ദര്‍ഭംഗ (ബീഹാര്‍) : പട്ന കഴിഞ്ഞാല്‍ ബീഹാറിലെ പഴക്കം ചെന്ന മെഡിക്കല്‍ കോളേജാണ് ദര്‍ഭംഗ മെഡിക്കല്‍ കോളേജ്. സമസ്തിപൂര്‍, മധുബാനി, സഹസ്ര ജില്ലകളിലെ ആളുകള്‍ ആശ്രയിക്കുന്ന ഈ മെഡിക്കല്‍ കോളേജില്‍ നിലവില്‍ കോവിഡ് രോഗികളും ചികിത്സിയ്ക്കുണ്ട്.
എന്നാല്‍ ഇവിടെ എത്തുന്ന ആളുകള്‍ക്ക് കോവിഡിനേക്കാള്‍ വലിയ രോഗങ്ങള്‍ വരുന്ന അവസ്ഥയാണുളളത്. മാലിന്യങ്ങളും വെള്ളക്കെട്ടുകളും നിറഞ്ഞ ആശുപത്രി പരിസരം പശുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമാണ്. ഒരു കെട്ടിടത്തില്‍ നിന്ന് മറ്റൊന്നിലേക്കെത്തണമെങ്കില് അഴുക്കുവെള്ളം നിറഞ്ഞ ഒരു വെള്ളക്കെട്ടെങ്കിലും കടക്കണം. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നഴ്സുമാരും പോലും ഈ വെള്ളക്കെട്ട് കടന്ന് വേണം വാര്‍ഡിലെത്താന്‍. കോവിഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള പകര്‍ച്ചവ്യാധിയെ സദാ ഭയക്കേണ്ട അവസ്ഥയാണ് ഇവര്‍ക്ക്. ഇടിഞ്ഞ് വീഴാറായ രീതിയില്‍ പഴക്കം ചെന്ന കെട്ടിടങ്ങളും പലപ്പോഴും ജീവന് ഭീഷണിയാണ്
കഴിഞ്ഞ 27വര്‍ഷമായി ഇതാണ് ആശുപത്രിയുടെ അവസ്ഥ. മഴക്കാലമായാല്‍ സ്ഥിതി പിന്നെയും വഷളാകും. സ്വന്തം ജീവന് അപകടപ്പെടുത്തിയാണ് ആശുപത്രി ജീവനക്കാര്‍ രോഗികളെ പരിചരിക്കുന്നത്. ആശുപത്രി പുതിയതായി നിര്‍മിച്ച കെട്ടിടത്തിലാണ് കോവിഡ് വാര്‍ഡ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഇവിടേക്കെത്താന്‍ മാലിന്യവും വെള്ളക്കെട്ടുകളും കടക്കണമെന്നിരിക്കെ കെട്ടിടത്തിന്റെ ആധുനികതയ്ക്ക് പലപ്പോഴും ഇവിടെ പ്രസക്തി ഉണ്ടാവാറില്ല.രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ വരുന്നവരും ഈ ശോചനീയാവസ്ഥ മൂലം അനുഭവിക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. മരുന്നും മറ്റ് ആവശ്യസാധനങ്ങളും പുറത്ത് നിന്ന് വാങ്ങേണ്ടതിനാല്‍ വെള്ളക്കെട്ടും ദുരിതവും അവരെയും കാര്യമായി ബാധിക്കുന്നുണ്ട്.
ആശുപത്രി സൂപ്രണ്ട് മണി ഭൂഷന്റെ ഓഫീസിന് കെട്ടിടത്തിന് തൊട്ട് മുന്നിലാണ് കോവിഡ് ഐസിയു വാര്‍ഡ്. വൃത്തിഹീനമായ പരിസരം കാരണം ഏതെങ്കിലും കെട്ടിടത്തില്‍ പരിശോധന കഴിഞ്ഞ് തിരികെ ഓഫീസിലെത്താന്‍ തന്റെ കാര്‍ ഉപയോഗിക്കുകയാണ് ഇദ്ദേഹം ചെയ്യാറ്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിരികെ ജോലിയില്‍ പ്രവേശിച്ചിട്ട് അധികമായില്ല.ആശുപത്രിയുടെ കാലപ്പഴക്കവും സ്ഥലത്തിന്റെ ഭൂപ്രകൃതിയുമാണ് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം എന്നാണിദ്ദേഹം പറയുന്നത്.
നിരവധി തവണ ആശുപത്രിയുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തുകള്‍ അയച്ചെങ്കിലും നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് രോഗികളുടെ പരിചരണം ആണ് ഏറ്റവും അത്യാവശ്യം എന്നതിനാല്‍ സ്വന്തം ജീവന് പണയപ്പെടുത്തിയും രാപ്പകല്‍ അധ്വാനിക്കുകയാണ് ആശുപത്രി ജീവനക്കാര്‍.
Discussion about this post