ് നല്കി.
Discussion about this post