ന്യൂഡല്‍ഹി : മതിയായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കോവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ ജനിതകമാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതല്‍ അപകടകാരിയാകുമെന്ന് ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ.
ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിച്ച ബ്രിട്ടണില്‍ നിന്നും ഇന്ത്യ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ അതേ ശ്രേണിയിലുള്ളതാണ് ഡെല്‍റ്റ പ്ലസ്. ഇതില്‍ നിന്ന് ചെറിയ മാറ്റം മാത്രമുള്ള പുതിയ വകഭേദത്തേയാണ് ഇപ്പോള്‍ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ പെട്ടന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്നും ഗുലേറിയ മുന്നറിയിപ്പ് നല്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിയതോടെ കോവിഡ് കേസുകള്‍ ഉയരാതിരിക്കാന്‍ കൃത്യമായ നിരീക്ഷണം വേണം.മാസങ്ങളോളം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് യുകെ പുതിയ വകഭേദത്തെ നേരിട്ടത്. എന്നാല്‍ ഇളവുകള്‍ നല്കി വിവിധ മേഖലകള്‍ തുറന്നതോടെ പുതിയ ഡെല്‍റ്റ വകഭേദം വ്യാപിച്ചു. ഇതേ സാഹചര്യത്തിലാണ് ഇന്ത്യയും ഇപ്പോള്‍ കടന്നുപോകുന്നത്. ഇപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ ഇന്ത്യയും സമാനമായ രോഗവ്യാപന സാഹചര്യത്തിലേക്ക് മാറിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈറസിനെ നിസാരമായി കാണാനാകില്ല. അതിജീവനത്തിനായി കൂടുതല്‍ പേരിലേക്ക് വ്യാപിച്ച് വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം വൈറസിന്റെ സ്വഭാവം മാറ്റിയേക്കാം. ഇത് തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. നിലവില്‍ പുതിയ വകഭേദത്തില്‍ ആശങ്കപ്പെടാനില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ കേസുകള്‍ വര്‍ധിച്ചാല്‍ ആശങ്കാജനകമായ സാഹചര്യമുണ്ടായേക്കാമെന്നും രണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
Discussion about this post