രാവിലെ ഉണര്‍ന്നാലുടനെ ഒരു ചായ, പിന്നെ ബ്രേക്ക്ഫാസ്റ്റിനൊപ്പം, നാലുമണിച്ചായ ഇങ്ങനെ ചായകുടിച്ചില്ലെങ്കില്‍ പലര്‍ക്കും അന്നത്തെ ദിവസം തന്നെ പോയ പോലെയാണ്. ജോലിയുടെ ടെന്‍ഷന്‍ മാറാനും, തലവേദന കുറയ്ക്കാനും, ഉന്മേഷം ലഭിക്കാനുമെല്ലാം ചായ കുടിക്കുന്നവരാണ് നമ്മള് മലയാളികള്‍. എന്നാല്‍ ഈ ചായകുടി ശീലത്തിന് നിയന്ത്രണം ആവശ്യമാണോ ?
ആരോഗ്യപരമായി ചായ കുടിക്കുന്നത് കൊണ്ട് യാതൊരുവിധ പ്രശ്നങ്ങളുമില്ല. ചായയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, ഫ്ലേവനോയിഡ് പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിന് ഗുണകരമാണ്. അതുപോലെ ചായയില്‍ അടങ്ങിയിട്ടുള്ള ടി.എഫ്-2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദിവസം രണ്ടോ മൂന്നോ ഗ്ലാസ് ചായ കുടിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്ന് പറഞ്ഞ പോലെയാണ് ചായയുടെ കാര്യവും.
40 ഗ്രാം കഫീനാണ് ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത്. അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. സ്ഥിരമായി ചായ കുടിക്കുന്നവര്‍ക്ക് ആ ശീലം പെട്ടന്ന് നിര്‍ത്തിയാല്‍ തലവേദനയും അസ്വസ്ഥതകളും തോന്നുന്നത് ഈ കഫീന്‍ ഡിപ്പെന്ഡന്സി മൂലമാണ്.
ടാനിന് എന്നൊരു കെമിക്കല്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് അധികമായാല്‍ ശരീരത്തിലേക്ക് ഇരുമ്പ് അംശം വലിച്ചെടുക്കുന്നത് തടയും. ശരീരത്തിന് ആവശ്യമായ ഇരുമ്പ് ലഭിക്കാതെ വരുന്നത് പോഷകാഹാരകുറവിന് കാരണമാകും.
മാംസാഹാരം കഴിക്കുന്നവരെ അപേക്ഷിച്ചു സസ്യാഹാരം കഴിക്കുന്നവര്‍ അതിനാല്‍ അമിതമായി ചായ കുടിക്കാതെ ശ്രദ്ധിക്കണം. അതുപോലെ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ അമിതമായി ചായ കുടിക്കുന്നത് ദോഷകരമാണ്. ധാരാളം ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ മരുന്നുകള്‍ കഴിക്കുന്നതിനു മുമ്പായി ഡോക്ടറോട് നിര്‍ദ്ദേശം ചോദിച്ച ശേഷം കഴിക്കുക.
Discussion about this post