ബീക്കാനീര്‍ : വാക്‌സീന്‍ വീടുകളിലെത്തിച്ച് നല്‍കുന്ന രാജ്യത്തെ ആദ്യ നഗരാമാകാനൊരുങ്ങി രാജസ്ഥാനിലെ ബീക്കാനീര്‍. നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വീടുകളിലെത്തി വാക്‌സീന്‍ വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച മുതല്‍ വിതരണം ആരംഭിക്കും.
വാക്‌സീന്‍ വിതരണത്തിനായി രണ്ട് ആംബുലന്‍സുകളും മൂന്ന് മൊബൈല്‍ സംഘവും തയ്യാറായിക്കഴിഞ്ഞു. വാക്‌സീന്‍ വേണ്ടവര്‍ നേരത്തേ തന്നെ ജില്ലാ ഭരണകൂടത്തിന്റെ ഹെല്‍പ് ലൈന്‍ നമ്പറില്‍ പേരും അഡ്രസും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. പത്ത് പേരെങ്കിലും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ സേവനം ലഭ്യമാകൂ. വാക്‌സീന്‍ പാഴാകുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ മുന്‍കരുതല്‍. 45ന് മുകളില്‍ പ്രായമുള്ള 75 ശതമാനം ആളുകള്‍ക്കും വാക്‌സീന്‍ നല്‍കാനാണ് പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
വീടുകളിലെത്തി വാക്‌സീന്‍ വിതരണം ചെയ്യുന്നത് ഡല്‍ഹിയിലും ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചിരുന്നു. നിലവില്‍ കേരളത്തില്‍ കിടപ്പുരോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കുന്നുണ്ട്. ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, വീല്‍ചെയറില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് വീടുകളിലെത്തി വാക്‌സീന്‍ നല്‍കുന്ന കാര്യം ആലോചിക്കണമെന്ന് കേന്ദ്രത്തിന് മുംബൈ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
രാജസ്ഥാനില്‍ ഇതുവരെ 8,815 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 9,49,379 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.