ന്യൂഡല്‍ഹി : കോവാക്സിന് ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സീന് വിതരണത്തിന് തയ്യാറെടുക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്സിനായുള്ള കരാറില്‍ രാജ്യം ഒപ്പുവെച്ചു. 30 കോടി ഡോസ് വാക്സിനുള്ള കരാറാണിത്.
വാക്സീന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്.വാക്സീനായി 1500 കോടി രൂപ മുന്‍കൂര്‍ നല്‍കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.2021 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ ബയോളജിക്കല്‍-ഇ വാക്സീന് ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യും.നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള ബയോളജിക്കല്‍-ഇ വാക്സീന് ഒന്നും രണ്ടും പരീക്ഷണഘട്ടങ്ങളില്‍ മികച്ച ഫലമാണ് നല്‍കിയതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വാക്സീന് വരുന്ന മാസങ്ങളില്‍ ലഭ്യമാകും.
കോവാക്സിന് പുറമേ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, സ്പുട്നിക് v എന്നീ വാക്സിനുകളാണ് നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്നത്. ഫൈസര്‍, മോഡേണ എന്നീ വിദേശ വാക്സിനുകള്‍ രാജ്യത്ത് വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സീന് പ്രതിവര്ഷക്കണക്കില് രാജ്യത്ത് ഉത്പാദിപ്പിക്കാനും ബയോളജിക്കല്‍-ഇയ്ക്ക് പദ്ധതിയുണ്ട്.
Discussion about this post