വാഷിംഗ്ണ് :ആസ്ട്രസെനെക വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ വാക്സീന് രണ്ടാം ഡോസായി നല്കുന്നതില് ഒരു കുഴപ്പവുമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമൂലം ഫലപ്രാപ്തിയില്‍ ഒരു കുറവും വരില്ലെന്ന് സ്പെയിന്, യുകെ, ജര്‍മനി എന്നിവിടങ്ങളില്‍ നടത്തിയ പ്രാഥമിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന പറഞ്ഞു.
രണ്ട് വാക്സീനുകളുടെയും ഇടകലര്‍ത്തല്‍ 97ശതമാനം വരെ സംരക്ഷണം കോവിഡിനെതിരെ നല്‍കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടി.രോഗപ്രതിരോധ രംഗത്ത് ഇതിനുമുമ്പും വാക്സീനുകള്‍ ഇടകലര്‍ത്തി നല്‍കിയിട്ടുണ്ട്. 2014ല്‍ എബോള പരന്നപ്പോള്‍ ജോണ്സണ് ആന്‍ഡ് ജോണ്സണ് വ്യത്യസ്തതരം വൈറല്‍ വെക്ടറുകള്‍ ഉള്ള രണ്ട് ഡോസ് വാക്സീനുകളാണ് നിര്‍മിച്ചത്. ദീര്‍ഘകാല പ്രതിരോധശേഷി നല്കാന് അവയ്ക്കായി.
ആവശ്യത്തിന് വാക്സീന് ഇല്ലാതെ ബുദ്ധിമുട്ടുന്ന രാജ്യങ്ങള്‍ക്ക് ലഭ്യമാകുന്ന വാക്സീനുകള്‍ വെച്ച് വിതരണം ആരംഭിക്കാന്‍ മിക്സ് ആന്‍ഡ് മാച്ച് സമീപനം സഹായകമാകും. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
വിവിധ രാജ്യങ്ങളിലായി നിലവില്‍ പതിനഞ്ചോളം വാക്സീനുകള്‍ ഉപയോഗത്തിലുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ ഇമ്മ്യൂണൈസേഷന്‍, വാക്സീന്‍സ് ആന്‍ഡ് ബയോളജിക്കല്‍സ് വകുപ്പ് ഡയറക്ടര്‍ കാതറീന് ഒബ്രിയന്‍ അറിയിച്ചു.
പല വാക്സീനുകളും പ്രവര്‍ത്തിക്കുന്ന രീതിയില്‍ വ്യത്യാസമുണ്ടെങ്കിലും വൈറസിന്റെ സ്പൈക്ക് പ്രോട്ടീനെ ലക്ഷ്യം വെച്ച് ആന്റിബോഡികള്‍ ഉത്പാദിപ്പിക്കാന്‍ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയാണ് ഇവ അടിസ്ഥാനപരമായി ചെയ്യുന്നത്.ഇതിനാല്‍ത്തന്നെ വാക്സീനുകളുടെ മിക്സ് ആന്‍ഡ് മാച്ച് സമീപനം വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post