മത്തങ്ങയുടെ പോഷകഗുണത്തെക്കുറിച്ച് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മത്തങ്ങക്കുരുവിന്റെ ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിവുണ്ടാകാന്‍ വഴിയില്ല. സിങ്കിന്റെ കലവറയാണ് മത്തങ്ങക്കുരു. പ്രോട്ടീനാല്‍ സംമ്പുഷ്ടമായ മത്തന്‍ കുരു മസില്‍ ഉണ്ടാക്കാന്‍ സഹായിക്കും. മഗ്‌നീഷ്യം, കോപ്പര്‍, അയണ്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി തുടങ്ങി നിരവധി മൂലകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ എ-യാല്‍ സമ്പന്നമായ മത്തങ്ങാക്കുരു ശരീരത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ അതിവേഗം ഉണങ്ങാന്‍ സഹായിക്കും.
ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം ഹൃദ്രോഗ സാധ്യത കുറയ്ക്കും. മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന കുറഞ്ഞ അളവിലുള്ള സോഡിയവും, ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം, മഗ്‌നിഷ്യം എന്നിവ രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മത്തന്‍ കുരുവിന് സാധിക്കും. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത് ആരോഗ്യത്തിന് വളരെയേറെ ഗുണം നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ പോലെ പുരുഷന്‍മാരെ ഗുരുതരമായി ബാധിയ്ക്കുന്ന പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് മത്തന്‍കുരു.
മത്തങ്ങാക്കുരുവില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡ് ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. സിങ്ക് ധാരാളം അടങ്ങിയിരിക്കുന്ന മത്തങ്ങാക്കുരു കഴിക്കുന്നത് താരനില്‍ നിന്ന് മുടിയെ സംരക്ഷിക്കാനും സഹായിക്കും. കരള്‍രോഗങ്ങളും കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മത്തന്‍ കുരു ഉപയോഗിക്കുന്നതിലൂടെ കഴിയും. തടി കുറക്കുന്നതിനും മത്തന്‍ കുരു വളരെയധികം സഹായിക്കും. മത്തന്‍ കുരു കഴിക്കുന്നത് തടി കുറച്ച് വയറൊതുക്കുന്നതിന് സഹായിക്കും.