ഭോപ്പാല്‍ : മധ്യപ്രദേശില്‍ പരിശോധിച്ച സാമ്പിളുകളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നതായി മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു.
വൈറസിന്റെ വ്യാപനം കുറയ്ക്കാന്‍ കോണ്‍ടാക്റ്റ് ട്രേസിങ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതേസമയം ലാംബ എന്ന് പേരിട്ട കോവിഡിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പെറുവില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ വകഭേദം 29 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തെക്കേ അമേരക്കയിലുണ്ടായ ഉയര്‍ന്ന വ്യാപനം കണക്കിലെടുത്ത് ഇതിനെ ആഗോള വകഭേദമായാണ് പരിഗണിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെ വ്യാപന ശേഷിയുടെ അടിസ്ഥാനത്തില്‍ ആശങ്ക ഉണര്‍ത്തുന്ന വകഭേദം എന്ന നിലയില്‍ യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യുഎസ് ഉള്‍പ്പടെ 66 രാജ്യങ്ങളിലെങ്കിലും ഈ വകഭേദം പടര്‍ന്നിട്ടുണ്ടെന്നും സെന്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Discussion about this post