സാധാരണ ആയി ഒന്നിനും ഉപകരിക്കാത്തതിനെ കുറിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദപ്രയോഗമാണ് കറിവേപ്പില. എന്നാല്‍ കറിവേപ്പില ചില്ലറക്കാരനല്ല. കറികള്‍ക്ക് രുചിയും മണവും ലഭിക്കാന്‍ മാത്രമുള്ളതല്ല കറിവേപ്പില. വളരെയധികം ആരോഗ്യ ഗുണങ്ങളുള്ളതാണ് കറിവേപ്പില, ഭക്ഷണാവശ്യങ്ങള്‍ക്ക് പുറമെ ഔഷധമായും ഉപയോഗിക്കുന്നുണ്ട്. പ്രമേഹം, ഹൃദ്രോഗം, അണുബാധ എന്നിവയെല്ലാം തടയാന്‍ കറിവേപ്പില സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കറിവേപ്പില ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കും. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയെ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് 45 ശതമാനം വരെ കുറയ്ക്കാന്‍ കറിവേപ്പിലയ്ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എട്ടു മുതല്‍ പത്തു വരെ കറിവേപ്പില ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുകയോ, അരച്ച് ജ്യൂസാക്കി കുടിക്കുകയോ ചെയ്യുന്നത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കും. പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവര്‍, കറിവേപ്പില പതിവായി കഴിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. കാരണം, മരുന്നും, കറിവേപ്പിലയും തുടര്‍ന്ന് കൊണ്ടുപോകുന്നത് ഒരുപക്ഷേ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറക്കുന്നതിന് കാരണമാകും.
കറിവേപ്പിലയില്‍ ആന്റി ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍-സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മുടിയഴകിനും, മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില വളരെ ഉപകാരപ്രദമാണ്. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി തഴച്ച് വളരാനും, അകാല നര ഇല്ലാതാക്കാനും സഹായിക്കും.