കൊവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പല തെറ്റിധാരണകള്‍ നില നില്‍ക്കുന്നുണ്ട്. തന്മൂലം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ പലയിടങ്ങളിലും ഉണ്ടാവുന്നുണ്ട്. ഈ സാഹചര്യത്തില്‍, കൊവിഡ് രോഗിയുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ക്ക് വിശദീകരണം നല്‍കുകയാണ് ആരോഗ്യ വിദഗ്ധര്‍.
ഡോ.ദീപു എസ്,ഡോ.മനോജ് വെള്ളനാട്,ഡോ.നവ്യ തൈക്കാട്ടില്‍, ഡോ. അരുണ്‍ മംഗലത്ത്, ഡോ. ജിനേഷ് പിഎസ് എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് സംസ്‌കാരവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് മറുപടി നല്‍കുന്നത്.
ഇന്‍ഫോ ക്ലിനിക്കിന്റെ ലേഖനം
കോവിഡ് ബാധിതന്റെ മൃതദേഹം കൈകാര്യം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ പല തെറ്റിധാരണകള്‍ നില നില്‍ക്കുന്നു, തന്മൂലം ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് എതിര്‍പ്പുകള്‍ പലയിടങ്ങളിലും ഉണ്ടാവുന്നുണ്ട്. ആയതിനാല്‍ ഈ വിഷയത്തില്‍ ഏവര്‍ക്കും ശരിയായ അവബോധം ഉണ്ടാവേണ്ടതാണ്, എങ്കില്‍ മാത്രമേ ആത്മവിശ്വാസത്തോടെ ശരിയായ രീതിയില്‍ മൃതദേഹം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ശരിയായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആശങ്ക ഒഴിവാക്കാനും സാധിക്കും.
പ്രതിഷേധങ്ങള്‍ മൂലം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നതും കൂടുതല്‍ സമയം ആ സാഹചര്യം കൈകാര്യം ചെയ്യേണ്ടി വരുന്നതുമാണ് യഥാര്‍ത്ഥത്തില്‍ രോഗവ്യാപന സാധ്യത കൂട്ടുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവേണ്ടതുണ്ട്.
എന്താണ് ശാസ്ത്രീയമായ വസ്തുതകള്‍?
1. മൃതദേഹത്തില്‍ നിന്നും രോഗം പകരുമോ?
മൃതദേഹത്തില്‍ നിന്നും കോവിഡ് രോഗം പകരാന്‍ സാധ്യത കുറവാണ്. സാധ്യതകള്‍ കുറവെങ്കിലും അതും ഒഴിവാക്കാന്‍ വേണ്ടിയാണ് നാം കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
വൈറസ് എന്ന സൂക്ഷ്മാണുവിന് ജീവനുള്ള കോശങ്ങള്‍ക്ക് പുറത്ത് അതിജീവിക്കാന്‍ ഉള്ള കഴിവ് വളരെ കുറവാണ്.
ഒരാളുടെ സ്രവകണികകളിലൂടെ പ്രതലങ്ങളില്‍ പറ്റിപ്പിടിക്കപെടുന്ന കൊറോണ വൈറസിന് ആ പ്രതലങ്ങളില്‍ അനുകൂല സാഹചര്യം ഉള്ളപ്പോള്‍ പോലും അതിജീവിക്കാന്‍ കഴിയുന്നത് ഏതാനും മണിക്കൂറുകള്‍ ആണ്. പഠനങ്ങളില്‍ ചില പ്രതലങ്ങളില്‍ ഏറിയാല്‍ 3 ദിവസം വരെയാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന വൈറസിന് രോഗം പകര്‍ത്താനുള്ള ശേഷിയുണ്ടോ എന്ന് ഉറപ്പില്ല.
അപ്പോള്‍ മരണപ്പെട്ട ഒരാളുടെ മൃതകോശങ്ങളില്‍ വൈറസിന് അധികം കാലം അതിജീവിക്കാന്‍ കഴിയില്ല, സാന്നിധ്യം ഉണ്ടെങ്കില്‍ പോലും അവ രോഗം പകര്‍ത്താന്‍ ശേഷി ഉള്ളവ ആവണം എന്നുമില്ല.
2. മൃതദേഹത്തില്‍ നിന്നും രോഗപ്പകര്‍ച്ച ഉണ്ടാവുന്നതെങ്ങനെ?
പ്രാഥമികമായി കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗമാണ്. ഒരാള്‍ ചുമയ്ക്കുകയും തുമ്മുകയും ഉച്ചത്തില്‍ സംസാരിക്കുകയും മറ്റും ചെയ്യുമ്പോള്‍ പ്രസരിപ്പിക്കുന്ന സ്രവകണികകള്‍ മുഖേനയാണ് രോഗം പ്രധാനമായും പകരുന്നത്.
മൃതദേഹം ചുമയ്ക്കുകയോ തുമ്മുകയോ ഒന്നും ചെയ്യില്ലല്ലോ, അത് കൊണ്ട് അത്ര കണ്ടു സാധ്യതകള്‍ കുറയും.
എന്നാല്‍ മൃതശരീരത്തില്‍ പറ്റിപ്പിടിച്ചിട്ടുള്ളതോ, ഉള്ളില്‍ നിന്നും വരുന്നതോ ആയ സ്രവങ്ങളില്‍ രോഗാണുക്കള്‍ കണ്ടേക്കാം. ഇത് ആരുടെ എങ്കിലും കയ്യില്‍ പറ്റുകയോ, കൈ ശുചിയാക്കാതെ അവര്‍ മൂക്കിലോ വായിലോ കണ്ണിലോ സ്പര്‍ശിക്കുകയോ ചെയ്യുന്നത് വഴി രോഗം പകരാന്‍ സാധ്യതയുണ്ട് എന്ന് കരുതാം.
അതായത് ഇങ്ങനെയൊരു സാഹചര്യത്തില്‍, മരിച്ച ഉടന്‍ മൃതദേഹം കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോസ്റ്റ്മോര്‍ട്ടം പരിശോധന ചെയ്യുന്നവര്‍, ചില കേസുകളില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇത്യാദി ആള്‍ക്കാര്‍ക്കാണ് രോഗബാധയ്ക്കുള്ള സാധ്യത കൂടുതല്‍.
എന്നാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശരിയായി പാലിച്ച്, വ്യക്തിസുരക്ഷാ നടപടികള്‍ എടുത്താല്‍ ഈ റിസ്‌ക് പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്.
3. ആശുപത്രിയില്‍ നിന്ന് കൈമാറുന്ന മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് രോഗവ്യാപന സാധ്യത ഉണ്ടോ?
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് അത്തരം രോഗികളുടെ മൃതദേഹം കൈമാറാന്‍ തയ്യാറാക്കുന്നത്.
കേരളത്തിലെ പ്രോട്ടോക്കോളുകള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന, പല രാജ്യങ്ങളിലും പാലിക്കുന്ന രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങളേക്കാള്‍ ഒരു പടി മുകളിലാണ്.
ശരീര സ്രവങ്ങള്‍ പുറത്തേക്കു ഒഴുകാതിരിക്കാന്‍, മൂക്ക്, വായ തുടങ്ങി എല്ലാ ദ്വാരങ്ങളും, രോഗിയുടെ ശരീരത്തില്‍ മെഡിക്കല്‍ പ്രക്രിയകള്‍ക്കു വേണ്ടി ഉണ്ടാക്കിയ സുഷിരങ്ങളും കോട്ടണ്‍ / പഞ്ഞി കൊണ്ട് പാക്ക്/സീല്‍ ചെയ്യും.
ഇതിന് ശേഷം രണ്ട് പാളി പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ശരീരം പൂര്‍ണ്ണമായും മൂടും, ഇതിന് ശേഷം തുണിയില്‍ പൊതിഞ്ഞ് മൃതദേഹം നല്‍കാം എന്നാണു ലോകാരോഗ്യ സംഘടന പറയുന്നത്.
എന്നാല്‍ കേരളത്തില്‍ അതിനു പകരം കട്ടിയുള്ള പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി പൂര്‍ണ്ണമായും ഭദ്രമായി അടച്ചാണ് നല്‍കുന്നത്. കൂടാതെ ബാഗിന്റെ പുറം ഭാഗം ബ്ലീച്ച് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുന്നുമുണ്ട്.
ആയതിനാല്‍ പിന്നീട് മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ക്ക് രോഗവ്യാപന സാധ്യത ഇല്ല എന്ന് തന്നെ കരുതാം. ഇത്തരുണത്തില്‍ കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക്കും ഗ്ലൗസും മാത്രം ധരിച്ചാല്‍ മതിയാകും എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം. എങ്കിലും കേരളത്തില്‍ ശരീരം മുഴുവന്‍ മൂടുന്ന PPE കിറ്റ് ധരിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ബോഡി കൈകാര്യം ചെയ്യുന്നത്.
4. മരണാന്തര ചടങ്ങുകള്‍ നടത്താമോ?
മൃതദേഹത്തിനോടും മരിച്ച വ്യക്തിയോടും അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളോടും അനാദരവ് കാണിക്കാന്‍ പാടുള്ളതല്ല. വിടപറയാനും വിശ്വാസങ്ങള്‍ക്ക് അനുസൃതമായി സാമൂഹിക സാംസ്‌കാരിക ആചാരങ്ങള്‍ അനുഷ്ഠിക്കാനും അവര്‍ക്ക് അവസരം നല്‍കണം എന്നാണു ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.
എന്നാല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് വേണം ചടങ്ങുകള്‍ നടത്താന്‍. മൃതദേഹത്തെ സ്പര്‍ശിക്കാനോ, ഉമ്മ വെക്കാനോ പാടുള്ളതല്ല, രണ്ടു മീറ്റര്‍ അകലം പാലിക്കണം എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
5. പങ്കെടുക്കുന്നവര്‍ക്ക് മൃതദേഹത്തിലൂടെ രോഗം പടരുമോ?
ഇങ്ങനെ ആശുപത്രികളില്‍ നിന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിച്ച്, കൈമാറ്റം ചെയ്യപ്പെടുന്ന മൃതശരീരത്തില്‍ നിന്നും രോഗം പകരാന്‍ തീരെ സാധ്യത ഇല്ലെങ്കിലും അധിക സുരക്ഷയ്ക്ക് വേണ്ടിയാണ് മൃതദേഹത്തില്‍ നിന്നും അകലം പാലിക്കാനും മറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
എന്നാല്‍ അവിടെ കൂടുന്ന പലരും രോഗബാധ ഉള്ളവരാകാന്‍ സാധ്യതയുണ്ട്. ആള്‍ക്കൂട്ടം ഉണ്ടായാല്‍ ജീവനുള്ളവരില്‍ പരസ്പരം രോഗബാധ പകരാന്‍ സാധ്യത വര്‍ദ്ധിക്കുന്നു. അതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതാണ് നല്ലത്.
6. മൃതദേഹം കുഴിച്ചിടുന്നതാണോ അതോ ദഹിപ്പിക്കുന്നതാണോ ശരിയായ രീതി?
രണ്ടു രീതി ആയാലും രോഗവ്യാപന സാധ്യത ഒട്ടും ഇല്ല, ശാസ്ത്രീയമായ പ്രോട്ടോകോള്‍ പാലിക്കണമെന്ന് മാത്രം.
7. ശ്മശാനങ്ങളുടെ പരിസരപ്രദേശത്ത് രോഗവ്യാപന സാധ്യത ഉണ്ടോ?
ഇല്ല.
അണുവിമുക്തമാക്കപ്പെട്ട വാഹനങ്ങളില്‍, രോഗനിയന്ത്രണ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച്, ആരോഗ്യ പ്രവര്‍ത്തകരാണ് നിലവില്‍ മൃതദേഹം ശ്മാശാനങ്ങളില്‍ എത്തിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ഇത് ചെയ്യണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ഇതിനൊക്കെ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്.
8. ശവദാഹം നടത്തുമ്പോള്‍ പുകയിലൂടെയോ ചാരത്തിലൂടെയോ വൈറസ് പകരുമോ?
ഇല്ല.
വൈറസ് അല്പം എങ്കിലും മൃതദേഹത്തില്‍ ബാക്കി ഉണ്ടെങ്കില്‍ ശവദാഹം നടത്തുമ്പോള്‍ ഉള്ള ഉന്നത താപനിലയില്‍ നശിച്ചു പോവും. 60 ഡിഗ്രി സെന്റിഗ്രേഡിനു മുകളില്‍ ഒക്കെ അധികം അതിജീവിക്കാത്ത കൊറോണ വൈറസ്, 900 ഡിഗ്രിയില്‍ നശിക്കാതെ പുകയിലൂടെയും ചാരത്തിലൂടെയും പകരും എന്ന് കരുതുന്നത് തികഞ്ഞ അബദ്ധ ധാരണയാണ്.
ചിതാഭസ്മം മരണാന്തര ക്രിയകള്‍ക്കു ഉപയോഗിക്കുന്നതില്‍ അപകടസാധ്യത ഇല്ല.
9. മൃതദേഹം കുഴിച്ചിടുന്നത് ഏതെങ്കിലും തരത്തില്‍ രോഗവ്യാപനത്തിനു കാരണമാവുമോ?
ഇല്ല.
സാധാരണ രീതിയില്‍ തന്നെ മൃതദേഹം മറവു ചെയ്യാനാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ എബോള പോലുള്ള മാരക രോഗത്തിന്റെ കാര്യത്തില്‍ പാലിക്കുന്ന കരുതല്‍ നടപടികളാണ് കേരള സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ അനുശാസിക്കുന്നത്.
12 അടി താഴ്ചയുള്ള കുഴി എടുക്കേണ്ട ആവശ്യമുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. സാധാരണ രീതിയില്‍ കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്താലും പകരാനുള്ള സാധ്യത ഇല്ല എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മരണശേഷം 18 മണിക്കൂര്‍ കഴിയുമ്പോള്‍ തന്നെ മൃതശരീരത്തിലെ ജീര്‍ണ്ണിക്കല്‍ പ്രക്രിയ നമുക്ക് കാണാന്‍ സാധിക്കും. കുഴിയുടെ ആഴം എത്ര ആണെങ്കിലും ജീര്‍ണ്ണിക്കല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കും. പ്ലാസ്റ്റിക് ബാഗില്‍ അടക്കം ചെയ്ത മൃതശരീരം മണ്ണില്‍ കുഴിച്ചിടുമ്പോള്‍ ഈ അഴുകല്‍ അന്തരീക്ഷവായുവിന്റെ സാന്നിധ്യത്തില്‍ സംഭവിക്കുന്നതിനേക്കാള്‍ വളരെ പതുക്കെ ആയിരിക്കും എന്ന് മാത്രം. എങ്കിലും ഈ അവസ്ഥയില്‍ ശരീരസ്രവങ്ങള്‍ പുറത്തു വരാന്‍ തീരെ സാദ്ധ്യതയില്ല. ഇനി ഏതെങ്കിലും സാഹചര്യവശാല്‍ പുറത്തു വന്നാല്‍ പോലും രോഗം പകരാന്‍ സാധ്യത ഇല്ല.
8. ഇങ്ങനെ മറവ് ചെയ്യുന്ന മൃതശരീരത്തില്‍ നിന്നും അടുത്തുള്ള കിണറുകളും കുളങ്ങളും വഴി വൈറസ് പകരുമോ ?
ഇല്ല. അങ്ങനെ ഒരു സാധ്യതയില്ല.
9. ബോഡി ബന്ധുക്കളെ കാണിക്കാമോ?
പരേതന്റെ മുഖം ബന്ധുമിത്രാദികളെ കാണിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ബന്ധുമിത്രാദികള്‍ അകലം പാലിക്കണം. ചുംബനവും സ്പര്‍ശനവും പാടില്ല. ഇതില്‍ വീഴ്ച പറ്റാന്‍ സാധ്യതയുണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
10. ആഭരണങ്ങള്‍ വീണ്ടും ഉപയോഗിക്കാമോ?
ഉപയോഗിക്കാം.
ബ്ലീച്ച് ലായനി അല്ലെങ്കില്‍ 70 % ആല്‍ക്കഹോള്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയതിന് ശേഷം ഉപയോഗിക്കാം.
രോഗ്യവ്യാപനത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും അനാവശ്യ ഭീതിയിലേക്കും അതു മൂലമുള്ള അവജ്ഞയിലേക്കുമൊക്കെ നയിക്കുന്നത്. അത് അകറ്റാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ നടപ്പാക്കേണ്ടതുണ്ട്.
അതീവജാഗ്രതയും പരമാവധി കരുതലും പുലര്‍ത്തുന്ന ഈ പ്രോട്ടോകോള്‍ പരോക്ഷമായെങ്കിലും തെറ്റായ സന്ദേശം നല്‍കുന്നുണ്ടോ എന്നൊരു ചോദ്യം ഉയരുന്നുണ്ട്. കേസുകള്‍ കൂടുന്നതോടെ മരണങ്ങളും കൂടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കാലോചിതമായി ലഭ്യമാകുന്ന ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രോട്ടോക്കോള്‍ യഥാസമയം പരിഷ്‌കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.