കൊച്ചി: ആര്‍ത്തവം അശുദ്ധിയാണെന്ന പേരില്‍ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റില്‍ ഷെഡ് പൊളിഞ്ഞ് വീണ് മരിച്ചതിനെ തുടര്‍ന്ന് ആര്‍ത്തവം അശുദ്ധിയല്ലെന്ന് പറഞ്ഞ് നിരവധി ക്യാംപെയിനുകള്‍ നടക്കുന്നു. എന്നാല്‍ ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഇന്‍ഫോക്ലിനിക്കിന്റെ കുറിപ്പ് വൈറലാകുന്നു. ആര്‍ത്തവം സ്ത്രീശരീരത്തിലെ സ്വാഭാവിക ജൈവിക പ്രക്രീയ ആണന്ന് കുറിപ്പില്‍ പറയുന്നു.
ആര്‍ത്തവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം എന്ന പേരില്‍ ഇന്‍ഫോക്ലിനിക്ക് ലേഖനമെഴുതി.
പണ്ടുമുതലേ ആര്‍ത്തവത്തിന് തെറ്റായ വശമാണ് നാം നല്‍കുന്നത്. തൊട്ടാല്‍ ഐത്തമാണ് എന്നൊക്കെ പറയുന്നു. എന്നാല്‍ ഈ അറിവ് മാറ്റിക്കുറിക്കുകയാണ് ലേഖനം. ആര്‍ത്തവമുള്ളവരെ തൊടുന്നതിനോ, ഒരു വീട്ടില്‍ ഒന്നിച്ചു താമസിക്കുന്നതിനോ, ആര്‍ത്തവമുള്ളവര്‍ നമ്മളെ തൊടുന്നതിനോ, ചോറ് വാര്‍ക്കുന്നതിനോ, വെള്ളം കോരുന്നതിനോ യാതൊരു ദോഷവുമില്ല. ആര്‍ത്തവരക്തം പോലെ തന്നെയാണ് ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന ഓരോ സ്രവവും. ഈ ഒന്നിന് മാത്രം കല്‍പ്പിച്ച് നല്‍കുന്ന തൊട്ടുകൂടായ്മ അര്‍ത്ഥരഹിതമാണ്.
അതുപോലെ തന്നെയാണ് ആര്‍ത്തവസമയത്ത് പാമ്പും ചേരയുമൊക്കെ ദേഹത്തേക്ക് വലിഞ്ഞു കയറും, സാനിറ്ററി പാഡ് പുറത്ത് വലിച്ചെറിഞ്ഞാല്‍ അതിലേക്ക് ആകൃഷ്ടരായി വരുമെന്നൊക്കെ പറയുന്നതും. തികച്ചും അസംബന്ധമാണ് ഇത്തരം ധാരണകള്‍. നിങ്ങളുടെ ആര്‍ത്തവം നിങ്ങളുടെ ശരീരത്തിന്റെ മാത്രം കാര്യമാണെന്ന് ലേഖനം പറയുന്നു.
ഇന്‍ഫോക്ലിനിക്കിന്റെ കുറിപ്പ് ഇങ്ങനെ..!
ആര്‍ത്തവം അറിയേണ്ടതെല്ലാം.
ഉടുപ്പില്‍ എന്നോ വീണ ചുവപ്പും, കൂടെ ചുവന്ന കണ്ണുകളുമെല്ലാം ഓരോ സ്ത്രീയുടേയും സ്വകാര്യ ഓര്‍മ്മകളുടെ ശേഖരത്തിലുണ്ടാകും. മുന്‍പേ ഇതേക്കുറിച്ച് അറിയുന്നവരും ഒന്നുമറിയാതെ അന്ധാളിച്ചവരുമെല്ലാം കൂട്ടത്തില്‍ കാണും. ആദ്യാര്‍ത്തവത്തിന്റെ ആശങ്കയകറ്റാനോ ഒരു ചടങ്ങെന്നോണമോ കുറേ നിറമുള്ളതും നിറമറ്റതുമായ ചിത്രങ്ങളും കാണും. ഇതെഴുതിയ രണ്ടു പേരും ആര്‍ത്തവ സമയത്ത്
പ്രാര്‍ത്ഥനകളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന വിലക്ക് പാലിക്കേണ്ടി വന്നവരാണ്.
പക്ഷേ, ആര്‍ത്തവം അശുദ്ധിയാണെന്ന പേരില്‍ തമിഴ്‌നാട്ടിലെ ഒരു ബാലിക ഗജ ചുഴലിക്കാറ്റില്‍ ഷെഡ് പൊളിഞ്ഞ് വീണ് മരിച്ചത് ഇതേ ആര്‍ത്തവത്താല്‍ വീടിന് പുറത്തേക്ക് മാറ്റി കിടത്തിയതിനാലാണ്. ഗര്‍ഭനിരോധനഗുളികകള്‍ നിരന്തരം കഴിച്ച് ആര്‍ത്തവമേ ഇല്ലാതാക്കി ഈ മാറ്റികിടത്തല്‍ ഒഴിവാക്കി ശീലിച്ച ആദിവാസികളെക്കുറിച്ചും വായിച്ചു. ഇത്രയൊക്കെ അകറ്റി നിര്‍ത്താന്‍ മാത്രം, ഇത്രയേറെ അറയ്ക്കാനും അകറ്റാനും മാത്രം എന്താണ് ഈ രക്തത്തുള്ളികളിലുള്ളത് ?
?എന്താണ് ആര്‍ത്തവം ?
ആര്‍ത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയ മാത്രമാണ്. ബീജസങ്കലനം നടക്കാത്തതിനാല്‍ ഉപയോഗിക്കപ്പെടാത്ത അണ്ഢവും, ഭ്രൂണത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്ന ഗര്‍ഭപാത്രത്തിനകത്തെ പാളിയായ എന്‍ഡോമെട്രിയവും അതിന്റെ രക്തക്കുഴലുകളും മാസത്തിലൊരിക്കല്‍ യോനിയിലൂടെ പുറത്ത് പോകുന്ന പ്രക്രിയയാണ് ആര്‍ത്തവം. ഇതില്‍ ‘അശുദ്ധി’ എന്ന് വിളിക്കപ്പെടേണ്ട യാതൊന്നുമില്ല. അശുദ്ധരക്തം എന്ന് വിളിക്കപ്പെടേണ്ട യാതൊരു പ്രത്യേകതകളും ഈ രക്തത്തിന് ഇല്ല താനും.
അതൊരു സാംക്രമിക രോഗമോ, പൊട്ടാന്‍ നില്‍ക്കുന്ന ബോംബോ അല്ല. അത് കൊണ്ട് തന്നെ ആര്‍ത്തവമുള്ളവരെ തൊടുന്നതിനോ, ഒരു വീട്ടില്‍ ഒന്നിച്ചു താമസിക്കുന്നതിനോ, ആര്‍ത്തവമുള്ളവര്‍ നമ്മളെ തൊടുന്നതിനോ, ചോറ് വാര്‍ക്കുന്നതിനോ, വെള്ളം കോരുന്നതിനോ യാതൊരു ദോഷവുമില്ല. ആര്‍ത്തവരക്തം പോലെ തന്നെയാണ് ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്ന ഓരോ സ്രവവും. ഈ ഒന്നിന് മാത്രം കല്‍പ്പിച്ച് നല്‍കുന്ന തൊട്ടുകൂടായ്മ അര്‍ത്ഥരഹിതമാണ്.
ചെടി നനച്ചാല്‍ ചെടി കരിഞ്ഞു പോകുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. അതുപോലെ തന്നെയാണ് ആര്‍ത്തവസമയത്ത് പാമ്പും ചേരയുമൊക്കെ ദേഹത്തേക്ക് വലിഞ്ഞു കയറും, സാനിറ്ററി പാഡ് പുറത്ത് വലിച്ചെറിഞ്ഞാല്‍ അതിലേക്ക് ആകൃഷ്ടരായി വരുമെന്നൊക്കെ പറയുന്നതും. തികച്ചും അസംബന്ധമാണ് ഇത്തരം ധാരണകള്‍. നിങ്ങളുടെ ആര്‍ത്തവം നിങ്ങളുടെ ശരീരത്തിന്റെ മാത്രം കാര്യമാണ് .
? എന്തൊക്കെ ശ്രദ്ധിക്കണം ?
ആവശ്യത്തിനു വെള്ളവും, പോഷക ഗുണമുള്ള ഭക്ഷണവും, ഇത്തിരി വിശ്രമവും, മാനസിക സമ്മര്‍ദങ്ങള്‍ ഇല്ലാതിരിക്കുകയുമാണ് വേണ്ട കാര്യങ്ങള്‍. മഞ്ഞളില്‍ കുളിക്കണമെന്നോ, ഗോതമ്പ് തിന്നരുതെന്നോ, വെളിച്ചെണ്ണ കുടിക്കണമെന്നോ ഒരു നിബന്ധനയുമില്ല. അത്യാവശ്യമെങ്കില്‍ മാത്രം വിശ്രമം വേണ്ട സ്വാഭാവിക ദിവസങ്ങള്‍ മാത്രമാണത്.
യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത അകറ്റി നിര്‍ത്തലുകള്‍ പലപ്പോഴും ജീവന് തന്നെ ഭീഷണിയാവുന്ന കാഴ്ചകളാണ് 2018 വര്‍ഷം പുതിയൊരു വര്‍ഷത്തെ പെറ്റിടാന്‍ ഒരുങ്ങുന്ന നേരത്ത് പോലും നമ്മള്‍ കാണുന്നത്.
വാലായ്മപുരകളും, പുറം മുറികളും, സത്രങ്ങളും ഇന്നും കേരളത്തില്‍ ഉണ്ട്. പല ആദിവാസി ഊരുകളിലും ഇന്നും വളരെ കാര്‍ക്കശ്യ മനോഭാവത്തോടെ ആര്‍ത്തവമുള്ള
സ്ത്രീകളെ ഇവിടങ്ങളിലേക്ക് പറഞ്ഞയക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം ഇടങ്ങളിലേക്കുള്ള പോക്കും, ഒറ്റപ്പെടലും ഭയപ്പെട്ട് പല സ്ത്രീകളും മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചു ആര്‍ത്തവം മാറ്റി നിര്‍ത്തുന്ന സംഭവങ്ങളും വര്‍ധിച്ചു വരികയാണ്. അതിലൊന്നാണ് നേരത്തേ സൂചിപ്പിച്ച നിരോധിച്ച മാല ഡി ഗുളികയുടെ ഉപയോഗം. അത്യാവശ്യ ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഉപയോഗിക്കേണ്ട ഇത്തരം ഗുളികയുടെ അനാവശ്യവും അനിയന്ത്രിതവുമായ ഉപയോഗം പലപ്പോഴും വന്ധ്യത പോലുള്ള പ്രശങ്ങള്‍ക്ക് പോലും കാരണമാകുന്നു.
പെണ്‍കുട്ടി ‘വിവാഹത്തിന് ശാരീരികമായി സജ്ജയാണ്’ എന്ന് ചുറ്റുപാടുമുള്ളവരെ അറിയിക്കാനാകണം പണ്ടുള്ളവര്‍ ‘തിരണ്ടുകല്യാണം’ കൂടി ആചാരങ്ങളിലേക്ക് ചേര്‍ത്തുവെച്ചത്. മടിയില്‍ ചുവപ്പ് വീണാല്‍ മാത്രം പെണ്ണ് വിവാഹജീവിതത്തിന് തയ്യാറല്ലെന്ന് ഇന്ന് ശാസ്ത്രബോധമുള്ള സമൂഹത്തിനറിയാം. എന്നിട്ടും വിചിത്രമായ ഇത്തരം ചടങ്ങുകള്‍ നടന്നുപോരുന്നത് ആ ദിവസത്തിന്റെ നിറം ആഘോഷിക്കാനാവാം. അപ്പോഴും അതിന് മുന്നേ അത്രയും കാലം അമ്മയോടും സഹോദരങ്ങളോടും ചേര്‍ന്ന് കിടന്ന കുഞ്ഞിനെ മാറ്റികിടത്തിയ ശേഷമാണ് ആഘോഷദിനം എന്നത് ആര്‍ത്തവത്തെ ഒരു സ്വാഭാവികതയെന്നതിന് പകരം ഒരു സ്വൈര്യക്കേടായി ഏറ്റെടുക്കുന്നതിന് വിത്തുകള്‍ പാകിയേക്കാം. അവള്‍ തൊടുന്നതെല്ലാം അശുദ്ധമാകുന്നു എന്നു പലരാലും തെറ്റായ മുദ്രകുത്തപ്പെട്ട ആ കാലത്തെ സ്‌നേഹത്തോടെയറിയാന്‍ വ്യാപ്തിയും അവളുടെ മനസ്സിന് എന്നെന്നേക്കുമായി ഇല്ലാതാവാം.
? നമുക്ക് കുഞ്ഞുങ്ങളോട് പറയാനുള്ളത് ..
?ആര്‍ത്തവം ഒരു സ്വാഭാവിക ജൈവിക പ്രക്രിയ മാത്രമാണ്.
?ഏതാണ്ട് 12 _ 15 വയസ്സോടെ ആദ്യമായി ആര്‍ത്തവം സംഭവിക്കുന്നു.
?ബ്ലീഡിങ് ഉണ്ടായാല്‍ പേടിക്കണ്ടതില്ലെന്നും,
?പാഡ് / തുണി എന്നിവ എങ്ങനെ കൃത്യമായി
ഉപയോഗിക്കണമെന്നും
പറഞ്ഞു കൊടുക്കുക.
?പുതിയ കാലത്ത് മെന്‍സ്ട്രുവല്‍ കപ്പ്
വളരെ നല്ലൊരു ഓപ്ഷന്‍ ആണ്. അതേപ്പറ്റി കൂടുതലറിയാനുള്ള സ്‌ത്രോതസ്സുകള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക.
?നന്നായി വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും നിര്‍ദേശിക്കുക.
?വ്യക്തിശുചിത്വം പാലിക്കുക.
?അനുബന്ധമായി വയറു വേദന, കാലു വേദന, ശര്‍ധി പോലുള്ള അസ്വസ്ഥതകള്‍ പലര്‍ക്കും ഉണ്ടാകുമെന്നും കൂടുതലായുണ്ടെങ്കില്‍ വൈദ്യ സഹായം തേടാമെന്നും ഉറപ്പു നല്‍കുക.
?വിശ്രമം വേണമെന്ന് തോന്നുകയാണെങ്കില്‍ ഒരു മടിയും കൂടാതെ മറ്റുള്ളവരോട് പറയാമെന്നും, ആവശ്യത്തിന് വിശ്രമിക്കാം എന്നും പറഞ്ഞു കൊടുക്കുക.
?ആര്‍ത്തവം എന്നത് ഒരു ശിക്ഷയോ, തെറ്റോ അല്ലെന്നും മറിച്ചു അത് സ്വാഭാവിക ദിവസങ്ങള്‍ മാത്രമാണെന്നും പറയുക.
?ആണെന്നോ പെണ്ണേന്നോ വ്യത്യാസമില്ലാതെ, പ്രിയപ്പെട്ടവരെല്ലാം ആര്‍ത്തവ സമയത്ത് നിങ്ങളെ സ്‌നേഹിക്കാനും സംരക്ഷിക്കാനും കൂടെയുണ്ടാകും എന്നു ഉറപ്പു നല്‍കുക.
? ആര്‍ത്തവത്തെ കുറിച്ചു ആരോഗ്യപരമായ
കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഒരു പോലെ പങ്കുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആര്‍ത്തവത്തെ കുറിച്ചു പെണ്കുട്ടികള്‍ക്കും
ആണ്കുട്ടികള്‍ക്കും പറഞ്ഞു കൊടുക്കണം എന്നുള്ളതാണ്. പെണ്‍കുട്ടികള്‍ക്ക്
മാത്രം ഒളിച്ചിരുത്തി പറഞ്ഞു കൊടുക്കേണ്ട ഒരു ക്ലാസ് അല്ല ആര്‍ത്തവം എന്നത്.
ചുരുക്കം ചിലരുടെ കാര്യമൊഴികെ, മറ്റെല്ലാവര്‍ക്കും
ആര്‍ത്തവം ആരംഭിച്ചു ആദ്യ മാസങ്ങളില്‍ ഇതൊരു ഒളിച്ചു കളിയായിട്ടായിരിക്കും തോന്നിയിരിക്കുക. ക്ലാസ് മുറികളില്‍ കാരണം പറയാതെ വയറു വേദന കടിച്ചു പിടിച്ചിരിക്കുക, വീട്ടില്‍ വന്നാല്‍ തുണികള്‍ കഴുകി ആരും കാണാത്തിടത്ത് വിരിച്ചിടുക, നോമ്പു കാലത്ത് ആരും കാണാതെ ഒളിച്ചു ഭക്ഷണം കഴിക്കുക. പലരുടെയും ആര്‍ത്തവ ഓര്‍മ്മകള്‍ ഇങ്ങനെ ആയിരിക്കും.
‘ആണുങ്ങളറിയെ പുറത്ത് പറയാന്‍ പറ്റാത്ത വൃത്തികേടാണ് ആര്‍ത്തവം’ മനസ്സില്‍ സമൂഹം ഉറപ്പിച്ചു തന്ന ആദ്യത്തെ അശുദ്ധി ഇതാണ്.
കാറിന്റെ പുറകില്‍ സീറ്റിനു മുകളിലായി, കണ്ണാടിക്കടുത്ത്, പൊതിയാതെ വച്ച സാനിറ്ററി നാപ്കിന്‍ കണ്ട്, ‘ശ്രദ്ധയില്ലാത്തവള്‍’ ‘ബോധമില്ലാത്തവള്‍’ എന്നൊക്കെ പറഞ്ഞു കുറ്റപ്പെടുത്തിയ കൂട്ടുകാരനും, ബന്ധുക്കളുമുണ്ട്. ഒളിച്ചു വയ്‌ക്കേണ്ട, മറച്ചു വയ്‌ക്കേണ്ട ഒരു ഭീകരനായി ഈ സാനിറ്ററി നാപ്കിനും, ആര്‍ത്തവവും ഒക്കെ മാറിയത് എന്നാണ് ?
സത്യത്തില്‍ എന്തിനാണ് ഈ ഒളിച്ചു കളി ? ആരോഗ്യപരമായും, സാമൂഹിക പരമായും നോക്കുകയാണെങ്കില്‍ ഈ ഒളിച്ചു കളി കൊണ്ട് ദോഷമല്ലേ ഉള്ളു. ആര്‍ത്തവ തുണികള്‍ നല്ല വെയിലില്‍ കിടന്നു ഉണങ്ങുന്നതല്ലേ രോഗാണുക്കളെ നശിപ്പിക്കാനൊക്കെ നല്ലത്. നോമ്പു കാലത്താണെങ്കില്‍, രക്തം പോയി ക്ഷീണിച്ചിരിക്കുന്ന ശരീരത്തിന് മറ്റുള്ളവരെ പേടിക്കാതെ, ആവശ്യത്തിനു വെള്ളവും ഭക്ഷണവും കഴിക്കാന്‍ സാധിക്കുന്നതല്ലേ ആരോഗ്യത്തിനു നല്ലത് ? സഹപാഠിക്കു അല്ലെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആള്‍ക്ക്, ശാരീരികമായി ചെറിയ
ബുദ്ധിമുട്ടുകള്‍ ഉള്ള ദിവസമാണ് അത് കൊണ്ട് അവള്‍ വേണമെങ്കില്‍ ഇന്ന് നില്‍ക്കുന്നത് ഒഴിവാക്കി കുറച്ചു കൂടുതല്‍ സമയം ഇരുന്നോട്ടെ, അല്ലെങ്കില്‍ അവളിന്നു കുറച്ചു നേരത്തെ വീട്ടില്‍ പൊയ്‌ക്കോട്ടെ എന്നൊക്കെ ഉള്ള പരസ്പര സഹകരണങ്ങള്‍ രണ്ടു വ്യക്തികള്‍ക്കും നന്മ മാത്രമല്ലേ ഉണ്ടാകുകയുള്ളൂ.
ആര്‍ക്കുവേണ്ടിയാണ് ഈ ഒളിച്ചു കളി ? കുട്ടികള്‍ക്ക് വേണ്ടിയോ ? തിരിച്ചറിവ് വന്ന സമയങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പൂവിലെ പരാഗണവും, ബീജ സങ്കലനവും ഒക്കെ പഠിക്കുന്നില്ലേ ? പിന്നെന്തു കൊണ്ട് സ്വന്തം ശരീരത്തെ പറ്റി ശാസ്ത്രീയമായും ആരോഗ്യപരമായും മനസ്സിലാക്കിക്കൂടാ ?
അടുത്തത് അച്ഛന്‍, ഭര്‍ത്താവ്, സഹോദരങ്ങള്‍ എന്നിവരടങ്ങുന്ന പുരുഷന്മാരാണ്. അവര്‍ക്ക് വേണ്ടിയാണോ ഒളിച്ചു കളി ? ഒരിക്കലും അതിന്റെ ആവശ്യമില്ല. തന്റെ ഒപ്പം, തന്റെ വീട്ടില്‍ കഴിയുന്ന സ്ത്രീയുടെ പ്രശനങ്ങള്‍ പുരുഷനും അറിഞ്ഞിരിക്കണം. മറ്റുള്ളവരില്‍ നിന്നും കിട്ടുന്ന സ്‌നേഹത്തിനും, പരിഗണനയ്ക്കും, ശാരീരികവും മാനസികവുമായ സപ്പോര്‍ട്ടിനും ഒരു പാട് വിലയുള്ള സമയമാണ് ആര്‍ത്തവ കാലം. പ്രത്യേകിച്ചു ആര്‍ത്തവ സമയത്തെ ഹോര്‌മോണ് മാറ്റങ്ങള്‍ കൊണ്ടും മറ്റും മാനസിക അവശതകള്‍ ഉണ്ടാകുന്ന സ്ത്രീകള്‍ക്ക്.
ഈ അടുത്ത ദിവസങ്ങളില്‍ ഒരു കുടുംബ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍, അവരുടെ പത്ത് വയസ്സുള്ള മകനെ കണ്ടു . ഞങ്ങളവിടെ ചെന്ന സമയത്ത്, ദൂര യാത്ര കഴിഞ്ഞെത്തിയ കുടുംബത്തിന്റെ ബാഗ് തുറന്നു അടുക്കി വയ്ക്കുകയായിരുന്നു അവന്‍.
‘ഉമ്മയുടെ പാംപേഴ്‌സ് (pampers ) ആണത് ‘ എന്നു പറഞ്ഞു കൊണ്ട്, അമ്മയുടെ സാനിറ്ററി നാപ്കിന്‍ എടുത്ത് വളരെ സ്വാഭാവികമായി അവന്‍ അലമാരയില്‍ അടുക്കി വയ്ച്ചു. ഇന്നത്തെ അന്തരീക്ഷത്തില്‍ വളരെ സന്തോഷം തോന്നിയ ഒരു കാര്യമാണത്.
സോഷ്യല്‍ മീഡിയയില്‍ ഒരു സുഹൃത്ത് എഴുതിയത് വായിക്കുകയുണ്ടായി. പേരക്കുട്ടി ഋതുമതി ആയ വിവരം അറിഞ്ഞ സുഹൃത്തിന്റെ അച്ഛന്‍ വളരെ രസകരമായി ചിരിച്ചു കൊണ്ട് പറഞ്ഞത്രേ ‘ഇത് വരെ ഭാര്യയ്ക്കും രണ്ടു പെണ്മക്കള്‍ക്കും ചേര്‍ത്ത് മൂന്നു പേര്‍ക്കുള്ള പാഡ് വാങ്ങിച്ചാല്‍ മതിയായിരുന്നു, ഇനി മുതല്‍ നാലു പേര്‍ക്കുള്ളത് വാങ്ങണമല്ലോ’ എന്ന്.
കടയിലേക്ക് പോകുന്ന അച്ഛനോടോ, സഹോദരനോടോ പാഡ് വാങ്ങാന്‍ പറയാന്‍ പോലും മടിക്കുന്ന വീടുകള്‍ ഉള്ളപ്പോള്‍ മേല്‍പ്പറഞ്ഞ സംഭവങ്ങളൊക്കെ വളരെ ആരോഗ്യപരമായ പ്രശംസിക്കപ്പെടേണ്ട മാറ്റങ്ങള്‍ തന്നെയാണ്.
ആര്‍ത്തവം ഒളിച്ചു വയ്ക്കപ്പെടേണ്ട പ്രക്രിയ ആവുമ്പോള്‍ സംഭവിക്കുന്നത്
ഒളിച്ചു വയ്ക്കപ്പെടുന്ന ഒന്നിനോടുള്ള ആകാംക്ഷയും, അവിടെ നിന്നും കൊച്ചുപുസ്തകങ്ങളിലേക്കും പോണ്‍ സൈറ്റുകളിലേക്കും നീളുന്ന തിരച്ചിലുകളും,
അത് കൊണ്ടെത്തിക്കുന്ന അബദ്ധ ധാരണകളുമാണ് പിന്നീട് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതും.
ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ വച്ചു നടന്നൊരു സംഭവം
ചുറുചുറുക്കുള്ള,ആരെയും കൂസാത്ത ഒരു കൂട്ടുകാരിയുണ്ടായിരുന്നു ക്ലാസ്സില്‍, വഴക്കിനിടയില്‍ ഒരു ആണ്‍സുഹൃത്ത് ദേഷ്യത്തോടെ ‘നിനക്കൊക്കെ ‘സ്റ്റേഫ്രീ’ വാങ്ങിത്തരാമെടീ’ എന്ന് പറയുന്നു. ചൂളിപ്പിടിച്ചു, ചുവന്ന മുഖത്തോടെ മിണ്ടാതെ സീറ്റില്‍ തിരികെ വന്നിരുന്ന കൂട്ടുകാരിയുടെ മുഖം ഇന്നും ഓര്‍മ്മയുണ്ട്. വിജയിച്ച മുഖത്തോടെ ക്രൂരമായി ചിരിച്ചു നില്‍ക്കുന്ന ആണ്‌സുഹൃത്തിനെയും. ആര്‍ത്തവത്തെ കുറിച്ചു പറയുന്നത് പെണ്ണിനെ അപമാനിക്കാന്‍ ഉള്ള വഴിയാണ് എന്നു തോന്നുന്നത് കുറെയൊക്കെ നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ സാഹചര്യങ്ങളുടെയും വൈകല്യങ്ങള്‍ കാരണമാണ്.
എന്നു വച്ചു എല്ലാം തുറന്നു കാണിക്കലോ, സ്വകാര്യതയെ പൊതു പ്രദര്‍ശനമാക്കലോ ഒന്നുമല്ല ഉദ്ദേശിച്ചത്. സ്വകാര്യത വേറെ, അതിനെ മാനിച്ചു കൊണ്ട്, സ്വന്തം ശരീരത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ശാസ്ത്രീയമായ അടിത്തറയോടെ നമ്മുടെ കുട്ടികളിലേക്ക് എത്തണം. ഇവിടെയാണ് ജന്‍ഡര്‍ എഡ്യൂക്കേഷന്റെയും, സെക്‌സ് എഡ്യൂക്കേഷന്റെയും ഒക്കെ പ്രാധ്യാന്യം.
പ്രളയം മഹാദുരിതങ്ങള്‍ വിതച്ചെങ്കിലും, മറു വശത്ത് അത് നമ്മളെ മാനവികതയുടെയും തുല്യതയുടെയും തിരിച്ചറിവിന്റെയും പാഠങ്ങളാണ് പഠിപ്പിച്ചത്. അതിലൊന്നാണ് യാതൊരു വിധ തീണ്ടലോ ജാള്യതയോ ഇല്ലാതെ സാനിറ്ററി നാപ്കിനുകളെ കുറിച്ചു സംസാരിച്ചതും, വിതരണം നടത്തിയതും. ഒരു സ്വാഭാവിക ജൈവിക ആവശ്യം എന്ന നിലയിലേക്ക് അന്നത്
മാറിയിരുന്നു.
ശാസ്ത്രം വളര്‍ന്നിട്ടും, മനുഷ്യന്‍ വളര്‍ന്നിട്ടും നമ്മളെ പുറകോട്ട് നടത്തുന്ന ചില കാര്യങ്ങളുണ്ട്.
പുറത്തറിയുന്നതും അറിയാത്തതുമായ ആചാരങ്ങള്‍ ഇനിയുമുണ്ടാകാം. വിശ്വാസസംബന്ധമായ കാര്യങ്ങളെന്ന് മുറവിളി കൂട്ടുമ്പോഴും ‘ഈ ഒരൊറ്റ കാരണം കൊണ്ടാണല്ലോ ഇത്രയും അനുഭവിക്കേണ്ടി വരുന്നത് ‘ എന്ന് അവള്‍ ആര്‍ത്തവത്തെ ചൊല്ലി ചിന്തിക്കാന്‍ കാരണമാകുന്ന സകലതും ശരികേടുകള്‍ തന്നെയെന്ന് നിസ്സംശയം പറയേണ്ടി വരും. ഭക്ഷണം കഴിക്കുന്നത് പോലെ, ഉറക്കവും ഉണര്‍വും പോലെയുള്ള ഒന്നാണ് ആര്‍ത്തവവും എന്നു നമ്മള്‍ മനസ്സില്‍ ഊട്ടിയുറപ്പിക്കാത്തതിന്റെ പേരില്‍ ഇനിയൊരു പെണ്ണും അനുഭവിച്ചു കൂടാ. ഗജയോളമോ അതിലേറെയോ ഭയപ്പെടേണ്ടത് അവയെയാണ്, അനാചാരങ്ങളെ !
Discussion about this post