ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതിയാണ് ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നല്ലത്. മഞ്ഞുകാലം എത്തിയതോടെ ശരീരം പോഷണത്തിനൊപ്പം ചൂടും ആഗ്രഹിക്കുന്നു. ഒപ്പം ജലദോഷം മുതല്‍ ആസ്മ വരെയുള്ള രോഗങ്ങളെ നേരിടുകയും വേണം. അതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ശുദ്ധവും പ്രകൃതിദത്തവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍, ഡ്രൈ ഫ്രൂട്ട്സ്, നട്സ്, ഹോള്‍ ഗ്രെയിന്‍സ് (മുഴുധാന്യങ്ങള്‍), ഒപ്പം ചില സുഗന്ധ വ്യഞ്ജനങ്ങളും.
കടും നിറത്തിലുള്ള (പര്‍പ്പിള്‍, റെഡ്, ഓറഞ്ച്) പഴങ്ങളും പച്ചക്കറികളും ധാരാളം ആന്റിഓക്സിഡന്റുകളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്. ഉദാ: തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച് ,സിങ്ക് ഉള്‍പ്പെട്ട ഭക്ഷണം വൈറസ് അണുബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു.
തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ കാണപ്പെടുന്ന കിഴങ്ങു വര്‍ഗങ്ങള്‍. ഉദാ: ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പ്, ബ്രൗണ്‍ റൈസ് എന്നിവയും കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും.
തണുപ്പുകാലമാണെങ്കിലും ദാഹം തോന്നിയില്ലെങ്കിലും 1.5- 2 ലീറ്റര്‍ ശുദ്ധജലം കുടിക്കണം. ജലത്തിനൊപ്പം ചുക്കു കാപ്പി, ഗ്രീന്‍ ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ, കുരുമുളകും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത പാല് എന്നിവയും ഉപയോഗിക്കാം. കൂടാതെ വെജിറ്റബിള്‍ സൂപ്പ്, ചിക്കന്‍ സൂപ്പ് എന്നിവ അത്താഴത്തിനു മുന്‍പു കഴിക്കുന്നത് ഉന്മേഷദായകമാണ്. പപ്പായ, പൈനാപ്പിള്‍ ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവയും അനുയോജ്യമാണ്.
ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം, വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത വഴി ശരീരത്തിന് വൈറ്റമിന്‍ ഡി ഉറപ്പുവരുത്തുന്നു. യോഗ, പ്രാണായാമം, സൂര്യ നമസ്കാരം എന്നിവ പരിശീലിക്കുന്നത് ശ്വസനം സുഗമമാക്കുന്നു. അരമണിക്കൂര്‍ ലഘുവ്യായാമവും 7 മണിക്കൂര്‍ എങ്കിലും ശരിയായ ഉറക്കവും ഉറപ്പുവരുത്തുക.
Discussion about this post