സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍ ആരോഗ്യവകുപ്പ് അധികൃതരെ പോലും അമ്പരിപ്പിച്ച് 69കാരിക്ക് ദാരുണാന്ത്യം. തലച്ചോര്‍ കോശങ്ങളെ നശിപ്പിക്കുന്ന നയിഗ്ലേറിയ ഫൗലറി അമീബ ബാധയാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ഈ അമീബ തലച്ചോറിനെ കാര്‍ന്നു തിന്നുമെന്നും അധികൃതര്‍ പറയുന്നു.
നസ്യം ചെയ്തതുമൂലമാണ് യുവതിയുടെ ശരീരത്തില്‍ അമീബ കയറാന്‍ കാരണമായത്. സൈനസ് ബാധയെ തുടര്‍ന്ന് പ്രത്യേക പാത്രം ഉപയോഗിച്ച് നസ്യം ചെയ്യാന്‍ ഡോക്ടര്‍ സ്ത്രീക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന ചികിത്സ തുടങ്ങിയത്. അതേസമയം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ദൗത്യത്തിന് അധികൃതര്‍ വേണ്ട ശ്രദ്ധ നല്‍കിയില്ലെന്നാണ് തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപിക്കുന്നത്.
തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതിനു പകരം ഇവര്‍ ഉപയോഗിച്ചത് വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളമായിരുന്നു. ഇതാണ് അമീബ ശരീരത്തിലെത്താന്‍ കാരണമായതെന്ന് സംഭവത്തെ കുറിച്ച് സ്വീഡിഷ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാര്‍ പറയുന്നു. വാട്ടര്‍ ഫില്‍റ്ററില്‍ നിന്നുള്ള വെള്ളത്തില്‍ നയിഗ്ലേറിയ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
നേരത്തെ നസ്യം ചികിത്സ തുടങ്ങിയതിന് പിന്നാലെ യുവതിയുടെ മൂക്കില്‍ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതത്ര കാര്യമാക്കി എടുത്തില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സ്ത്രീയുടെ സംസാരശേഷി നഷ്ടപ്പെടുകയും കടുത്ത തലവേദന ഉണ്ടാവുകയും ചെയ്തു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും ഇവരുടെ സ്വബോധം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അഞ്ചോളം ബയോപ്സി പരിശോധനയിലാണ് സ്ത്രീയുടെ ശരീരത്തില്‍ അമീബ പ്രവേശിച്ചതായി കണ്ടെത്തിയത്. അപ്പോഴേക്കും ശരീരത്തിനകത്തെത്തിയ അമീബ സ്ത്രീയുടെ തലച്ചോര്‍ കോശങ്ങളെ പകുതിയോളം നശിപ്പിച്ചിരുന്നു. ഒന്നരയാഴ്ചയോളം നീണ്ട ചികിത്സയ്ക്കൊടുവില്‍ ഇവര്‍ മരണപ്പെട്ടതായി നാഡിരോഗ വിദഗ്ധനായ ഡോ ചാള്‍സ് കോബ്സ് അറിയിച്ചു.
എന്നാല്‍ അധികൃതരുടെ അനാസ്ഥയാണ് ജീവന് പൊലിയാന്‍ കാരണം എന്നായിരുന്നു സ്വീഡിഷ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ വിലയിരുത്തല്‍. മാലിന്യം കലര്‍ന്ന വെള്ളത്തിലൂടെ മൂക്കിലൂടെയാണ് തലച്ചോറില്‍ അമീബ പടരുന്നത്. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല. മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്. മൂക്കിലൂടെ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന അബീബ തലച്ചോര്‍ കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു.
തലവേദന, കഴുത്ത് വേദന, പനി, വയറു വേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെയായിരിക്കും തുടക്കം. പിന്നീട് അവ ജീവനെടുക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. മലിനജലത്തില്‍ നീന്തുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിക്കുന്നത്. 1962 നും 2017 നും ഇടയില്‍ 200 ആളുകളാണ് ഈ അമീബ ബാധയെ തുടര്‍ന്ന് ലോകത്താകമാനം മരണപ്പെട്ടിട്ടുള്ളത്.
Discussion about this post