ഇന്ന് ലോക പ്രമേഹ ദിനം. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലാണ് ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ളത്. ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങള്‍ അകറ്റാന്‍ സാഹായിക്കുന്ന ഘടകമാണ്.
പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹത്തെ നിയന്ത്രിക്കാനാവുന്ന മറ്റു ചില ഭക്ഷണങ്ങളും നമ്മള് ഉള്‍പ്പെടുത്തണം. ഇലക്കറികള്‍ മതുല്‍ പച്ചക്കറികള്‍, പയര്‍വര്‍ഗങ്ങള്‍, ഫലങ്ങള്‍ ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവ കഴിക്കുന്നത് ഏറെ നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാനുള്ള ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
വെണ്ട
പ്രമേഹം നിയന്ത്രിക്കാന്‍ ഏറ്റവും നല്ല ഒരു പച്ചക്കറി വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും വെണ്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെണ്യില് ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാല്‍ ദഹിക്കാനും എളുപ്പമാണ്. വെണ്ടയിലുള്ള ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
പാവയ്ക്ക
പാവയ്ക്കയുടെ കയ്പ്പ് അധികമാര്‍ക്കും ഇഷ്ടമല്ലെങ്കിലും ഏറ്റവും ആരോഗ്യദായകമായ പച്ചക്കറിയാണ് പാവയ്ക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനും പാവയ്ക്കക്ക് സാധിക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എന്‍സൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങള്‍ക്കു കഴിയും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ എപ്പിഡമോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
കോവയ്ക്ക
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക് ഇന്‍ഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് സഹായകരമാകുന്നത്.
ഇലക്കറികള്‍
ധാരാളം ഫൈബര്‍ അടങ്ങിയ, ഗ്ലൈകമിക് ഇന്‍ഡക്സ് തീരെ കുറവായ ഭക്ഷണമാണ് ഇലക്കറികള്‍. ഇലക്കറികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല എല്ലാവരും ഇലക്കറികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
ഓട്സ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓട്സ് ഉത്തമമാണ്. ഓട്സിലെ ബീറ്റാ ഗ്ലൂക്കോണ്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കും.
പയറുവര്‍ഗങ്ങള്‍
പ്രമേഹം ബാധിച്ചവര്‍ ദിവസവും ഒരു കപ്പ് പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പയറുവര്‍ഗങ്ങളില്‍പ്പെട്ട മുതിര, ചെറുപയര്‍, രാജ്മ, സോയാബീന്‍ തുടങ്ങിയവയില്‍ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
ഡ്രൈ ഫ്രൂട്ട്സ്
ദിവസവും നിലക്കടല കഴിക്കുന്നത് പ്രമേഹ സാധ്യത 21 ശതമാനം കുറയ്ക്കുന്നു. പ്രമേഹരോഗികള്‍ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്.
ഓറഞ്ച്
ഓറഞ്ചുകളില്‍ ധാരാളമായി ഫൈബര്‍ കാണപ്പെടുന്നതുകൊണ്ടുതന്നെ കഴിച്ച് ഒരുപാട് നേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നുകയും രക്തത്തിലേക്ക് പഞ്ചസാര കലരുന്നതിന്റെ തോത് സാവധാനമാകുകയും ചെയ്യും. ജ്യൂസ് ആയി കുടിക്കുന്നതിലും ഓറഞ്ച് മൊത്തമായി തന്നെ കഴിക്കാനാണ് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്
മധുരക്കിഴങ്ങ്
പ്രമേഹരോഗികള്‍ക്ക് കിഴങ്ങു വര്‍ഗത്തില്‍പ്പെട്ട ഭക്ഷണങ്ങള്‍ നിര്‍ദേശിക്കാറില്ലെങ്കിലും പിങ്ക് നിറത്തിലുള്ള മധുരക്കിഴങ്ങ് ഏറ്റവും ഉത്തമമാണ്. കിഴങ്ങു വര്‍ഗങ്ങളില്‍ അന്നജം കൂടുതലുള്ളതിനാലാണ് പ്രമേഹ രോഗികളോട് ഉരുളക്കിഴങ്ങും മറ്റും അധികം കഴിക്കരുതെന്ന് നിര്‍ദ്ദേശിക്കാറുള്ളത്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ ഗ്ലൈകമിക് ഇന്‍ഡക്സ് 55 ല്‍ താഴെയുമാണ്.
Discussion about this post