ന്യൂഡല്‍ഹി : ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇറക്കുമതിക്ക് ബ്രസീലില്‍ അനുമതി നല്കി. ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ വിഭാഗമായ നാഷണല്‍ ഹെല്‍ത്ത് സര്‍വൈലന്‍സ് ഏജന്‍സിയാണ് അനുമതി നല്‍കിയത്.വാക്സീന്റെ ഉല്പാദന ഗുണനിലവാരം പാലിക്കുന്നില്ലെന്ന പേരില്‍ നേരത്തേ കോവാക്സിന് അനുമതി നിഷേധിച്ചിരുന്നു.
അംഗീകാരം ലഭിച്ചതോടെ ആദ്യഘട്ടത്തില്‍ നാല്പത് ലക്ഷം ഡോസ് കോവാക്സിനാണ് ഇറക്കുമതി ചെയ്യുന്നത്. തുടര്‍ന്നുള്ള ഡോസുകള്‍ക്ക് പിന്നീട് ആവശ്യപ്പെടുമെന്നും ബ്രസീല്‍ ആരോഗ്യ വിഭാഗം വ്യക്തമാക്കി. ബ്രസീല്‍ സര്‍ക്കാരുമായി രണ്ട് കോടി വാക്സീന് കയറ്റുമതി ചെയ്യുന്നതിന് കരാര്‍ ഉണ്ടാക്കിയതായി ഫെബ്രുവരിയില്‍ ഭാരത് ബയോടെക്ക് വ്യക്തമാക്കിയിരുന്നു.
റഷ്യയുടെ സ്പുട്നിക്-വി വാക്സീന് ഇറക്കുമതി ചെയ്യുന്നതിനും ബ്രസീല്‍ ആരോഗ്യ ഏജന്‍സിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. സ്പുട്നിക്-വി വാക്സീന് അനുമതി നല്കുന്ന അറുപത്തിയേഴാമത്തെ രാജ്യമാണ് ബ്രസീല്‍.ഇന്ത്യയിലും സ്പുട്നിക്കിന് അനുമതിയുണ്ട്.
Discussion about this post