മഞ്ഞുകാലത്ത് വേണോ സണ്‍സ്‌ക്രീന്‍ ? വേണം എന്നാണുത്തരം. തണുപ്പല്ലേ എന്താണീ സമയത്ത് സണ്‍സ്‌ക്രീനിന്റെ ആവശ്യം എന്ന് ഇതിനോടകം ചിലരെങ്കിലും സംശയിച്ചിട്ടുണ്ടാകും. അവര്‍ക്കായി ഇതാ മഞ്ഞുകാലത്തെ സണ്‍സ്‌ക്രീന്‍ ഉപയോഗത്തിന്റെ ചില ഗുണങ്ങള്‍. ഓരോ കാലാവസ്ഥയ്ക്കുമനുസരിച്ച് ചര്‍മത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും എന്നത് നമ്മളെല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ.
ആ മാറ്റങ്ങള്‍ക്കനുസരിച്ചാവും നമ്മളില്‍ ഭൂരിഭാഗം ആളുകളുടെയും ബ്യൂട്ടി റുട്ടീനും. വേനലില്‍ ചര്‍മ്മത്തിന് തണുപ്പ് തരുന്ന ലോഷനുകളും ക്രീമുകളുമാകും എല്ലാവരും ഉപയോഗിക്കുക. വെയിലുകൊണ്ട് ചര്‍മത്തിനുണ്ടാവുന്ന ദോഷങ്ങള്‍ ഒഴിവാക്കാന്‍ സണ്‍സ്‌ക്രീനും കയ്യില്‍ കരുതും. മഞ്ഞ് കാലത്ത് ചര്‍മം വരണ്ട് പൊട്ടുന്നത് ഒഴിവാക്കാനായുള്ള ക്രീമുകളിലേക്ക് നമ്മള്‍ മാറും. സണ്‍സക്രീന്‍ പതിയെ രംഗം വിടുകയും ചെയ്യും. എന്നാല്‍ കൂളിംഗ് ഇഫക്ട് തരുന്ന ക്രീമുകള്‍ വേണ്ടിവരില്ല എങ്കിലും സണ്‍സ്‌ക്രീന്‍ തണുപ്പുകാലത്തും ഏറെ പ്രധാനപ്പെട്ടതാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
തണുപ്പ്കാലത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ ഇടപെടല്‍ മറ്റുള്ള കാലാവസ്ഥകളുടെ അത്ര ഇല്ലെങ്കിലും മുഴുവനായി തള്ളിക്കളയാനാകില്ല. ഇവ എപ്പോള്‍ വേണമെങ്കിലും ചര്‍മത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ സണ്‍സ്‌ക്രീന്‍ എപ്പോഴും കയ്യില്‍ കരുതണം.യുവി രശ്മികള്‍ ശരീരത്തില്‍ ചുളിവുകളുണ്ടാക്കും.ക്രീമുകളൊന്നും പുരട്ടാത്ത ചര്‍മം അള്‍ട്രാവയലറ്റ് രശ്മികളുടെ വിളനിലമാണെന്ന് പറയാറുണ്ട്. എന്നും രാവിലെ സണ്‍സ്‌ക്രീനുപയോഗിച്ച് മസാജ് ചെയ്യുന്നത് ചുളിവുകളില്ലാതാക്കി ചര്‍മത്തിന് യുവത്വം നല്‍കും.
എല്ലാ കാലാവസ്ഥയിലും സണ്‍സ്‌ക്രീന്‍ ചര്‍മത്തിന് അനിവാര്യമാണ് എന്ന് പറയുന്നതിന്റെ മറ്റൊരു കാരണം ഇവ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത ഒരു പരിധി വരെ അകറ്റി നിര്‍ത്തും എന്നുള്ളതാണ്. ശരിയായ വിധത്തില്‍ സ്ഥിരമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരില്‍ സ്‌കിന്‍ കാന്‍സറിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് നാല്പത് ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ഇനി സണ്‍സ്‌ക്രീന്‍ നേരിട്ട് ഉപയോഗിക്കുന്ന ആളല്ല എങ്കില്‍ എസ്പിഎഫ് ഉള്ള പ്രോഡ്ക്ട്സ് തിരഞ്ഞെടുക്കുകയുമാവാം. തണുപ്പുകാലത്ത് എസ്പിഎഫ് 30 ആണ് ഉത്തമം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടുതല്‍ വെയിലേല്‍ക്കേണ്ടിവരുന്ന ആളാണെങ്കില്‍ എസ്പിഎഫ് 50 ആവും നല്ലത്. സ്ഥിരമായി മേക്കപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ എസ്പിഎഫ് ഉള്ള കോസ്മെറ്റിക് പ്രോഡക്ട്സ് വാങ്ങാന്‍ ശ്രദ്ധിക്കണം.
മറ്റുള്ളവയെ അപേക്ഷിച്ച് വില അല്‍പം കൂടിയാലും ഇവ ദോഷം ചെയ്യില്ലെന്നുറപ്പ്. എന്തൊക്കെയായാലും വെയിലത്തും തണുപ്പത്തും ഒരുപോലെ ഉപയോഗപ്രദവും അനിവാര്യവുമായ ഒന്നാണ് സണ്‍സ്‌ക്രീന്‍. ഏത് കാലാവസ്ഥയിലും സൂര്യനുണ്ട് എന്നത് കൊണ്ട് തന്നെ ഇവ എപ്പോഴും കൂടെ കരുതുന്നതാണ് അഭികാമ്യം.
Discussion about this post