രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോള്‍ ആരോഗ്യം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും. ജീവിതശൈലി രോഗങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. രോഗപ്രതിരോധശേഷി കുറയ്ക്കുകയും ചെയ്തിരിക്കുന്നു.
അതേസമയം, അമിത വണ്ണമുള്ളവരില്‍ കോവിഡ് മുക്തി എളുപ്പമല്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ കുടവയറുള്ളവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. മറ്റ് രോഗികളെ അപേക്ഷിച്ച് കുടവയറുള്ള കോവിഡ് 19 രോഗികള്‍ രോഗമുക്തരാവാന്‍ ഏറെ കാലതാമസം വരുന്നതായാണ് പഠനം.
കോവിഡ് മൂന്നാം തരംഗത്തിന് മുന്‍പേ ശരീരത്തിന്റെ ഫിറ്റ്നെസ് വീണ്ടെടുക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. വയറിലും നെഞ്ചിലും കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ശ്വാസകോശം ഞെരിഞ്ഞ് അമര്‍ന്ന സ്ഥിതിയിലാണ് പല കോവിഡ് രോഗികളുമുള്ളത്. ഇത്തരത്തിലുള്ളവരില്‍ ശ്വാസകോശത്തിന്റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനം നടക്കാതെ വരുന്നുവെന്നാണ് ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റായ ഡോ ഇമ്രാന് നൂര്‍ മുഹമ്മദ് വിശദമാക്കുന്നത്.
അമിതവണ്ണമുള്ളവരില്‍ ദീര്‍ഘകാലത്തേക്ക് വെന്റിലേറ്റര്‍ ഉപയോഗം വേണ്ടി വരും. ശരീരത്തിലെ കൊഴുപ്പിന്റെ സാന്നിധ്യം മൂലം അണുബാധയും ഇവരില്‍ കൂടുതലായിരിക്കും.
അതേസമയം, സാധാരണ വയറുള്ള കോവിഡ് രോഗികള്‍ രോഗമുക്തി നേടാനുള്ള സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ പറയുന്നു. ശ്വാസമെടുക്കാനായി ശ്വാസകോശം വികസിക്കുന്നതിനേയാണ് വയറില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് സാരമായി ബാധിക്കുക. ഇവര്‍ക്ക് നല്‍കേണ്ടി വരുന്ന ഓക്സിജന്‍ മാസ്കിന്റെ സൈസും ചികിത്സയില്‍ വെല്ലുവിളിയാണ്. മിക്കപ്പോഴും ഈ സൈസിലുള്ളത് ലഭ്യമായിരിക്കില്ല.
കോവിഡ് ആദ്യതരംഗത്തിനേക്കാള്‍ യുവതലമുറയിലെ അമിത വണ്ണവും കുടവയറും കോവിഡ് ചികിത്സയില്‍ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നതായി കിംഗ്സ് വേയ്സ് ആശുപത്രിയിലെ കോവിഡ് രോഗ വിഭാഗം തലവന്‍ ഡോക്ടര്‍ ഹര്‍ഷ് വര്ധന് ബോറ പറയുന്നു.
ലോക്ക്ഡൗണില്‍ മറ്റ് വ്യായാമങ്ങള്‍ ഇല്ലാതെ പെട്ടന്ന് ഭാരം കൂടുകയാണ്. കായിക അധ്വാനം ഇല്ലാതിരിക്കുന്നത് സ്ഥിതി ഒന്നുകൂടി ഗുരുതരമാക്കുന്നു. അമിത വണ്ണമുള്ളവര്‍ ചികിത്സയോട് ആദ്യഘട്ടങ്ങളില്‍ പ്രതികരിക്കുന്നത് കുറവാണെന്നും ഡോക്ടര്‍ ഹര്‍ഷ് വര്ധന് ബോറ വിശദമാക്കുന്നു.
വാക്സിന് സ്വീകരിച്ച് വ്യായാമം ചെയ്യുന്നത് കോവിഡ് ബാധിച്ചാലും ഗുരുതരാവസ്ഥയിലേക്ക് പോകാതെ സഹായിക്കുമെന്നാണ് സെന്‍ഗുപ്ത ആശുപത്രിയിലെ ഡയറക്ടറായ ഡോക്ടര്‍ ശാന്തനു സെന്‍ഗുപ്ത പറയുന്നു.
Discussion about this post