പരിശുദ്ധിയുടേയും ലാളിത്യത്തിന്റേയും പ്രതീകമാണ് തുമ്പപ്പൂവ്. ഓണക്കാലമെത്തുമ്പോഴാണ് പലരും തുമ്പപ്പൂവിനെക്കുറിച്ച് ഓര്‍ക്കുക. എന്നാല്‍ പൂക്കളം ഒരുക്കാന്‍ മാത്രമുള്ളതല്ല തുമ്പ. പലര്‍ക്കും തുമ്പയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഇപ്പോഴും അറിവില്ല എന്നതാണ് വാസ്തവം. തുമ്പയുടെ പൂവും വേരുമെല്ലാം ഔഷധമാണ്. തുമ്പ, കരിന്തുമ്പ, പെരുന്തുമ്പ ഇങ്ങനെ മൂന്നു തരത്തില്‍ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവയ്ക്കെല്ലാം ഔഷധഗുണമുണ്ട്.
തുമ്പച്ചെടിയുടെ നീര് ദിവസവും കുടിച്ചാല്‍ കഫക്കെട്ട് മാറാന്‍ നല്ലതാണ്. തലവേദന മാറാനും തുമ്പച്ചെടി ഏറെ നല്ലതാണ്. തുമ്പയില ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളിലെ ഉദരകൃമികള്‍ ശമിക്കും.
തുമ്പച്ചെടിയുടെ നീര് കരിക്കിന്‍വെള്ളത്തില്‍ അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ പനി കുറയാന്‍ ഏറെ നല്ലതാണ്. തുമ്പയിട്ടു വെന്ത വെള്ളത്തില്‍ പ്രസവാനന്തരം നാലഞ്ചുദിവസം കുളിക്കുന്നത് രോഗാണുബാധ ഉണ്ടാകാതിരിക്കാന്‍ നല്ലതാണ്.
തുമ്പയുടെ പൂവും ഇലയും കൂടി അരച്ചു പിഴിഞ്ഞു നീരെടുത്ത് അതില്‍ അല്‍പ്പം പാല്‍ക്കായം ചേര്‍ത്തു ദിവസം രണ്ടോ മൂന്നോ നേരം കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന വിരകോപവും, തന്മൂലം ഉണ്ടാകുന്ന മയക്കം, ഛര്‍ദ്ദി എന്നിവയും ശമിക്കും. തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗര്‍ഭാശയശുദ്ധിക്കും, ഗ്യാസ് ട്രബിളിനും വളരെ നല്ലതാണ്. വ്രണങ്ങള്‍ ഉണ്ടായാല്‍ തുമ്പയുടെ നീര് പിഴിഞ്ഞെടുത്ത് പുരട്ടുന്നത് നല്ലതാണ്. വ്രണങ്ങള്‍ പെട്ടെന്ന് ഉണങ്ങാന്‍ തുമ്പ ഏറെ നല്ലതാണ്.