തൃശൂര്‍ : കഴിഞ്ഞ ഓണക്കാലത്ത് സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റര്‍ സ്പിരിറ്റ് 1240 ലിറ്റര്‍ സാനിട്ടൈസറാക്കി തൃശൂര്‍ എക്സൈസ് ഓഫീസ്. സാനിട്ടൈസര്‍ ജില്ലയിലെ പ്രധാന ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സൗജന്യമായി നല്കി.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. തുടര്‍ന്ന് കോടതി നടപടികള്‍ക്ക് ശേഷം ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ എക്സൈസ് കമ്മിഷണര്‍ ഈ 1000 ലിറ്റര്‍ സ്പിരിറ്റ് സാനിട്ടൈസര്‍ ആക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റര്‍ സാനിട്ടൈസറാക്കി മാറ്റിയത്.
ജില്ലയിലെ രണ്ട് ജനറല്‍ ആശുപത്രികള്‍, രണ്ട് ജില്ലാ ആശുപത്രികള്‍, ആറ് താലൂക്ക് ആശുപത്രികള്‍, 25 സി.എച്ച്.സികള്‍, 79 പി.എച്ച.സികള്‍ എന്നിവയ്ക്കാണ് വിതരണം ചെയ്യുക. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ അസി.എക്സൈസ് കമ്മീഷണര്‍ വി.എ സലീം, എക്സൈസ് വിമുക്തി കോര്‍ഡിനേറ്റര്‍ കെ.കെ രാജു, റെജി ജിയോ തോമസ് എന്നിവര്‍ പങ്കെടുത്തു. വിതരണത്തിനായി സാനിട്ടൈസര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് ഡെപ്യൂട്ടി ഡി.എം.ഒ.കെ.എന്‍ സതീഷിന് കൈമാറി.
Discussion about this post