ന്യൂഡല്‍ഹി : വാക്സീന് ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന് ഡോ.ആന്റണി ഫൗച്ചി. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ വാക്സീന് മാര്‍ഗനിര്‍ദേശം പുതുക്കിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഇദ്ദേഹം.
ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഫൗച്ചി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോവിഷീല്‍ഡിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള 6-8 ആഴ്ചയില്‍ നിന്ന് 12-16 ആഴ്ചയായി നീട്ടിയത് വിവാദമായിരുന്നു. വാക്സീന് ഇടവേള കൂട്ടുന്നത് കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്ന് ഫൗച്ചി പറഞ്ഞു. അതേസമയം വാക്സീന് ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവ്യാപനശേഷിയുള്ള ഒന്നോ രണ്ടോ ഡെല്‍റ്റ വകഭേദം നേരിടാന്‍ വാ്കസിനേഷന് സത്വരമാക്കുകയാണ് വേണ്ടത്. ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണം. കോവിഡ് പോരാട്ടത്തില്‍ മുഖ്യ ആയുധം വാക്സീന് ആണെന്നും ഡോ.ഫൗച്ചി പറഞ്ഞു.
എംആര്‍എന്‍എ വൈറസുകളായ ഫൈസറിന് മൂന്നാഴ്ച ഇടവേളയും മോഡേണയ്ക്ക് നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിനിടയാക്കും. അത് യുകെയില്‍ നമ്മള് കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി. അതുകൊണ്ട് തന്നെ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post