കൊവിഡിന് വീട്ടില്‍ ചികിത്സ വേണ്ടി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം; വിദഗ്ധര്‍ പറയുന്നു

ലോകം മുഴുവന്‍ ആടി തിമിര്‍ത്ത മഹാമാരിയാണ് കൊവിഡ്. വിദേശ രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ വീട്ടില്‍ തന്നെയാണ് പലര്‍ക്കും ചികിത്സ നല്‍കിയത്. സംസ്ഥാനത്തും കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു വരികയാണ്. ഈ സാഹചര്യത്തില്‍ കൊവിഡിന് വീട്ടില്‍ തന്നെ ചികിത്സ വേണ്ടി വന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിശദീകരിക്കുകയാണ് വിദഗ്ധര്‍. ഡോ.ജീവന്‍ അനീസും, ഡോ. ജിനേഷ് പിഎസും, ഡോ.ദീപു എസും ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്;

‘ഡോക്ടറേ, സ്വാബ് എടുക്കാന്‍ പോണോ? ഇതങ്ങു വന്ന് പൊക്കോളൂല്ലേ?’കൊവിഡ് പ്രൈമറി കോണ്ടാക്റ്റ് ആണ് എന്ന് കരുതി വീട്ടു നിരീക്ഷണത്തില്‍ ആകാന്‍ നിര്‍ദേശിച്ച ആളാണ് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍.പരിശോധിക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു തരാമെന്നും പരിശോധന എത്രത്തോളം പ്രധാനമാണ് എന്നും ഒക്കെ പറഞ്ഞു കഴിഞ്ഞപ്പോള്‍ ആള്‍ പിന്നെയും.

‘വേറൊന്നും വിചാരിക്കല്ലേ.ടെസ്റ്റ് എടുത്തിട്ട് എങ്ങാനും പോസിറ്റീവ് ആയാല് എനിക്കാ ഓഡിറ്റോറിയത്തില് പോയി നിക്കാമ്പറ്റില്ല. വേറൊന്നുമല്ലാട്ടോ.എനിക്കീ പബ്ലിക് ടോയ്ലറ്റില്‍ പോവാനും ഒക്കെ വലിയ പാടാ.ഇവിടെ ഞാന്‍ ഇപ്പൊ സൂക്ഷിക്കണ പോലെ തന്നെ ശ്രദ്ധിച്ച് നിന്നോളാം. ഡോക്ടര്‍ക്കതൊന്ന് ഏര്‍പ്പാടാക്കാമ്പറ്റ്വോ? ‘

ഈ ദിവസങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം ഉള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഒരു തവണയെങ്കിലും സമാനമായ ഒരു ചോദ്യം കേട്ടിട്ടുണ്ടാവും.

എന്താണ് മേല്‍പ്പറഞ്ഞ ആ ഓഡിറ്റോറിയത്തിലെ ചികിത്സാ കേന്ദ്രം?

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (CFLTC ) എന്നാല്‍ കോവിഡ് രോഗബാധിതരായ എന്നാല്‍ ലക്ഷണങ്ങള്‍ ഒട്ടുമേ ഇല്ലാത്തതോ, വളരെ ലഘുവായ ലക്ഷണങ്ങള്‍ മാത്രം ഉള്ളവരോ ആയ മറ്റു രോഗങ്ങളോ അറിയാവുന്ന അപകടസാധ്യതകളോ ഇല്ലാത്ത രോഗികളെ കിടത്തി നിരീക്ഷിക്കുന്ന താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങള്‍.ഇതുവരെ കേരളത്തില്‍ ഉള്ള രോഗികളില്‍ 60 %ത്തോളം പേര്‍ ഈ വിഭാഗത്തില്‍ പെടുന്നവരായിരുന്നു.

ഇത്തരം ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ചില നേട്ടങ്ങളും ഉണ്ട് കോട്ടങ്ങളും ഉണ്ട്?എന്തൊക്കെയാണവ എന്ന് നോക്കാം,

A.അപകടാവസ്ഥകള്‍ എന്തെങ്കിലും ഉടലെടുക്കുന്നുണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കു നിരീക്ഷിക്കാം, അപകടസാധ്യത നേരത്തെ തിരിച്ചറിഞ്ഞു കോവിഡ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്യാം.രോഗലക്ഷണങ്ങള്‍ തീരെ ഇല്ലെങ്കില്‍ പോലും ചില രോഗികള്‍ക്ക് പെട്ടന്ന് രോഗം മൂര്‍ച്ഛിക്കാം.അപൂര്‍വ്വമായി ആണെങ്കിലും ഇത്തരം ചില ഗുരുതരാവസ്ഥകള്‍ ചിലര്‍ക്ക് പെട്ടന്ന് വരാം.

ഉദാ: 1.ഹാപ്പി ഹൈപ്പോക്‌സിയ എന്ന പ്രതിഭാസം-രക്തത്തിലെ ഓക്‌സിജന്‍ താഴുമ്പോള്‍ തുടക്കത്തില്‍ രോഗിക്ക് ശ്വാസം മുട്ടല്‍ അറിയപ്പെടാതെ തുടരാം എന്നാല്‍ രോഗാവസ്ഥ അപകടത്തിലേക്ക് പോവാം.
2. മയോകാര്‍ഡൈറ്റിസ് എന്നറിയപ്പെടുന്ന ഹൃദയഭിത്തിക്കുണ്ടാവുന്ന തകരാര്‍.

B. എന്നാല്‍ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ഐസൊലേഷനില്‍ ഇരിക്കാന്‍ വീട്ടില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ വലിയ സഹായകരമാകും.

C. CFLTC കളില്‍ എപ്പോഴും നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വീട്ടിലും നാട്ടിലും ഉള്ളവര്‍ക്ക് രോഗം പകര്‍ത്താനുള്ള സാധ്യത കുറയ്ക്കാം.

എന്നാല്‍ ന്യൂനതകള്‍,
ആശയം നന്നെങ്കിലും ഇത് പ്രാവര്‍ത്തികമാക്കി, നടത്തിക്കൊണ്ട് പോവുന്നതിന് വേണ്ട ഭീമമായ മാനുഷിക പ്രയത്‌നവും, മറ്റു ബുദ്ധിമുട്ടുകളും.

രോഗികളുടെ എണ്ണം കൂടി വരുമ്പോള്‍ മാനുഷിക വിഭവശേഷിയിലെ അപര്യാപ്തതകള്‍/ചെലവാക്കേണ്ടി വരുന്ന തുകയുടെ അളവ് എന്നിവ കൂടും.

രോഗലക്ഷണങ്ങളില്ലതിരിക്കേ വീട്ടില്‍ നിന്ന് മാറി പൊതുയിടത്തു കിടക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍, അപര്യാപ്തതകള്‍ ഒക്കെ മാനേജ് ചെയ്യേണ്ടി വരുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കും.

നിലവില്‍ തന്നെ പ്രശ്‌നങ്ങള്‍ ചിലയിടങ്ങളിലെങ്കിലും ആരംഭിച്ചിരുന്നു,

ഡോക്ടര്‍മാര്‍ക്ക് കോവിഡ് ബാധിച്ചതിനാലും നാട് നീളെ നടന്നു ടെസ്റ്റ് ചെയ്യേണ്ടതിനാലും ഒ പി വരെ പരിമിതപ്പെടുത്തിയ ഒരു ആശുപത്രിയുടെ മേധാവിയോട് കോവിഡ് ഫസ്റ്റ്‌ലൈന്‍ കേന്ദ്രത്തിലേക്ക് ഡോക്ടര്‍ അടക്കം സ്റ്റാഫിനെ വിട്ടുനല്‍കാന്‍ ഒരു തദ്ദേശസ്വയംഭരണസ്ഥാപനം ആവശ്യപ്പെട്ട വാര്‍ത്ത കേട്ടു.

അല്ലേല്‍ തന്നെ ദുര്‍ബലയും ഗര്‍ഭിണിയുമാണ് ആശുപത്രി.പെരിഫെറിയിലേക്ക് സ്റ്റാഫിനെ നല്‍കാനുള്ളത് പോയിട്ട് സ്വന്തം സ്ഥാപനം ഓടിച്ചുകൊണ്ട് പോകാന്‍ പോലും സ്റ്റാഫും ഇല്ല എന്നത് പറയേണ്ടല്ലോ.

എന്താണ് പ്രായോഗിക തലത്തില്‍ ചെയ്യാവുന്നത് എന്നത് സംബന്ധിച്ച് ചില ചിന്തകള്‍ മുന്നോട്ടു വെക്കുന്നു.

1. വീട്ടില്‍ ചികിത്സ ??

നെറ്റി ചുളിക്കണ്ട,രോഗികളുടെ എണ്ണം കൂടുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഒക്കെ അത് തന്നെയാണ് നടപ്പാക്കിയത്. വീട്ടിലെ ചികിത്സ സംബന്ധിച്ച് മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി കേരളത്തിന്റെ പ്രോട്ടോക്കോള്‍ രൂപപ്പെടുത്തി നടപ്പാക്കുന്നത് സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കുന്നത് ഉചിതമാവും എന്ന് കരുതുന്നു.

രോഗികള്‍ വീട്ടില്‍ തുടരുന്നത് റിസ്‌ക് അല്ലേ?

തീരെ റിസ്‌കില്ല എന്ന് പറയാനാവില്ല.എങ്കിലും ആ സാഹചര്യത്തെ യുക്തിപൂര്‍വ്വം പ്രായോഗിക ബുദ്ധിയോടെ നേരിട്ടാല്‍ റിസ്‌ക് പരമാവധി ഒഴിവാക്കി ഒരുപാട് ധന/സാങ്കേതിക/മനുഷ്യ വിഭവശേഷിയുടെ ദുര്‍വ്യയം കുറയ്ക്കാന്‍ കഴിയും.

ആരോഗ്യ സംവിധാനം തളരുന്നത് പരിമിതമാക്കി, ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയും ഊര്‍ജ്ജവും കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥ ഉള്ളവരെ ചികില്‌സിക്കുന്നതിലേക്ക് കേന്ദ്രീകരിക്കാന്‍ കഴിയും.

ആരെയൊക്കെ വീട്ടില്‍ ഇരുത്തി ചികില്‍സിക്കാമെന്നു നോക്കാം.

A) അടിസ്ഥാന ആരോഗ്യം/സൗകര്യം:

1) കാറ്റഗറി A വിഭാഗത്തില്‍, രോഗലക്ഷണങ്ങള്‍ പരിമിതമായ, അനുബന്ധരോഗങ്ങള്‍ ഒന്നും ഇല്ലാത്തവര്‍.

2) വീട്ടില്‍ രോഗിക്ക് കഴിയാന്‍ ആവശ്യമായ ബാത്ത് അറ്റാച്ഡ് റൂം + കുടുംബത്തിന്റെ പരിരക്ഷ ഉള്ളവര്‍.

3) വീടിന് സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശത്തിലും നിരീക്ഷണത്തിലും ആയിരിക്കണം. ഏതു സമയത്തും ഏതു സാഹചര്യത്തിലും അവരെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉണ്ടായിരിക്കണം. എന്തെങ്കിലും അടിയന്തര ആവശ്യങ്ങള്‍ ഉണ്ടായാല്‍ അവരെ ബന്ധപ്പെടണം. അവരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ എത്തേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അതിനും തയ്യാറായിരിക്കണം.

4) വീട്ടില്‍ നിന്ന് ആശുപത്രിയില്‍ എത്താനുള്ള ഗതാഗതസൗകര്യം ഉണ്ടായിരിക്കണം. ഏതെങ്കിലും സാഹചര്യവശാല്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ട സാഹചര്യം വന്നാല്‍ ആംബുലന്‍സ് ലഭ്യത ഉണ്ടാവണം.അവശ്യ സമയത്ത് ആരോഗ്യപ്രവര്‍ത്തകരും ആയി ബന്ധപ്പെടുകയും താമസം ഉണ്ടാകാതെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം.ഇതിനാവശ്യമായ ആംബുലന്‍സ് നെറ്റ്വര്‍ക്ക് സജ്ജീകരിക്കുന്നത് ഭാവിയിലും ഗുണകരമായിരിക്കും.

അതുപോലെ ഏതെങ്കിലും സാഹചര്യവശാല്‍ ആംബുലന്‍സ് ലഭ്യമല്ലെങ്കില്‍ ഫോണ്‍ വിളിച്ചാല്‍ കിട്ടുന്ന വാഹനം ലഭ്യമായിരിക്കണം.കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട്, ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങളുടെ ഒരു നെറ്റ്വര്‍ക്ക് രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത് നന്നാവുമെന്ന് തോന്നുന്നു.

5) കൂടെ താമസിച്ചിരുന്ന ഹൈറിസ്‌ക് ഉള്ള കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കുവാന്‍ സാധിക്കണം.(<10 വയസ്സുള്ള കുട്ടികള്‍,ഗര്‍ഭിണികള്‍,>65 ഉള്ള മുതിര്‍ന്ന പൗരന്‍മാര്‍,ഭിന്നശേഷിയുള്ളവര്‍,ക്യാന്‍സര്‍,വൃക്കരോഗം, രോഗപ്രതിരോധശേഷി കുറയുന്ന ഗൗരവമുള്ള രോഗങ്ങള്‍ ബാധിച്ചവര്‍) അല്ലെങ്കില്‍ വീട്ടില്‍ തന്നെ ഈ ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് റിവേഴ്സ് ക്വാറന്റൈന്‍ സ്വീകരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കണം.അവരെ പരിചരിക്കാനുള്ള ആളും സൗകര്യങ്ങളും ഉണ്ടാവണം.യാതൊരു കാരണവശാലും കോവിഡ് പോസിറ്റീവ് ആയ ആളില്‍ നിന്നും വൈറസ് ഇവരിലേക്ക് എത്തിപ്പെടാന്‍ പാടില്ല.

B) വീട്ടില്‍ ഇരുത്തുന്നതിന് വേണ്ട അനുബന്ധം:

1) രോഗിയുടെയും കുടുംബാംഗങ്ങളുടെയും അവബോധം വര്‍ധിപ്പിക്കാന്‍ ടെസ്റ്റിംഗ് സമയത്ത് തന്നെ മൊബൈലിലോ അതില്ലാത്തവര്‍ക്ക് നോട്ടീസുകള്‍ ആയോ രോഗികളും സമൂഹവും ശ്രദ്ധിക്കേണ്ട പ്രായോഗിക കാര്യങ്ങള്‍ നല്‍കണം.

2) മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടോ എന്നറിയാനുള്ള ചോദ്യങ്ങളും,ഉണ്ട് എങ്കില്‍ പ്രാഥമികമായി ടെലികൗണ്‍സിലിംഗും നല്‍കണം.

3) മേല്പറഞ്ഞ ഘട്ടങ്ങളിലൂടെ സ്‌ക്രീന്‍ ചെയ്യപ്പെട്ട പോസിറ്റീവ് ആയ ഒരാളെ അയാളുടെ അടിസ്ഥാന ഉത്തരവാദിത്തവും മാനസിക അവസ്ഥയും അറിയാനുള്ള സ്‌ക്രീനിങ് ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ മാത്രം വീടുകളില്‍ കഴിയാന്‍ അനുവാദം നല്‍കിയാല്‍ മതി.

C) അടിയന്തിര ആരോഗ്യ പരിരക്ഷ വീട്ടില്‍ ഇരിക്കുന്നവരില്‍

1) ഹാപ്പി ഹൈപോക്‌സിയയും, Myocardial infarction/myocarditis ആണ് നിലവില്‍ അഭിമുഖീകരിക്കാവുന്ന അടിയന്തിര ശാരീരിക ആരോഗ്യപ്രശ്‌നങ്ങള്‍.

2) ആശാ പ്രവര്‍ത്തകര്‍,ഫീല്‍ഡ് സ്റ്റാഫ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരന്തരം ഇവരെ ഫോണിലൂടെ ബന്ധപ്പെട്ട് സൗഖ്യം അന്വേഷിക്കാം, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാം.

3) ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുമായി സംവദിക്കാം.24 മണിക്കൂറും ടെലി മെഡിസിന്‍ സുഗമമായി ആയി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന സൗകര്യം ഉണ്ടാവണം.

4) ടെക്‌നോളജിയുടെ കാലമല്ലേ,വീടുകളില്‍ വെക്കുന്ന വയര്‍ലെസ് എമര്‍ജന്‍സി അലാം സ്വിച്ച് ഉപകാരം ചെയ്യും.വാങ്ങാന്‍ കഴിയുന്നവര്‍ ഓക്‌സിജന്‍ തോത് അറിയാനുള്ള പള്‍സ് ഓക്‌സിമീറ്റര്‍, ഹാര്‍ട്ട് റേറ്റ്,ബ്ലഡ് പ്രഷര്‍ എന്നിവ അളക്കാവുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ ഉദാരമതികള്‍ക്കോ ഇത് വാങ്ങി നല്‍കാം.

3) അല്ലാത്തവര്‍ക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് പള്‍സ് ഓക്‌സിമീറ്ററും തെര്‍മോമീറ്ററും അലാം സ്വിച്ചും വാങ്ങി, വാടകക്ക്/ബോണ്ട് അടിസ്ഥാനത്തില്‍ നല്‍കാം.

ഇവയുടെ ഉപയോഗവും അളവുകോലുകളും പ്രതിദിനം/എസ് ഒ എസ് ആയി രോഗി ആരോഗ്യപ്രവര്‍ത്തകനെ അറിയിക്കണം.

രണ്ടാഴ്ച ഒരാള്‍ക്ക് നല്‍കുന്ന ഭക്ഷണം,തുടങ്ങിയ recurring expense നെ അപേക്ഷിച്ചു ഇത് ഒരു investment ആണ്. സാമ്പത്തികമായി നോക്കിയാല്‍ ലാഭവുമാണ്.

4 ) വീട്ടില്‍ ചികിത്സയ്ക്കായി വിടുന്നവരില്‍ ചിലരെങ്കിലും പൗരന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു രോഗവ്യാപന സാധ്യത കൂട്ടാനിടയുണ്ട് എന്ന ആശങ്ക അസ്ഥാനത്തല്ല എന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു.എന്നാല്‍ ഇത് പരമാവധി ഒഴിവാക്കാന്‍ ചില നടപടിക്രമങ്ങള്‍ ആവാം.

ഉദാ: a.കാര്യത്തിന്റെ ഗൗരവത്തെ പറ്റി കൃത്യമായ നിര്‍ദ്ദേശങ്ങളും അവബോധനവും തുടക്കം മുതല്‍ ഒടുക്കം വരെ നല്‍കുക.

b.രോഗത്തെയും റിസ്‌കുകളെയും സംബന്ധിച്ച കൃത്യമായി അധികാരികളില്‍ നിന്ന് അറിഞ്ഞു എന്നും ഇതിന് പ്രകാരം നിബന്ധനകള്‍ കൃത്യമായും പാലിച്ചു കൊള്ളാം എന്നും,അഥവാ ഇത് ലംഘിച്ചാല്‍ എപ്പിഡെമിക് ആക്ട് പ്രകാരമുള്ള നടപടികള്‍ നേരിടും എന്നും മനസ്സിലാക്കുന്നു എന്ന് പ്രതിപാദിക്കുന്ന ഇന്‍ഫോംഡ് കണ്‍സെന്റ് / undertaking ഒപ്പിട്ടു നല്‍കുന്നവരെ മാത്രം വീട്ടു ചികിത്സയില്‍ ഉള്‍പ്പെടുത്തുക.

c. GPS ട്രാക്കിങ് ഡിവൈസുകള്‍, ആപ്പുകള്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് രോഗിയെ മോണിറ്റര്‍ ചെയ്യുക.

d. സമ്പര്‍ക്ക വിലക്കുള്ളവരെ മോണിറ്റര്‍ ചെയ്യാന്‍ ഉപയോഗിച്ചിരുന്നത് പോലെ അയല്‍വാസികള്‍,ജനമൈത്രി പോലീസ് സംവിധാനം എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള നിരീക്ഷണം ഏര്‍പ്പെടുത്തുക.

e. വിലക്ക് ലംഘിക്കുന്ന ആളുകള്‍ക്കെതിരെ ഫൈന്‍ ഉള്‍പ്പെടെയുള്ള കര്‍ശനമായ ശിക്ഷാ നടപടികള്‍ മുഖം നോക്കാതെ താമസം വിനാ നടപ്പാക്കുക.

ഇതൊന്നും സാധിക്കാത്തവരെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അമിതസമ്മര്‍ദ്ദം ഉണ്ടാക്കാത്ത തരത്തില്‍ ക്രമീകരിച്ചിരിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ സെന്ററുകളില്‍ ചികിത്സിക്കുന്നതാവും ഉചിതം.

അങ്ങനെ വരുമ്പോള്‍ ഫസ്റ്റ്‌ലൈന്‍ സെന്ററുകളുടെ ആവശ്യകതയും,അതിലെ രോഗികളും ബാഹുല്യവും കുറയും.

ഇവരില്‍ തന്നെ രോഗത്തിന്റെ തീവ്രത കുറയുന്നത് അനുസരിച്ചു വീടുകളിലോ സ്വകാര്യ ആശുപത്രികളിലോ തുടര്‍ചികിത്സ സാധ്യമെങ്കില്‍ അത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സാധ്യമാക്കണം.

ആശുപത്രിവാസം പരമാവധി കുറയ്ക്കും വിധം മാറിയ കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ പ്രോട്ടോകോളുകള്‍ കാലതാമസം വിനാ പരിഷ്‌കരിക്കണം.

സദുദ്ദേശ പരമായ മാറ്റങ്ങളെ പൊതുസമൂഹവും, രാഷ്ട്രീയ നേതാക്കളും,മാദ്ധ്യമങ്ങളും തുറന്ന മനസ്സോടെ സ്വീകരിക്കണം. ഇത്തരം വിഷയങ്ങളില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കണം.പ്രായോഗികമായ ഏറ്റവും മികച്ച സേവനം നല്കുക എന്നത് മാത്രമാവണം ലക്ഷ്യം.

വൈറസ്സിന്റെ നീക്കങ്ങള്‍ക്കു ഒരു പടി മുന്നേ കരുക്കള്‍ നീക്കിയാല്‍ മാത്രമേ നാം വിജയിക്കൂ,ഇതില്‍ സമൂഹത്തിന്റെ എല്ലാ വിഭാഗത്തിന്റെയും സഹകരണം വളരെ പ്രധാനമാണ്.

കോവിഡ്‌നെ സംബന്ധിച്ചു ദീര്‍ഘകാലപ്ലാന്‍ ആവശ്യമാണ്.പരിശീലനം മുതല്‍ കെട്ടുറപ്പും കോഓര്‍ഡിനേഷനും വരെ ചുരുങ്ങിയ സമയം കൊണ്ട് ചെയ്യുന്നത് വെല്ലുവിളിയുമാണ്.

ഭാവിയിലെ പ്രശ്‌നങ്ങള്‍ കണ്ട് ആസൂത്രണം ചെയ്യുക,ഇന്നത്തെ ശരികളും തെറ്റുകളും മാറിനിന്ന് മനസ്സിലാക്കുക, വിഭവങ്ങള്‍ വിവേകപൂര്‍വ്വം ഒരുക്കുകയും വിനിയോഗിക്കുകയും ചെയ്യുക,നല്ല ആശയങ്ങള്‍ ആരില്‍ നിന്നും സ്വീകരിക്കുക, എങ്കില്‍ ഒരു പ്രതിസന്ധിക്കും നമ്മെ തോല്‍പ്പിക്കാന്‍ ആകില്ല..

ഈ വിഷയത്തില്‍ കോവിഡ് ബ്രിഗേഡ് എന്നൊരു ആശയം ഉയര്‍ന്നുവന്നിട്ടുണ്ട്.പ്രളയത്തിന്റെ സമയത്തും ഇങ്ങനെ ഒരു സംഗതി ഉണ്ടായിരുന്നു.താല്പര്യമുള്ള സേവന സന്നദ്ധരായ ഓരോ വ്യക്തിയെയും അവരവര്‍ക്ക് സാധിക്കുന്ന രീതിയില്‍ സഹകരിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതാണ് ഏറ്റവും അഭികാമ്യം.

എഴുതിയത്: Dr. Javed Anees, Dr. Deepu S & Dr. Jinesh P S
Info Clinic

Exit mobile version