വാഷിംഗ്ട്ടണ് : കോവിഡ് വ്യാപനത്തിന് മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്ന് ഗവേഷകര്‍ 2019 നവംബറില്‍ ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ലോകത്ത് ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്.
യുഎസിലെ വാള്‍സ്ട്രീറ്റ് ജേണലാണ് യുഎസ് ഇത് വരെ പുറത്ത് വിടാത്ത അന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എത്ര ഗവേഷകര്‍ ചികിത്സ തേടി, ഇവര്‍ അസുഖബാധിതരായ സമയം, ഇവരുടെ ആശുപത്രി സന്ദര്‍ശനം എന്നിവയെല്ലാം റിപ്പോര്‍ട്ടിലുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം ചൈന കരുതിക്കൂട്ടി ചെയ്തതാണോ അല്ലയോ എന്ന ലോകജനതയുടെ ചോദ്യത്തിനുള്ള ഉത്തരമാവും റിപ്പോര്‍ട്ടിലൂടെ പുറത്ത് വരിക.
കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അടുത്ത ഘട്ടം ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന തയ്യാറെടുപ്പ് നടത്തുന്നതിന്റെ ഇടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് ദേശീയ സുരക്ഷാകൗണ്‍സില്‍ വക്താവ് പരാമര്‍ശമൊന്നും നടത്തിയില്ലെങ്കിലും കോവിഡ് മഹാമാരിയുടെ ആദ്യദിവസങ്ങള്‍ സംബന്ധിച്ചും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചും ബൈഡന് ഭരണകൂടത്തിന് നിരവധി ചോദ്യങ്ങളുണ്ടെന്ന് അവര്‍ വ്യക്തമാക്കി. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള വിദഗ്ധരുടെ ഗവേഷണങ്ങളെ ലോകാരോഗ്യസംഘടനയ്ക്കും മറ്റ് അംഗരാജ്യങ്ങള്‍ക്കൊപ്പവും നിന്നുകൊണ്ട് യുഎസ് സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതായും അവര്‍ പറഞ്ഞു.
വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന നടത്തുന്ന പഠനങ്ങളെ മുന്‍വിധിയോടെയല്ലാതെ കാണാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ വിശ്വസനീയമായ റിപ്പോര്‍ട്ടുകളെ വിശദമായി തന്നെ വിലയിരുത്തണമെന്ന് നിര്‍ബന്ധമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 ഉത്ഭവത്തെക്കുറിച്ചുള്ള ലോകാരോഗ്യസംഘടനയുടെ പഠനം സംബന്ധിച്ച് യുഎസ്,നോര്‍വേ, കാനഡ,ബ്രിട്ടണ് എന്നീ രാജ്യങ്ങള്‍ മാര്‍ച്ചില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പുതിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ചൈനയുടെ വാഷിംഗ്ടണിലെ എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.എന്നാല്‍ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന് ലോകാരോഗ്യസംഘടന ഫെബ്രുവരിയില്‍ നടത്തിയ ലാബ് സന്ദര്‍ശനത്തിന് ശേഷം സ്ഥിരീകരിച്ചതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. വൈറസിന്റെ ഉദ്ഭവം കണ്ടുപിടിക്കുക തന്നെയാണോ എല്ലാവരുടെയും ഉദ്ദേശം എന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല തവണ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഫാക്ട് ഷീറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ട്രംപ് ഭരണകൂടത്തിന്റെ അവസാന കാലഘട്ടത്തില്‍ പുറത്തുവിട്ടിരുന്നു. ഇതിന് കാരണമായി പറയുന്നത് പുതിയ റിപ്പോര്‍ട്ടിലും പറയുന്ന കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇതില്‍ എത്ര ഗവേഷകരാണ് അസുഖബാധിതരായതെന്ന് പരാമര്‍ശമില്ല.
മാഹാമാരിയുടെ തുടക്കത്തില്‍ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ചെന്ന സംഘത്തിന് പല രേഖകളും നല്കാന് ചൈന വിസമ്മതിച്ചത് അന്വേഷണത്തെ സങ്കീര്‍ണമാക്കിയിരുന്നു.
Discussion about this post