ഡെറാഡൂണ്‍ : അലോപ്പതിയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തിന് മറുപടിയെന്നോണം ബാബാ രാംദേവിനെ തുറന്ന സംവാദത്തിന് ക്ഷണിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം.സംവാദത്തിന് ക്ഷണിക്കുന്നുവെന്ന് കാട്ടി വെള്ളിയാഴ്ച ഐഎംഎ രാദേവിന് കത്തയച്ചു.
യോഗ്യത വെളിപ്പെടുത്താത്തതിനാല്‍ രാംദേവും അനുയായി ബാല്‍കൃഷ്ണയും കാഴ്ച്ചക്കാരായി നിന്നാല്‍ മതിയെന്നും സംവാദത്തിനുള്ള തീയതിയും സമയവും രാംദേവിന് നിശ്ചയിക്കാമെന്നും കത്തില്‍ പറയുന്നു.രാംദേവിന്റെ പ്രസ്താവനകള്‍ നിരുത്തരവാദപരവും സ്വാര്‍ഥവുമാണെന്ന് ഐഎംഎ ഉത്തരാഖണ്ഡ് പ്രസിഡന്റ് ഡോ.അജയ് ഖന്ന കത്തില്‍ കുറ്റിപ്പെടുത്തി.
പതഞ്ചലി യോഗപീഠിലെ യോഗ്യതയുള്ള ആയുര്‍വേദ ആചാര്യന്മാരുടെ സംഘം രൂപീകരിച്ച് ഉത്തരാഘണ്ഡ് ഘടകത്തിലെ ഡോക്ടര്‍മാരുമായി സംവാദം നടത്താനാണ് രാംദേവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ചര്‍ച്ചയിലേക്ക് മാധ്യമങ്ങളെ കൂടി ക്ഷണിക്കാമെന്നും കത്തിലുണ്ട്.സംവാദത്തിനുള്ള സ്ഥലം ഐഎംഎ നിശ്ചയിക്കും.
വിവാദ പരാമര്‍ശത്തിലെ കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിന് രാംദേവിനും ഉത്തരവാദിത്തമുണ്ടെന്നും കത്തില്‍ പറയുന്നു.അലോപ്പതിയും ആയുര്‍വേദവും തമ്മിലുള്ള അടുപ്പത്തിന് രാംദേവിന്റെ പ്രസ്താവന മൂലം ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്നും ഇത് മാറ്റിയെടുക്കണമെന്നും കത്തിലുണ്ട്.പതഞ്ചലി മരുന്നുകള്‍ ഉപയോഗിക്കുന്ന ആശുപത്രികളുടെ വിവരങ്ങള്‍ നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.പതഞ്ചലി വൃത്തങ്ങള്‍ കത്തിനോട് പ്രതികരിച്ചിട്ടില്ല.
കോവിഡ് വാക്‌സിനെടുത്ത പതിനായിരത്തോളം ഡോക്ടര്‍മാരും അലോപ്പതി മരുന്നുകള്‍ കഴിച്ച ലക്ഷത്തോളം ആളുകളും മരിച്ചുവെന്ന് വിവാദ പ്രസ്താവന നടത്തിയ രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഐഎംഎ കത്തയച്ചിരുന്നു.
Discussion about this post