നിസ്സാരമാക്കരുത് ഉപ്പൂറ്റിവേദന

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്

സ്ത്രീകളില്‍ ഇന്ന് കൂടുതലായും കണ്ടുവരുന്ന അസുഖമാണ് ഉപ്പൂറ്റി വേദന അഥവാ പ്ലാന്റര്‍ ഫേഷൈ്യറ്റിസ്. പുരുഷന്മാരിലും അമിതവണ്ണമുള്ളവരിലും കായികതാരങ്ങളിലും സൈനികരിലും ഈ രോഗം കണ്ടുവരാറുണ്ടെങ്കിലും ഏറ്റവും അധികം ഈ വേദനകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് സ്ത്രീകള്‍. ജോലിത്തിരക്കുകള്‍ക്കിടയില്‍ ഉപ്പൂറ്റിവേദനയെ നിസ്സാരമായി കാണുന്നവരാണ് ഭൂരിഭാഗം പേരും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമായി മാറി ഒടുവില്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായി അത് മാറും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഉപ്പൂറ്റിവേദന കൂടുതല്‍. മധ്യവയസ്‌കരിലാണ് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സു കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും അസുഖം കണ്ടുവരുന്നത്. 40 മുതല്‍ 50 വയസ്സുവരെയുള്ളവരില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. വളരെ അപൂര്‍വമായി 25 വയസ്സുള്ളവരിലും ഈ രോഗം കണ്ടുവരുന്നു

ലക്ഷണങ്ങള്‍

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാല്‍ നിലത്തുവെക്കാന്‍ സാധിക്കില്ല. ഉപ്പൂറ്റിയില്‍ നല്ല വേദനയായിരിക്കും. 90 ശതമാനം ആളുകള്‍ക്കും ഉപ്പൂറ്റി വേദനയായാണ് രോഗം തുടങ്ങുന്നത്. 10 ശതമാനം പേര്‍ക്ക് മാത്രമാണ് വിരലുകള്‍ക്കടിയിലുള്ള വേദനയായി വരുന്നത്. സുചികൊണ്ട് കുത്തുന്നപോലുള്ള വേദനയോ കത്തികൊണ്ട് കീറുന്ന വേദനയോ ആയാണ് ചിലര്‍ക്ക് ഇത് അനുഭവപ്പെടുന്നത്. ആദ്യത്തെ മൂന്നുനാല് അടി അത്യന്തം വേദന നിറഞ്ഞതായിരിക്കും. എവിടെയെങ്കിലും പിടിക്കാതെ മുന്നോട്ടുനടക്കാന്‍ സാധിക്കാത്ത അവസ്ഥ വരും. കുറച്ച് നടന്നുകഴിഞ്ഞാല്‍ വേദന ഒന്നു കുറയും. പിന്നെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നുകഴിഞ്ഞാല്‍ വേദന അനുഭവപ്പെടുകയില്ലെന്ന് മാത്രമല്ല, അത് നമ്മള്‍ മറക്കുകയും ചെയ്യുന്നു.
ചിലര്‍ക്കാകട്ടെ, ഓഫിസില്‍ കുറച്ചുനേരം ഇരുന്നുകഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോഴോ വീട്ടില്‍ ടി.വി കണ്ട് എഴുന്നേല്‍ക്കുമ്പോഴോ ഈ വേദന കയറിവരും. അതും കുറച്ച് നടക്കുമ്പോള്‍ കുറയും. ഇതാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.

ചികിത്സ

നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന അസുഖമാണിത്. എന്നാല്‍, ഏറെ വൈകി ചികിത്സിക്കുമ്പോള്‍ വേദന മാറാന്‍ കാലതാമസമെടുക്കും. മറ്റ് രോഗങ്ങളെപ്പോലെ രക്തപരിശോധനയിലോ എം.ആര്‍.ഐ സ്‌കാനിങ്ങിലൂടെയോ ഇത് കണ്ടെത്താന്‍ സാധിക്കില്ല. ഉപ്പൂറ്റിയിലും മസില്‍ തുടങ്ങുന്ന ഭാഗത്തും ചെറിയ വേദന ഉണ്ടാകും. ആ ഭാഗം അമര്‍ത്തുമ്പോള്‍ നല്ല വേദനയുണ്ടാകും. ഇങ്ങനെയാണ് ഈ രോഗത്തെ ക്ലിനിക്കലി തിരിച്ചറിയുന്നത്. മരുന്നുകൊണ്ടും കൃത്യമായ വ്യായാമം കൊണ്ടുമാണ് ഈ അസുഖത്തെ ഇല്ലാതാക്കാന്‍ സാധിക്കുക.

Exit mobile version