എത്രയൊക്കെ ഹാപ്പി ടു ബ്ലീഡ് എന്ന് പറഞ്ഞാലും ആര്‍ത്തവകാലം ഒരു പെണ്ണിനെ സംബന്ധിച്ച് ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമയമാണ്. വയറുവേദനയും മറ്റ് ശരീര അസ്വസ്ഥതകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളെയും ജോലിക്കു പോകുന്ന സ്ത്രീകളെയും സംബന്ധിച്ച് ഏറ്റവും വലിയ പ്രശ്‌നം പാഡ് മാറ്റുന്നതാണ്.
കോട്ടണില്‍ ലഭ്യമാകുന്ന പാഡുകള്‍ മുതല്‍ ജെല്‍ ഉപയോഗിക്കുന്ന പാഡുകള്‍ വരെ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സാധാരണ കോട്ടണില്‍ ലഭിക്കുന്ന നാപ്കിനുകളെ അപേക്ഷിച്ച് സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്കിനുകള്‍ അലര്‍ജി മുതല്‍ ക്യാന്‍സര്‍ വരെ ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കോട്ടണ്‍ സാനിറ്ററി നാപ്കിനുകള്‍ മറ്റ് നാപ്കിനുകളെ അപേക്ഷിച്ച് നനവ് അധികമാകുമ്പോള്‍ ചുരുണ്ടു കൂടുന്ന വിധത്തിലുള്ളതാണ്. ഇത്തരം നാപ്കിനുകള്‍ ആണ് പൊതുവെ ആരോഗ്യകരം എന്ന് പറയപ്പെടുന്നത്. എന്നാല്‍ രക്തം വസ്ത്രങ്ങളില്‍ പറ്റാന്‍ സാധ്യതയുളളതിനാല്‍ മിക്ക ആളുകളും കോട്ടന്‍ സാനിറ്ററി നാപ്കിനുകളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നു.
മാത്രമല്ല കോട്ടന്‍ നാപ്കിനുകളില്‍ നനവ് അധികമായി ചുരുണ്ടു കൂടിയതിനു ശേഷവും ഉപയോഗിച്ചാല്‍ പൊതുവെ മൃദുവായ യോനിയുടെ സമീപഭാഗങ്ങളില്‍ മുറിവുകളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ പാഡ് മാറേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ഓരോ നാലു മണിക്കൂറിലും പാഡ് മാറ്റണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. തുടര്‍ച്ചയായി മൂന്നു മണിക്കൂറിലധികം ഉപയോഗിക്കുന്നത് അസ്വസ്ഥതകള്‍ക്കും അണുബാധയടക്കമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴി തെളിക്കും.
നിരന്തരം നാപ്കിന്‍ മാറ്റുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് മിക്കവരും സെല്ലുലോസ് ജെല്‍ ഉപയോഗിച്ചുള്ള നാപ്കിനുകളെ ആശ്രയിക്കുന്നത്. ജെല്‍ ഉപയോഗിച്ചുള്ള നാപ്കിനുകള്‍ ദീര്‍ഘസമയം മാറ്റാതിരിക്കുന്നത് വിവിധ തരത്തിലുള്ള അണുബാധകള്‍ക്ക് കാരണമാകും.
പാഡുകളുടെ കവറിനു പുറത്ത് അത് കോട്ടണ്‍ ഉപയോഗിച്ചുള്ളതാണോ ജെല്‍ ഉപയോഗിച്ചുള്ളതാണോ എന്ന് വ്യക്തമാക്കിയിട്ടുണ്ടാകും. നാപ്കിനുകള്‍ വാങ്ങുന്നതിനു മുമ്പ് അല്പസമയം ശ്രദ്ധയോടെ ചെലവഴിച്ചാല്‍ ഓരോ സ്ത്രീക്കും അവളുടെ ആര്‍ത്തവകാലം സുരക്ഷിതവും ആരോഗ്യകരവും ആക്കാവുന്നതാണ്.
സാനിറ്ററി നാപ്കിനുകള്‍ / ടാമ്പൂണുകള്‍ ഇവ ഉപയോഗിക്കുമ്പോള്‍ എന്തെങ്കിലും അസ്വസ്ഥതകളോ അലര്‍ജി പ്രശ്‌നങ്ങളോ ഉണ്ടാകുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണണം.
ഒരു സ്ത്രീജീവിതത്തില്‍ 400ഓളം ആര്‍ത്തവകാലങ്ങള്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. അതായത്, ഓരോ സ്ത്രീജീവിതവും കുറഞ്ഞത് 10, 000ത്തിനും 15, 000ത്തിനും (ആര്‍ത്തവകാലം നീണ്ടുനില്‍ക്കുന്നതിന് അനുസരിച്ച്) ഇടയില്‍ സാനിറ്ററി നാപ്കിനുകള്‍ ആണ് ഉപയോഗിച്ച് തള്ളുന്നത്.
Discussion about this post