ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സോറിയാസിസ് രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് നല്‍കാന്‍ അനുമതി. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐത്തോലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി.
കൊവിഡ് രോഗികളില്‍ ശ്വാസകോശം പ്രവര്‍ത്തനരഹിതമാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്ക് എന്ന അതിഗുരുതരാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാനാണ് ഐത്തോലൈസുമാബ് നല്‍കുന്നത്. വിദഗ്ധ കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ തൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഐത്തോലൈസുമാബ് കോവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോക്ടര്‍ വി.ജി. സൊമാനി പറഞ്ഞു.
രോഗികളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ ഇവ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോറിയാസിസ് ചികിത്സയില്‍ അംഗീകൃത മരുന്നായിട്ടാണ് ബയോകോണിന്റെ ഇറ്റോലിസുമാബ് പരിഗണിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്പനിയായ ബയോകോണ്‍ ആണ് ഇറ്റോലിസുമാബിന്റെ ഉത്പാദകര്‍.
അതേസമയം ഇന്ത്യയില്‍ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം തുടക്കത്തോടെ മാത്രമേ ലഭ്യമാകുകയുള്ളുവെന്ന് വിദഗ്ധ സംഘം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്‌നോളജി വകുപ്പിലെയും സിഎസ്‌ഐആറിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പാര്‍ലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
Discussion about this post