ലഖ്‌നൗ: യുപിയില്‍ ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയ ആശുപത്രിയ്‌ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ ചുമത്തി. നടപടിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. ലഖ്‌നൗ
ഗോമതി നഗറിലെ കോവിഡ് ആശുപത്രിയാണ് പൊലീസിന്റെ നടപടിയില്‍ വലഞ്ഞിരിക്കുന്നത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ കുറവായതിനാല്‍ രോഗികളെയും കൂട്ടി ബന്ധുക്കള്‍ മറ്റെവിടേക്കെങ്കിലും പോകണമെന്ന് ആവശ്യപ്പെട്ട് മെയ് 3ാം തീയതി ആശുപത്രി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ നോട്ടീസ് ഇറക്കിയിരുന്നു.
ഇത് തെറ്റായ സന്ദേശമാണെന്നും മഹാമാരിയുടെ സമയത്ത് ഇത്തരം സന്ദേശങ്ങള്‍ ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.
ആശുപത്രിയില്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ ക്ഷാമം ഉണ്ടായിരുന്നില്ലെന്നും 28 കോവിഡ് രോഗികളില്‍ 20 രോഗികള്‍ക്കും ഓക്‌സിജന്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ എട്ട് ജംബോ ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ബി ടൈപ്പ് ഓക്‌സിജന്‍ സിലിണ്ടറുകളും ഒരു കോണ്‍ട്രേറ്ററും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ ഓക്‌സിജന്‍ ക്ഷാമം കെട്ടിച്ചമച്ച കഥ അല്ലെന്നും ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലെന്ന കാര്യം അധികൃതരെ അറിയിച്ചപ്പോള്‍ കൈമലര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. ഓക്‌സിജന്‍ തീരുന്നതിനനുസരിച്ച് വാങ്ങുക സാധ്യമല്ല. ഓക്‌സിജന്‍ ക്ഷാമം മുന്നില്‍ക്കണ്ട് ആവശ്യപ്പെട്ടപ്പോള്‍ ലഖ്‌നൗവില്‍ എങ്ങും തന്നെ ഓക്‌സിജന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഓക്‌സിജന്‍ കിട്ടാതെയുള്ള മരണം വംശഹത്യയില്‍ കുറഞ്ഞൊന്നുമല്ലെന്ന അലഹബാദ് ഹൈക്കോടതി വിമര്‍ശനത്തിന് ഒരു ദിവസം തികയുന്നതിന് മുന്നേയാണ് പൊലീസിന്റെ നടപടി.