മനുഷ്യരില്‍ സാധാരണയായി കണ്ടുവരുന്നതാണ് തലകറക്കം. ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് തലകറക്കം. എന്നാല്‍ തലകറക്കം രോഗമാണോ രോഗ ലക്ഷണമാണോ എന്ന് വിശദമാക്കുകയാണ് ജിഎന്ടി സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ നീതു ചന്ദ്രന്. ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനത്തിലാണ് ഡോക്ടര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
തലകറക്കം
‘തലകറക്കം എന്നത് അവനവനിലേക്ക് തന്നെ നമ്മെ ആകര്‍ഷിക്കുന്ന ശൂന്യതയുടെ ശബ്ദമാണ്’ : മിലന് കുന്ദേര. ശാരീരികവും മാനസികവുമായി വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന രോഗലക്ഷണം ആണ് തലകറക്കം എന്നതാവാം അങ്ങനെ അദ്ദേഹം പറയാന്‍ കാരണം. രോഗിക്ക് സ്വയം രോഗലക്ഷണങ്ങള്‍ വിവരിക്കാനും നിര്‍വചിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നതിനാല്‍ തന്നെ രോഗനിര്‍ണയം പ്രയാസകരം ആകാം .
?തല കറക്കം ഒരു രോഗമാണോ?
തലകറക്കം ഒരു രോഗലക്ഷണം മാത്രമാണ്, പല രോഗങ്ങളും തലകറക്കത്തിന് കാരണമാവും. അത് കൊണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തിയാല്‍ മാത്രമേ ചികിത്സ സാധ്യമാകൂ. തലകറക്കം ഉണ്ടാകുന്ന സമയം, തല കറക്കത്തിന് കാരണമാവുന്ന ഘടകങ്ങള്‍ എന്നിവയാണ് മിക്കപ്പോഴും രോഗനിര്‍ണയത്തിന് സഹായിക്കുന്നത്. പൊതുവേ മലയാളത്തില്‍ ‘തലകറക്കം’ / ‘തലചുറ്റല്‍’ പോലെയുള്ള ഒറ്റ വാക്കുകള്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. എന്നാല്‍ രണ്ടുതരത്തില്‍ തലകറക്ക സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ട് .
1. ചുറ്റുപാടുകള്‍ മൊത്തം കറങ്ങുന്നത് പോലുള്ള തോന്നലിനെ വെര്‍ട്ടിഗോ (Vertigo) എന്ന് പറയുന്നു
2. ശരീരത്തിന്റെ ബാലന്‍സ് സൂക്ഷിക്കാന്‍ കഴിയുന്നില്ല എന്ന തോന്നല്‍, വീണുപോകും എന്ന തോന്നല്‍ ഇതിനൊക്കെ ഡിസിനസ് (dizziness) എന്ന് പൊതുവില്‍ പറയുന്നു.
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നത് തലച്ചോറിലെയും ശരീരത്തിലെയും പല ഭാഗങ്ങള്‍ ക്രോഡീകരിച്ച് സങ്കീര്‍ണമായി പ്രവര്‍ത്തിക്കുന്നതിലൂടെയാണ്. വെസ്റ്റിബുലാര്‍ വ്യൂഹത്തിന്റെ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന തകരാറുകളോ, ആന്തരകര്ണത്തിലോ അതിന്റെ തലച്ചോറുമായുള്ള കണക്ഷനിലോ ഉണ്ടാകുന്ന പ്രശ്നങ്ങളോ, ശരീരത്തിന്റെ ബാലന്‍സ് നില നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സെറിബെല്ലത്തിന് തകരാറുണ്ടാകുന്നതോ ആണ് സന്തുലനാവസ്ഥ തകരാറുകളും തലകറക്കവും സാധാരണഗതിയില്‍ ഉണ്ടാക്കുന്നത്.
പല കാരണങ്ങളാല്‍ ഇത്തരം പ്രയാസങ്ങള്‍ ഉണ്ടാവാമെന്നു പറഞ്ഞുവല്ലോ, രോഗികള്‍ക്ക് പൊതുവില്‍ അസ്വസ്ഥകള്‍ സമാനമാണെന്ന് തോന്നാം. എങ്കിലും ലക്ഷണങ്ങളുടെ ചില പ്രത്യേകതകള്‍ ഈ അവസ്ഥയ്ക്ക് കാരണമാവുന്ന രോഗപ്രക്രിയകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം മസ്തിഷ്കാഘാതത്തിന്റെ ലക്ഷണം വരെ ആകാമെന്നതിനാല്‍ അത്തരം കാരണങ്ങള്‍ ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിക്കുന്നില്ല, പകരം ഇടയ്ക്കിടെ ഉണ്ടാകുന്ന, അല്ലെങ്കില്‍ തുടര്‍ച്ചയായുണ്ടാകുന്ന തലകറക്കത്തിന്റെ കാരണമാകുന്ന ഒരു രോഗമാണ് ഇവിടെ വിശദീകരിക്കുന്നത്
എന്താണ് ബി. പി. പി. വി. (benign paroxysmal positional vertigo)
ബിപിപിവി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന രോഗത്തെക്കുറിച്ച് എടുത്തു പറയാം, കാരണം ഏറ്റവും സാധാരണമായി കണ്ടു വരുന്ന തലകറക്കം ഉണ്ടാക്കുന്ന രോഗാവസ്ഥയാണത്.
തലച്ചോറിനെ ബാധിക്കുന്നതുമൂലമുള്ള മറ്റു തലകറക്കം ഉണ്ടാക്കുന്ന രോഗാവസ്ഥകള്‍ സാധാരണഗതിയില്‍ വളരെ കുറവാണ്.
എണ്‍പത് ശതമാനവും തലച്ചോറിനു പുറത്തുള്ള സന്തുലനാവസ്ഥ നില നിര്‍ത്തുന്നതിനു സഹായിക്കുന്ന ബാഹ്യ അവയവങ്ങളെ ബാധിക്കുന്നതാണ്. ആ ഗണത്തില്‍ പെടുന്ന രോഗമാണ് ബി. പി. പി. വി.
ആന്തര കര്‍ണത്തിലെ അര്‍ദ്ധ വൃത്താകൃതിയുള്ള 3 കനാലുകള്‍, സെക്യൂള്, യൂട്രിക്കിള്‍ എന്നീ ഭാഗങ്ങള്‍, വെസ്റ്റിബുലര്‍ നാഡീഞരമ്പ് എന്നിവയിലുണ്ടാവുന്ന പ്രശ്നങ്ങള്‍ ആണ് സാധാരണഗതിയില്‍ തലകറക്കരോഗങ്ങള് ഉണ്ടാക്കുന്നത്.
അതില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന രോഗമാണ് ബി. പി. പി. വി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.
ആന്തര കര്‍ണത്തിന്റെ തകരാറു മൂലം തലയുടെ സ്ഥാനചലനത്തിനനുസരിച്ച് ഇടവിട്ടുണ്ടാവുന്ന തലകറക്കം ആണ് ബി. പി. പി. വി..
മറ്റ് ചികിത്സകളൊന്നും കൂടാതെ തന്നെ ഒരു മാസം കൊണ്ട് 20% പേരിലും മൂന്നുമാസംകൊണ്ട് 50% പേരിലും തനിയേ മാറുന്ന രോഗമാണിത്.
എന്നാല്‍ കൃത്യമായ രോഗനിര്‍ണയവും ചികിത്സയും നടത്തിയില്ലെങ്കില്‍ ബി. പി. പി. വി. രോഗിയുടെ ദൈനം ദിന ജീവിതത്തെ സാരമായി ബാധിക്കാം.
ദിനേനയുള്ള ജോലികള്‍ ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും അപ്രതീക്ഷിതമായ വീഴ്ചകളും അത് മൂലമുള്ള അപകടങ്ങളുമൊക്കെ ഉണ്ടാവുകയും ചെയ്യാം.
ആര്‍ക്കൊക്കെയാണ് ബി. പി. പി. വി. ഉണ്ടാവുന്നത്
?? ലോകത്തിലെ ആകെ ജനസംഖ്യയില്‍ 2.4% പേരും ഒരിക്കലെങ്കിലും ബി. പി. പി. വി. ഉണ്ടായിട്ടുള്ളവരാണ്.
?? സ്ത്രീകളില്‍ ഈ രോഗം കൂടുതലായി കണ്ടു വരുന്നു.
?? പ്രായമേറിയവരെ തലകറക്കം കാരണമുള്ള വീഴ്ച, വിഷാദരോഗം എന്നിവ സാരമായി ബാധിക്കുന്നു.
എന്ത് തകരാറാണ് ബി. പി. പി. വി. ഉണ്ടാക്കുന്നത്
??? ഇനി അല്പം ശരീര ശാസ്ത്രം പറയാം…(കഴിയുന്നതും ലളിതമായി)
?? ആന്തര കര്‍ണത്തിലെ അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള മൂന്നു നാളികളാണ് ശരീരത്തിലെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
?? നാളികള്ക്കുള്ളിലെ ദ്രാവകവും അതിലെ കാല്‍സ്യത്തിന്റെ ചെറുതരികളുടെ സ്ഥാനവും ചലനവും ( ഓട്ടോ കോണിയ) സന്തുലിതാവസ്ഥയെ കുറിച്ചുള്ള അറിവുകള്‍ തലച്ചോറിലേക്ക് പകര്‍ന്നു കൊടുക്കുന്നു
??ഇത്തരം ഉദ്ദീപനങ്ങള്‍ക്ക് അനുസൃതമായി തലച്ചോറിലെ ചില കേന്ദ്രങ്ങള്‍ സംയോജിച്ചു പ്രവര്‍ത്തിച്ചാണ് ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നത്.
?? എന്നാല്‍ രോഗാവസ്ഥയില്‍ ഓട്ടോകോണിയകള്ക്ക് സ്ഥാനഭ്രംശം സംഭവിച്ച് അവ ‘അര്‍ദ്ധവൃത്ത കനാലുകളില്‍’ യഥേഷ്ടം സഞ്ചരിക്കുമ്പോഴാണ് തലകറക്കം വരുന്നത്.
ബി. പി. പി. വി. യുടെ കാരണങ്ങള്‍ എന്തൊക്കെ
??ബി. പി. പി. വി. യുടെ കാരണങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നു വരികയാണ്. ഓട്ടോലിത്തുകള്‍ക്ക് സ്ഥാനഭ്രംശം ഉണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം.
????പ്രായമായവരില്‍
????അസ്ഥികള്‍ക്ക് തേയ്മാനം ഉള്ളവരില്‍
????തലയ്ക്ക് പരിക്കേറ്റവരില്‍
????സര്‍ജറി വേണ്ടിവന്നിട്ടുള്ളവരില്
???? ദീര്‍ഘനാളായി ബെഡ് റെസ്റ്റ് ആവശ്യമായിട്ട് വന്നിട്ടുള്ളവരില്‍
ലക്ഷണങ്ങള്‍ എന്തൊക്കെ
?? തല അനക്കുമ്പോഴോ, കിടക്കുന്നിടത്തു നിന്നു എണീക്കുമ്പോഴോ, കുനിഞ്ഞു നിവരുമ്പോഴോ ഒക്കെ പെട്ടെന്ന് ഉണ്ടാകുന്ന തലകറക്കം ആണ് പ്രധാന ലക്ഷണം.
?? ഒരു മിനിറ്റില്‍ താഴെ മാത്രമേ തലകറക്കം നിലനില്ക്കുകയുള്ളൂ.
?? എന്നാല്‍ തലകറക്കം ഉണ്ടാകുമോ എന്ന ഭയം നിമിത്തം കഴിവതും ചലിക്കാതെ ഇരിക്കുകയും ദിനേന ചെയ്യുന്ന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്നു. വിഷാദ രോഗം ഉണ്ടാവാന്‍ ഉള്ള സാധ്യത രോഗാവസ്ഥ യെ സങ്കീര്‍ണമാക്കുന്നു.
?? തലയ്ക്ക് കനം പോലെ തോന്നുക.
?? നടക്കുമ്പോള്‍ വേച്ചുപോവുക,
?? ശര്‍ദ്ദി മനംപുരട്ടല്‍ മുതലായവ
പരിശോധനകള്‍ & ചികിത്സകള്‍
തലകറക്കത്തിനു പൊതുവില്‍ പല കാരണങ്ങളും ഉണ്ടാകാം. കാരണങ്ങളായേക്കാവുന്ന മറ്റു രോഗാവസ്ഥകള്‍ ഇല്ലെന്ന് സ്ഥിരീകരിക്കേണ്ടി വന്നേക്കും. കൃത്യമായ പരിശോധനയിലൂടെ കാരണം കണ്ടെത്തുക ആണ് ആദ്യ പടി.ശരിയായി രോഗനിര്‍ണയം നടത്തിക്കഴിഞ്ഞതിനു ശേഷം ശാസ്ത്രീയമായ ചികിത്സയാണു ഈ രോഗത്തിന് വേണ്ടത്.
?? എന്നാല്‍ ലക്ഷണങ്ങള്‍ ശമിപ്പിക്കുന്നതിനായി പൊതുവില്‍ തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ അനാവശ്യമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യം നിലവിലുണ്ട് എന്നത് ഖേദകരമാണ്.
??പരിശോധനക്ക് ഒപ്പംതന്നെ ചികിത്സയും ചെയ്യാവുന്നതാണ്. ബി. പി. പി. വി.യുടെ പരിശോധനയും ചികിത്സയും വെവ്വേറെ കാണാന്‍ സാധിക്കില്ല.
??അല്പം പ്രയാസമേറിയത് ആണെന്ന് ചികിത്സകനും രോഗിക്കും തോന്നിയേക്കാമെങ്കിലും മാതൃകാപരമായ ചികിത്സാ പ്രക്രിയ നിര്‍ദ്ദേശിക്കുകയാണ് രോഗം ഭേദമാവാന്‍ ഉത്തമം.
?? ചില ‘വ്യായാമ’ പ്രക്രിയകള്‍ ആണ് ഈ രോഗത്തിന് ശരിയായ ചികിത്സ,
?? 1. Dix hallpike പ്രക്രിയ
? രോഗിയുടെ തല 45 ഡിഗ്രി വശത്തേയ്ക്ക് ചരിച്ച ശേഷം ഇരിക്കുന്ന നിലയില്‍ പെട്ടെന്ന് തന്നെ 20 ഡിഗ്രി താഴേക്ക് തല തൂങ്ങി കിടക്കുന്ന അവസ്ഥയിലേക്ക് കൊണ്ടുവരുന്നു.
(ഇത് എങ്ങനെ എന്ന് വിശദമാക്കുന്ന വീഡിയോ കമന്റില്‍)
? ഇങ്ങനെ ചെയ്യുമ്പോള്‍ വളരെ പെട്ടെന്ന് ഉണ്ടാകുന്ന ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് പോസ്റ്റീരിയര്‍ കനാല്‍ ബി. പി. പി. വി.’ സ്ഥിരീകരിക്കുക.
? ഈ രോഗികള്‍ക്ക് CRP (കനാലിത്ത് റീപൊസിഷന്‍ പ്രൊസീഡിയര്‍) എന്ന് അറിയപ്പെടുന്ന പ്രക്രിയ വഴി സ്ഥാനഭ്രംശം വന്ന ഓട്ടോലിത്തുകളെ യഥാസ്ഥാനത്ത് നിക്ഷേപിക്കാവുന്നത് ആണ്. അതാണ് പോസ്റ്റീയര് കനാല്‍ ബി. പി. പി. വി. യുടെ ചികിത്സ.
? Eplyes പ്രക്രിയ, Semonts പ്രക്രിയ മുതലായവ എന്നിവയാണ് ഇത്തരം ചികിത്സാ പ്രക്രിയകള്‍ക്കു രണ്ടു ഉദാഹരണങ്ങള്‍
( വീഡിയോ കമന്റില്‍ )
?? Dix hallpike പരിശോധന നെഗറ്റീവ് ആണെങ്കില്‍
? Supine roll എന്ന ടെസ്റ്റ് ചെയ്തു lateral canal ബി. പി. പി. വി. ഉണ്ടോഎന്ന് ഉറപ്പിക്കണം.
ഉണ്ടെങ്കില്‍ അതിനോടൊപ്പം തന്നെ barbeque roll എന്ന ചികിത്സാ പ്രക്രിയയ്ക്ക് വിധേയമാക്കി രോഗിയെ ചികില്‍സിക്കേണ്ടതാണ്.
(ടെസ്റ്റിന്റെ വീഡിയോ കമന്റില്‍)
?ലേഖനം വായിച്ചു കേട്ട് ലക്ഷണങ്ങള്‍ ഒക്കെ ഇത് തന്നെ എന്നു കരുതി ആരും ഇങ്ങനെ ഒരു കാര്യം സ്വയം ചെയ്യാന്‍ മുതിരരുത്.കാരണമുണ്ട്.
??തലച്ചോറിലെക്ക് രക്തപ്രവാഹം കുറവുള്ള ആള്ക്കാര്,
??കഴുത്തിലെ സുഷുമ്നാ തകരാറുള്ളവര്‍,
??നട്ടെല്ലിന് തകരാര്‍ ഉള്ളവര്‍,
??ഡൗണ്‍ സിന്‍ഡ്രോമുള്ളവര്‍,
??സ്പോണ്ടിലൈറ്റിസ് ഉള്ളവര്‍,
??അമിതവണ്ണം ഉള്ളവര്‍ എന്നിവരുടെ ഒക്കെപരിശോധനകള് പ്രത്യേക ശ്രദ്ധയോടെയാണ് ചെയ്യുന്നത്.
?? ബി. പി. പി. വി. ആണെന്ന് ക്ലിനിക്കല്‍ പരിശോധനയിലും dix hallpike പരിശോധനയിലും തെളിഞ്ഞാല്‍, പിന്നീട് ലാബ് പരിശോധനകളോ സ്കാന്‍ മുതലായ പരിശോധനകളോ സാധാരണഗതിയില്‍ ആവശ്യമായി വരാറില്ല.
?? എന്നാല്‍ ബി. പി. പി. വി. ആണ് എന്ന് കൃത്യമായി ഉറപ്പില്ലാത്ത സാഹചര്യങ്ങളില്‍ വെസ്റ്റിബുലാര്‍ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള മറ്റ് പരിശോധനകള്‍ ചെയ്യാവുന്നതാണ്.
?? ബി. പി. പി. വി. സാധാരണഗതിയില്‍ മരുന്നുപയോഗിച്ച് ചികിത്സിക്കേണ്ട ആവശ്യം വരുന്നില്ല എന്നത് അടിവരയിട്ടു പറയട്ടെ.
?? ശര്‍ദ്ദിയോ അനുബന്ധ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മാത്രം മരുന്ന് അതും ഏറ്റവും കുറഞ്ഞ സമയത്തേക്കു നല്കിയാല് മതിയാവും.
?? CRP (canalith Reposition Procedure) എന്ന ‘വ്യായാമ’ പ്രക്രിയയാണ് ചികിത്സയിലെ ഏറ്റവും പ്രധാന ഘടകം, അത് ഒഴിവാക്കിക്കൊണ്ട് ബി. പി. പി. വി. മരുന്നുകള്‍ കൊണ്ട് മാത്രം ചികിത്സിക്കുന്നതില്‍ യുക്തി ഇല്ല, അത് അശാസ്ത്രീയവും ആണെന്ന് പറയേണ്ടിയിരിക്കുന്നു.
എന്താണ് വെസ്റ്റിബുലാര്‍ വ്യായാമങ്ങള്‍
?? ബി. പി. പി. വി. യില്‍ ചികിത്സാ പ്രക്രിയകള്‍ കഴിഞ്ഞവര്‍ക്കും, വെസ്റ്റിബുലാര്‍ പ്രശ്നങ്ങള്‍ കാരണം തലകറക്കം ഉള്ളവര്‍ക്കും വെസ്റ്റിബുലാര്‍ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
പ്രധാനമായും രണ്ടു തരം വ്യായാമങ്ങള്‍ ആണ് വെസ്റ്റിബുലാര്‍ വ്യായാമങ്ങള്‍.
?? 1. cawthorne cooksey വ്യായാമങ്ങള്‍
(cawthorne cooksey വ്യായാമങ്ങള്‍ വീഡിയോ കമന്റില്‍)
തല, കണ്ണ്, ശരീരം എല്ലാത്തിന്റെയും ചലനങ്ങള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്ന തരത്തില്‍ ആണ് ഇവ ക്രമീകിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഇരുന്നു കൊണ്ടോ കിടന്നു കൊണ്ടോ ചെയ്യാവുന്ന ലളിത വ്യായാമങ്ങള്‍ പിന്നീട് ഒരല്പം കൂടി സങ്കീര്‍ണമായത് ആകുന്നു. (നടക്കുക, സ്റ്റെപ്പ് കയറുക മുതലായവ)
?? 2. Brandt Daroff വ്യായാമം
(Brandt Daroff വ്യായാമം വീഡിയോ കമന്റില്‍)
ഇത് CRP കഴിഞ്ഞ് ഒരാഴ്ച ക്ക് ശേഷം ചെയ്തു തുടങ്ങാവുന്നത് ആണ്.
CRP ശേഷവും ചെറിയ തോതില്‍ ബാലന്‍സ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഈ വ്യായാമം ദീര്‍ഘകാല രോഗമുക്തി നല്കുന്നു.
പല തവണ CRP ചെയ്തിട്ടും ഫലം കാണാത്ത അപൂര്‍വം ചിലരില്‍ സര്‍ജറി വേണ്ടി വന്നേക്കാം.
ബി. പി. പി. വി. രോഗികള്‍ പ്രത്യേകമായി ശ്രദ്ധിക്കാനുള്ളവ
1. തലചുറ്റല്‍ ഉണ്ടാകുന്ന അവസരങ്ങളില്‍ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുക.
2. സ്വയം ചികിത്സ പാടില്ല – ചില മരുന്നുകള്‍ കഴിക്കുന്നത് തല കറക്കം മാറാന്‍ കൂടുതല്‍ സമയം എടുക്കാന്‍ കാരണമായേക്കാം.
3. കൃത്യമായ ഇടവേളകളില്‍ ബി. പി. പി. വി. ക്ക് തുടര്‍ ചികിത്സ വേണ്ടിവന്നേക്കാം. രണ്ടാഴ്ച മുതല്‍ ഒരുമാസം ആറുമാസംവരെ ഫോളോ അപ്പ് വേണ്ടിവരാം.
4. പരിശോധനയും ചികിത്സാ പ്രക്രിയയും വീണ്ടും വേണ്ടി വരാം .
5. രണ്ടുമൂന്നു CRP സെഷനുകള്‍ക്ക് ശേഷവും ബിപിപിവി നില നില്ക്കുന്നവരില് മിനിയര്സ് രോഗം മറ്റ് ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍ എന്നിവ സംശയിക്കുകയും പരിശോധിക്കുകയും വേണ്ടിവന്നേക്കാം.
CRP ക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. രണ്ടാഴ്ചത്തേക്ക് നടു വളച്ചു കുനിയുവാനോ കുനിഞ്ഞുനിന്ന് ജോലികള്‍ ചെയ്യുവാനോ പാടില്ല.
2. തല കുലുങ്ങുന്ന ജോലികള്‍ ഒഴിവാക്കേണ്ടതാണ്.
3. തല വളരെയധികം ഉയര്‍ത്തി മുകളിലേക്ക് നോക്കാന്‍ പാടില്ല.
4. കുളിക്കുമ്പോള്‍ ഷവര്‍ ഉപയോഗിക്കുകയോ ബക്കറ്റ് ഉയര്‍ത്തി വയ്ക്കുകയോ ചെയ്യുക.
5. കുനിഞ്ഞുനിന്ന് ജോലി ചെയ്യേണ്ട അവസരങ്ങളില്‍ പകരം ഇരുന്നു ജോലി ചെയ്യുക.
എന്നാല്‍ ഈ പറഞ്ഞത് ഒഴികെയുള്ള സാധാരണ ജോലികളൊക്കെ ചെയ്യാവുന്നതാണ്. മറ്റു കാരണങ്ങളാല്‍ ഉണ്ടാവുന്ന തലകറക്കങ്ങളെക്കുറിച്ചു പിന്നീട് ഒരു പോസ്റ്റില്‍ വിശദമായി എഴുതാം. വിസ്താരഭയത്താല്‍ അത് ഒഴിവാക്കുന്നു.
എഴുതിയത്: ഡോ: നീതു ചന്ദ്രന് ( ഇ. എന്‍ ടി സ്പെഷ്യലിസ്റ്റ്)
@Info Clinic
Discussion about this post