ഭോപ്പാല്‍ : സ്റ്റൈപെന്‍ഡ് വര്‍ധനവുള്‍പ്പടെയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ ഒരാഴ്ചയിലേറെയായി നടത്തി വന്ന സമരം അവസാനിപ്പിച്ച് മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍.
ജൂനിയര്‍ ഡോക്ടര്‍മാരുടെ സ്റ്റൈപെന്‍ഡ് വര്‍ധിപ്പിക്കുക, ഇവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ചികിത്സ സൗജന്യമാക്കുക തുടങ്ങിയവയായിരുന്നു ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍. സ്‌റ്റൈപെന്‍ഡ് പതിനേഴ് ശതമാനം വര്‍ദിപ്പിച്ചിട്ടുണ്ടെന്നറിയിച്ച വിദ്യാഭ്യാസ മന്ത്രി ജൂനിയര്‍ ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
ആറ് മെഡിക്കല്‍ കോളേജുകളില്‍ നിന്നായി മൂവായിരത്തിലേറെ ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗുമായുള്ള കൂടിക്കാഴ്ചയില്‍ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരക്കാര്‍ മടങ്ങിയത്. വ്യവസ്തകള്‍ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് വൈകുന്നേരത്തിനുള്ളില്‍ പുറപ്പെടുവിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.
നേരത്തേ മെയ് ആറിനും ഇവര്‍ സമരം സംഘടിപ്പിച്ചിരുന്നെങ്കിലും അന്ന് വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ വ്യവസ്ഥകളൊന്നും തന്നെ പാലിക്കപ്പെടാതെ വന്ന സാഹചര്യത്തിലാണ് മെയ് 31 മുതല്‍ ഇവര്‍ വീണ്ടും സമരം തുടങ്ങിയത്.
സമരം നിയമവിരുദ്ധമാണെന്നും ഡോക്ടര്‍മാര്‍ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും വ്യാഴാഴ്ച ജബല്‍പൂര്‍ ഹൈക്കോടതി ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നു.എന്നാലിത് വകവെയ്ക്കാതെ ഡോക്ടര്‍മാര്‍ സമരം തുടരുകയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെത്തുടര്‍ന്ന് മിക്ക ആശുപത്രികളിലും ബുദ്ധിമുട്ടുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.