ലോകം കൊവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വര്‍ധിച്ചു വരികയാണ്. കേരളമാണ് പ്രമേഹ തലസ്ഥാനമെന്ന് അറിയപ്പെടുന്നത്. കുട്ടികളിലും പ്രമേഹ രോഗം വര്‍ധിച്ചുവരികയാണ്. ജീവിത ശൈലിയില്‍ മാറ്റം വരുത്തി ഭക്ഷണ നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം നിയന്ത്രണ വിധേയമാക്കാനാകും. കൊവിഡ് കാലത്ത് പ്രമേഹ രോഗികള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ് ബാധിച്ചാല്‍ ഇത്തരക്കാര്‍ക്ക് രോഗം പെട്ടന്ന് സങ്കീര്‍ണമാകും. കൊവിഡ് വരാതിരിക്കാനായി പ്രമേഹ രോഗികള്‍ ജാഗ്രത പുലര്‍ത്തണം.
എന്താണ് പ്രമേഹം?
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവര്‍ത്തനത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തില്‍ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവര്‍ത്തനത്തിനുപയുക്തമായ വിധത്തില്‍ കലകളിലേക്ക് എത്തിക്കണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. ഇന്‍സുലിന്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടാന്‍ കാരണമാകുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയില്‍ കൂടിയാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.
കാരണങ്ങള്‍
പാരമ്പര്യ ഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്‌നങ്ങള്‍, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം, വ്യായാമക്കുറവ് എന്നിവ പ്രമേഹത്തിനു കാരണമാകാം.
ലക്ഷണങ്ങള്‍
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപ്പോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ചികിത്സ
പ്രമേഹം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. രോഗം നിയന്ത്രിച്ചു നിര്‍ത്താനേ കഴിയൂ. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കൃത്യസമയത്ത് ശരിയായ ചികിത്സ തേടുക ഏറ്റവും പ്രധാനമാണ്.
ഭക്ഷണം വളരെ പ്രധാനം
മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികള്‍, സാലഡുകള്‍, കൊഴുപ്പു നീക്കിയതും വെള്ളം ചേര്‍ത്തതുമായ പാല്‍, മോര്, സുഗന്ധവ്യഞ്ജനങ്ങള്‍, മുളപ്പിച്ച പയര്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരപലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകള്‍, അച്ചാറുകള്‍ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒന്നില്‍ കൂടുതല്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പോഷകഗുണം വര്‍ദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിന്റേയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവില്‍ ഭക്ഷണം കഴിക്കാതെ 5 മുതല്‍ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
വ്യായാമം ഏറെ പ്രധാനം
പ്രമേഹ രോഗികള്‍ ദിവസവും 30 മിനിറ്റ് എന്ന തോതില്‍ ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിള്‍ ഓടിക്കല്‍, നൃത്തം, നീന്തല്‍, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്. ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും പ്രധാന കാരണമാണ് പ്രമേഹം. കാഴ്ചശക്തി നഷ്ടപ്പെടല്‍, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരള്‍ച്ച, ഉണങ്ങാത്ത മുറിവുകള്‍ എന്നിവയും അനുബന്ധ പ്രശ്‌നങ്ങളായി ഉണ്ടാകാം. പ്രമേഹ രോഗികളില്‍ വിറ്റാമിന്‍ സി, ഡി എന്നിവയുടെ കുറവ് മൂലം അസ്ഥിവേദനയും ഉണ്ടാകും.
കൊവിഡ് ഏറെ അപകടകരം
കൊവിഡ് ബാധിച്ചു മരിച്ചവരില്‍ ധാരാളം പ്രമേഹ രോഗികളുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രമേഹമുള്ളവര്‍ക്ക് കോവിഡ് ബാധയുണ്ടായാല്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ വ്യതിയാനമുണ്ടാകുന്നതു കൊണ്ട് പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുക. ഭക്ഷണം ക്രമീകരിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും മരുന്നുകള്‍ കഴിക്കുന്നതിലൂടെയും പ്രമേഹം നിയന്ത്രിക്കുക. പനി, ചുമ, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട് എന്നിവ കണ്ടാലുടന്‍ വൈദ്യസഹായം തേടുക.
Discussion about this post