കൊച്ചി: നമ്മുടെ ചെറിയ അശ്രദ്ധകള്‍ കൊണ്ട് തന്നെയാണ് നമുക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. നമ്മള്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ ഒഴിവാക്കിയാല്‍ തന്നെ ഒരു പരിധി വരെ ആരോഗ്യപ്രശ്നങ്ങള്‍ മാറ്റി നിര്‍ത്താം.
നമ്മള്‍ അധികമാരും ശ്രദ്ധിക്കാത്ത എന്നാല്‍ ഏറ്റവും കൂടുതല്‍ അപകടം വിളിച്ചു വരുത്തുന്ന ഒരു ചെറിയ കാര്യം തന്നെ പറയാം. നാം അടുക്കളയില്‍ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന എന്നാല്‍ ഏറ്റവും അധികം അണുക്കള്‍ വസിക്കുന്ന ഇടമാണ് പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച്.
ഇകോളിയും സാല്‍മൊണല്ലയുമടക്കമുള്ള ബാക്റ്റീരിയകളുടെ പ്രധാന ആവാസസ്ഥലമാണ് ഭക്ഷണാവശിഷ്ടങ്ങളും കരിയുമൊക്കെ പുരണ്ട് എപ്പോഴും സോപ്പുപാത്രത്തില്‍ നനഞ്ഞ് കുതിര്‍ന്ന് കിടക്കുന്ന സ്‌പോഞ്ചുകള്‍. വൃത്തിയാക്കാനുദ്ദേശിച്ച പാത്രങ്ങളും മറ്റും അവ ഉപയോഗിച്ച് കഴുകുമ്പോള്‍ പാത്രങ്ങള്‍ കൂടുതല്‍ വൃത്തികേടാകുകയാണ് ചെയ്യുന്നത്.
കണ്ടാല്‍ വൃത്തി തോന്നുമെങ്കിലും രോഗകാരികളായ സൂക്ഷ്മജീവികളെ പാത്രങ്ങളിലേക്ക് കൂടി പരത്തുകയാണ് നാം സ്‌പോഞ്ച് ഉപയോഗിച്ച് പാത്രം കഴുകുന്നതിലൂടെ ചെയ്യുന്നത്.
നിത്യവും ഉപയോഗശേഷം ചൂട് വെള്ളത്തില്‍ കഴുകി സൂക്ഷിക്കേണ്ടതാണ് ഇവ. ഉപയോഗത്തിന് മുമ്പും ശേഷവും ഇത്തരം സ്‌പോഞ്ചുകള്‍ ബ്ലീച്ചും വെള്ളവുമുപയോഗിച്ച് കഴുകണം. ഉപയോഗം കഴിഞ്ഞാല്‍ കഴുകി ഉണക്കി സൂക്ഷിക്കുകയും വേണം. അപ്പോള്‍ അണുക്കള്‍ നശിച്ചുപൊയ്ക്കോളും. പാത്രവും മറ്റും കഴുകിയ ശേഷം ഡിഷ് വാഷ് ഇട്ടുവെച്ച പാത്രത്തില്‍ തന്നെ നനഞ്ഞുകുതിര്‍ന്ന അവസ്ഥയില്‍ സ്‌പോഞ്ചുകള്‍ സൂക്ഷിക്കുന്ന പതിവ് അവസാനിപ്പിക്കണം.
Discussion about this post