പൊന്നാനി : ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ പോലീസിനെതിരെ വ്യാപക പരാതികളും ആക്ഷേപങ്ങളും ഉയരുന്നതിനിടയില്‍ മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കൂട്ടം പോലീസുകാര്‍. ഓക്‌സിജന്‍ കിട്ടാതെ പിടയുന്ന കോവിഡ് രോഗിയായ പതിമൂന്ന്കാരിക്ക് പാതിരാത്രിയില്‍ മരുന്നെത്തിച്ച് നല്‍കിയിരിക്കുകയാണ് പെരുമ്പടപ്പ് പോലീസ്.
പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കോവിഡ് രോഗിയും കുടുംബവും.മാറഞ്ചേരി സ്വദേശിയായ ഫൈസല്‍ – തെസ്‌നി ദമ്പതികളുടെ പതിമൂന്ന് വയസ്സുള്ള മകളാണ് കോവിഡ് ബാധിച്ച് ഓക്‌സിജന്‍ കിട്ടാതെ ദുരിതത്തിലായത്. മൂക്കിന്റെ പ്രശ്‌നം കാരണം ഓക്‌സിജന്‍ എടുക്കാന്‍ കഴിയാതെ പിടയുകയായിരുന്നു കുട്ടി.മരുന്നിനായി പാതിരാത്രിയില്‍ തന്നെ കണ്‍ട്രോള്‍ യൂണിറ്റില്‍ ബന്ധപ്പെട്ടെങ്കിലും മരുന്ന് ലഭിച്ചില്ല. പകരം ആവി കൊള്ളാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
പുത്തന്‍പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മരുന്ന് ഉണ്ടെന്നറിഞ്ഞ പിതാവ് ഫൈസല്‍ സഹായത്തിനായി പെരുമ്പടപ്പ് പോലീസിനെ വിളിക്കുകയായിരുന്നു.മകള്‍ക്ക് മരുന്ന് വാങ്ങാന്‍ മാറഞ്ചേരിയില്‍ നിന്നും പുത്തന്‍പള്ളി വരെ പോകാന്‍ അനുവദിക്കണമെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. എന്നാല്‍ പെരുമ്പടപ്പ് പോലീസ് മനുഷ്യത്വത്തിന്റെ ഏറ്റവും മികച്ച മാതൃകയായി, പാതിരാത്രിയില്‍ തന്നെ മരുന്ന് വാങ്ങിച്ച് പോലീസ് വീട്ടില്‍ എത്തിച്ച് നല്‍കി.അര്‍ദ്ധ രാത്രി ഒന്നരമണിക്കാണ് മരുന്നെത്തിച്ച് നല്‍കുന്നത്.
എസ്‌ഐ രാജീവ്, പ്രസാദ് എന്നീ പോലീസുകാരാണ് ജീവന്‍ രക്ഷകരായത്.കഴിഞ്ഞ നവംബറിലും ഈ കുടുംബത്തിലെ എല്ലാവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.അതിന് ശേഷം വളരെയധികം ശ്രദ്ധിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. ഹോം ഡെലിവറിക്കാരില്‍ നിന്നാണ് ഇത്തവണ വീണ്ടും രോഗം പകര്‍ന്നതെന്ന സംശയത്തിലാണ് വീട്ടുകാര്‍. ആദ്യ കോവിഡിന് ശേഷം പൂര്‍ണമായും വീടിന് അകത്ത് മാത്രം കഴിഞ്ഞിരുന്ന ഈ കുടുംബത്തിലാണ് രണ്ടാമതും കോവിഡ് പടര്‍ന്നത്. ഈ സാഹചര്യത്തിലും മരുന്നെത്തിക്കാന്‍ പോലീസ് കാണിച്ച നല്ല മനസ്സിന് സല്യൂട്ട് നല്‍കുകയാണ് കുടുംബം
റിപ്പോര്‍ട്ട് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍
Discussion about this post