മൈക്കേല്‍ ജാക്‌സണ്‍ മുതല്‍ ആട് തോമ വരെ!

moto gussy, bike
ഫേവര്‍ ഫ്രാന്‍സിസ് അങ്ങനെ തന്നെ നേരിടാന്‍ വന്ന പത്തു ഗുണ്ടകളെ ഒറ്റക്കിടിച്ചു പറപ്പിച്ചു നമ്മുടെ നായകന്‍ സ്ലോ മോഷനില്‍ തിരിഞ്ഞു നടക്കുകയാണ് സുഹൃത്തുക്കളേ. അതിനിടയില്‍ താന്‍ കോളറിന് പിന്‍വശത്തു തൂക്കിയിട്ട കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്ത് വച്ച് ഒരു നിമിഷം അയാള്‍ കാണികളെ നോക്കുന്നു. കാണികളുടെ ആവേശം ആര്‍ത്തിരമ്പുന്ന കടലായി മാറുകയാണ്. unnamed (3) ഇവിടെ കയ്യടിയുടെ അവകാശികള്‍ രണ്ടാണ്. ഒന്ന് നമ്മുടെ ഇഷ്ട നായകനും. രണ്ട് അയാള്‍ മുഖത്ത് എടുത്തു വയ്ക്കുന്ന റെയ്ബാന്‍ ഗ്ലാസ്സും. സത്യത്തില്‍ ആരാണ് ഇതിലെ സൂപ്പര്‍ ഹീറോ? സംശയം വേണ്ട. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഏഴില്‍ കയറി കുത്തിയിരുന്ന താര സിംഹാസനത്തില്‍ നിന്നും ഇപ്പോഴും താഴെയിറങ്ങാന്‍ കൂട്ടാക്കാതെ നിത്യ ഹരിത നായകനായി വിലസുന്ന റെയ്ബാന്‍ തന്നെയാണ് യഥാര്‍ത്ഥ താരരാജാവ്. ജെയിംസ് ബോണ്ടായാലും രാജമാണിക്യമായാലും തങ്ങളുടെ അപ്രമാദിത്വം തെളിയിക്കാന്‍ ഒരു റെയ്ബാന്‍ ഏവിയേറ്റര്‍ എടുത്തു മുഖത്ത് വക്കുകയെ വേണ്ടൂ. പിന്നെയവര്‍ വേറെ ലെവലാണ് ഭായ്. ലോക ചരിത്രത്തില്‍ തന്നെ ആളുകള്‍ ഇത്രയേറെ സ്വന്തമാക്കാന്‍ മോഹിച്ച മറ്റൊരു ബ്രാന്‍ഡ് ഉണ്ടാകാനിടയില്ല അമേരിക്കന്‍ പ്രസിഡന്റ് തൊട്ട് ഫോര്‍ട്ട് കൊച്ചിയിലെ ഫ്രീക്ക് പിള്ളേര്‍ വരെ ഒരേ പോലെ ആരാധിക്കുന്ന ബ്രാന്‍ഡ് ആണ് റെയ്ബാന്‍. ഏതൊരു യുവമനസ്സിന്റെയും ഉള്ളറയില്‍ ഒരിക്കലെങ്കിലും സ്വന്തമാക്കണം എന്ന് കൊതിച്ച ബ്രാന്ഡ് .റെയ്ബാനിനെക്കാള്‍ വില കൂടിയതും കുറഞ്ഞതുമായ ഒട്ടനവധി ബ്രാന്‍ഡുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടു പോലും ഫാഷന്‍ ലോകം ഇന്നും പായുന്നത് റെയ്ബാന് വേണ്ടി മാത്രം. unnamed (4) പറക്കും ബ്രാന്‍ഡ് ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയേഴില്‍ ബോഷ് ആന്‍ഡ് ലോംബ്ബ് കമ്പനിയാണ് റെയ്ബാന്‍ എന്ന ബ്രാന്‍ഡ് ആദ്യമായി പുറത്തിറക്കുന്നത്. അമേരിക്കന്‍ വ്യോമസേനയുടെ ആവശ്യപ്രകാരമായിരുന്നു റെയ്ബാനിന്റെ പിറവി.പുതിയ വിമാനങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കിയ അമേരിക്കന്‍ വൈമാനികര്‍ ഒന്നടങ്കം മേലധികാരികളുടെ മുന്നില്‍ സൂര്യരശ്മികള്‍ മൂലം തങ്ങള്‍ക്ക് ബാധിച്ച കടുത്ത തലവേദനയെക്കുറിച്ച് പരാതി പറഞ്ഞു. ഈ ആവശ്യം മനസ്സിലാക്കി തങ്ങളുടെ ഭടന്മാരുടെ കണ്ണുകളെ സൂര്യതാപത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയാണ് അമേരിക്കന്‍ വ്യോമസേന തങ്ങളുടെ ഭടന്മാര്‍ക്ക് വേണ്ടി ഒരു സണ്‍ ഗ്ലാസ് നിര്‍മിക്കാന്‍ ബോഷ് ആന്‍ഡ് ലോംബിനോട് സൂചിപ്പിച്ചതെങ്കിലും വെറും സുരക്ഷ അല്‍പം കൂടിയാലും സ്‌റ്റെല്‍ ഒട്ടും കുറയണ്ട എന്ന അഭിപ്രായമായിരുന്നു അവര്‍ മുന്നോട്ട് വച്ചത്. അമേരിക്കന്‍ പൈലറ്റുമാര്‍ക്കിടയില്‍ റെയ്ബാന്‍ ഹിറ്റ് ആയി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. റെയ്ബാന്‍ നാമത്തില്‍ ആദ്യമായി പുറത്തിറങ്ങിയ ഏവിയേറ്റര്‍ എന്ന മോഡലാണ് അന്നും ഇന്നും റെയ്ബാന്‍ മോഡലുകളില്‍ ഏറ്റവും ഡിമാന്റുള്ളത്. unnamed (2) ആന്റി ഗ്ലെയര്‍ എന്ന നൂതന ആശയവുമായി അമേരിക്കന്‍ വ്യോമസേവനക്കായി അവതരിച്ച റെയ്ബാന്‍ ഏവിയേറ്റര്‍ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിഏഴില്‍ തന്നെ പൊതുജനങ്ങള്‍ക്കും ലഭ്യമായി. ഓവല്‍ ഷേപ്പിലുള്ള പ്ലാസ്റ്റിക് ഫ്രയിമുകളായിരുന്നു ആദ്യമായി റെയ്ബാന്‍ പുറത്തിറക്കിയ സണ്‍ ഗ്ലാസുകളില്‍ ഉപയോഗിച്ചിരുന്നത്. പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്പനി അതെ ഷേപ്പിലുള്ള ലോഹ ഫ്രയിമുകള്‍ പുറത്തിറക്കുകയും ഔദ്യോഗികമായി ആ മോഡലിനെ റെയ്ബാന്‍ ഏവിയേറ്റര്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ഇതേ ഷേപ്പില്‍ ഇറങ്ങുന്ന ഏതു ബ്രാന്‍ഡിന്റെ സണ്‍ ഗ്ലാസ്സിനും ഏവിയേറ്റര്‍ എന്ന് തന്നെയാണ് വിളിപ്പേര്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി എട്ടില്‍ റെയ്ബാന്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു മോഡല്‍ എത്തി.റെയ്ബാന്‍ ഷൂട്ടര്‍. പച്ച നിറത്തിലും വിളറിയ മഞ്ഞ നിറത്തിലുമുള്ള ലെന്‍സുകളായിരുന്നു റെയ്ബാന്‍ ഷൂട്ടറിന്റെ ഹൈ ലൈറ്റ്. നീല വെളിച്ചത്തെ ഫില്‍റ്റര്‍ ചെയ്തു കാഴ്ച കൂടുതല്‍ ഷാര്‍പ് ആക്കി മാറ്റുമെന്ന അവകാശവാദവുമായിട്ടാണ് ഷൂട്ടര്‍ വിപണിയില്‍ എത്തിയത്. ഒരു സിഗരറ്റ് പിടിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് റെയ്ബാന്‍ ഷൂട്ടറിന്റെ ഫ്രെയിം നിര്‍മിച്ചിരുന്നത്. ഷൂട്ടറിന്റെ രണ്ടു കൈകളും സ്വതന്ത്രമായി ഉപയോഗിക്കാന്‍ റെയ്ബാന്‍ കണ്ടു പിടിച്ച സൂത്രപ്പണിയായിരുന്നു ഈ 'സിഗരറ്റ് ഹോള്‍ഡര്‍' ഫ്രെയിം. unnamed (5) രണ്ടാം ലോക മഹായുദ്ധമാണ് റെയ്ബാന്‍ അമേരിക്കക്കാര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റ് ആയി മാറാന്‍ പ്രധാന പങ്ക് വഹിച്ച ഒരു ഘടകം. തങ്ങളുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികര്‍ക്ക് പിന്തുണയുമായി പുറത്തിറങ്ങിയ മിലിട്ടറി സ്‌റ്റൈല്‍ ടീ ഷര്‍ട്ടുകള്‍ അമേരിക്കക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട വസ്ത്രങ്ങളില്‍ ഒന്നാണ്. അതേ രീതിയില്‍ തന്നെയാണ് തങ്ങളുടെ സൈനികര്‍ ധരിച്ചിരുന്ന റെയ്ബാന്‍ സണ്‍ ഗ്ലാസ്സുകളെയും അമേരിക്കക്കാര്‍ വരവേറ്റത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് റെയ്ബാന്‍ ഗ്ലാസും ധരിച്ചു ഫിലിപ്പൈന്‍സ് ബീച്ചില്‍ വിമാനമിറങ്ങുന്ന ജനറല്‍ ഡഗ്ലസ് മാക് ആര്‍തറുടെ ചിത്രം പ്രശസ്തമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അമേരിക്കന്‍ ജനതയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് എന്നും പുതിയ മാനങ്ങള്‍ നല്‍കിയ ഹോളിവുഡിന്റെ സ്വാധീനത്തിലും വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടായി. ആയിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ടിലാണ് ഏവിയേറ്ററിനു ശേഷം ലോകത്തെമ്പാടും ഇപ്പോഴും ഏറ്റവും ഡിമാന്‍ഡ് ഉള്ള വേഫെയറര്‍ എന്ന മോഡല്‍ റെയ്ബാന്‍ പുറത്തിറക്കുന്നത്. അത് വരെ ഹിറ്റ് ആയിരുന്ന ലോഹ ഫ്രയിമുകളില്‍ നിന്ന് മാറി പ്ലാസ്റ്റിക് ഫ്രയിമുകളുമായാണ് വേഫെയറര്‍ രംഗത്ത് എത്തിയത്. ഫാഷന്‍ മോഡലുകള്‍ക്ക് സിനിമാ താരങ്ങള്‍ക്കും മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരുടെയും പ്രിയ മോഡല്‍ ആയി വേഫെയറര്‍ മാറി. ഹോളിവുഡ് തരംഗം ആയിരത്തി തൊള്ളായിരത്തി അന്‍പത്തിഅഞ്ചില്‍ റിലീസ് ആയ 'റിബല്‍ വിത്ത്ഔട്ട് എ കോസ്' എന്ന ചിത്രത്തില്‍ ഹോളിവുഡിലെ ഇതിഹാസ നായകന്‍ ജെയിംസ് ഡീന്‍ അണിഞ്ഞതോടെയാണ് വേഫെയറര്‍ അമേരിക്കയുടെ പുതിയ ആവേശമായി മാറുന്നത്. എന്നാല്‍ പുരുഷന്മാര്‍ക്ക് വേണ്ടി പുറത്തിറങ്ങിയ മോഡലായിട്ട് കൂടി വേഫെയറര്‍ വളരെപ്പെട്ടെന്നു തന്നെ സ്ത്രീകളുടെയും ഇഷ്ട ബ്രാന്‍ഡ് ആയിത്തീര്‍ന്നു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ നായികയായിരുന്ന ഓഡ്രി ഹെപ്‌ബെര്‍ണിന്റെ 'ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനിസ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ്. വേഫെയററിനു പിന്നാലെ റെയ്ബാന്‍ പുറത്തിറക്കിയ മോഡല്‍ ആണ് സ്വര്‍ണം വെള്ളി നിറങ്ങളിലുള്ള ഫ്രെയിമുമായി വിപണിയില്‍ എത്തിയ റെയ്ബാന്‍ സിഗ്‌നറ്റ്. കാലമേറെക്കഴിഞ്ഞിട്ടും ഇപ്പോഴും തമിഴ് സിനിമയിലെ ഗ്രാമീണ വില്ലന്മാരുടെ ഇഷ്ട ബ്രാന്‍ഡാണ് റെയ്ബാന്‍ സിഗ്‌നറ്റ്. സിഗ്‌നറ്റിന് ശേഷം ഏറ്റവും പപ്രശസ്തി നേടിയ മറ്റൊരു റെയ്ബാന്‍ ബ്രാന്‍ഡ് ആയിരത്തി തൊള്ളായിരത്തി അന്‍പത്തി ഏഴില്‍ കമ്പനി പുറത്തിറക്കിയ റെയ്ബാന്‍ കാരവന്‍ എന്ന മോഡലാണ്. ഏവിയേറ്ററിന്റെ ഷേപ്പില്‍ ചെറുതായി മാറ്റം വരുത്തിയിറക്കിയ കാരവന്‍ ഹിറ്റ് ആക്കിയത് റോബര്‍ട്ട് ഡി നീറോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ 'ടാക്‌സി ഡ്രൈവര്‍' ആണ്. ഹോളിവുഡിലെ പുത്തന്‍ താരോദയങ്ങള്‍ക്കൊപ്പം റെയ്ബാനും പുതിയ പുതിയ മോഡലുകള്‍ അവതരിപ്പിച്ചു കയ്യടി നേടി. ആയിരത്തി തൊള്ളായിരത്തി അറുപത്തി അഞ്ചില്‍ റെയ്ബാന്‍ പുറത്തിറക്കിയ ഒളിമ്പ്യന്‍ എന്ന മോഡല്‍ ഹിറ്റ് ആക്കിയത് പീറ്റര്‍ ഫോണ്ടയുടെ 'ഈസി റൈഡര്‍' എന്ന ചിത്രത്തിന്റെ വിജയമാണ്. തുടര്‍ന്ന് പുറത്തിറങ്ങിയ റെയ്ബാന്‍ ബലോരമ തരംഗമായി മാറുന്നത് ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 'ഡേര്‍ട്ടി ഹാരി'യുടെ വിജയത്തോടെയാണ്. unnamed (6) ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എഴുപതുകളെന്നാല്‍ ഡിസ്‌കോ യുഗമാണ്. മറ്റുള്ളവരെ ഞെട്ടിക്കാനായി വസ്ത്രം ധരിച്ചിരുന്ന കാലഘട്ടം. അക്കാലത്തു വീടിനകത്തു പോലും കൂളിംഗ് ഗ്ലാസ് വച്ചിട്ടായിരുന്നത്രെ കട്ട ഡിസ്‌കോ പ്രേമികളുടെ നടപ്പ്. ഇത്ര നല്ലൊരു കാലം വെറുതെ വിടാന്‍ റെയ്ബാന്‍ മണ്ടന്മാരൊന്നുമല്ലല്ലോ. എഴുപതുകളില്‍ രണ്ടു പ്രധാന മേഖലകളാണ് റെയ്ബാന്‍ നോട്ടമിട്ടത്. ഒന്ന് തങ്ങളുടെ പ്രിയപ്പെട്ട ഫാഷന്‍ ലോകവും മറ്റേത് ഹോളിവുഡ് താരങ്ങളുടെ അത്ര തന്നെ പ്രശ്‌സതി നേടിത്തുടങ്ങിയ യഥാര്‍ത്ഥ താരങ്ങളുടെ ലോകമായ കായികരംഗവും. പ്രധാനമായും രണ്ടു മോഡലുകളാണ് എഴുപതുകളില്‍ റെയ്ബാന്‍ പുറത്തിറക്കിയത്. റെയ്ബാന്‍ വാഗബോണ്ടും റെയ്ബാന്‍ സ്‌റ്റേറ്റ് സൈഡും. ഫാഷനില്‍ മാത്രമല്ല സാങ്കേതികതയിലും വന്‍കുതിച്ചു കയറ്റമാണ് എഴുപതുകളില്‍ റെയ്ബാന്‍ കൈവരിച്ചത്. പര്‍വ്വതാരോഹകര്‍ക്കായി കണ്ണാടിപോലുള്ള ലെന്‍സുകളും വശങ്ങളില്‍ ലെതര്‍ ഷീല്‍ഡുകളും പിടിപ്പിച്ച ഒരു പ്രത്യേക മോഡല്‍ തന്നെ അക്കാലത്ത് റെയ്ബാന്‍ പുറത്തിറക്കി. അതെ സമയത്തു തന്നെയാണ് റെയ്ബാന്‍ ആദ്യമായി പവര്‍ ഉള്ള സണ്‍ഗ്ലാസുകള്‍ പുറത്തിറക്കിയതും. വെളിച്ചത്തിനനുസരിച്ചു നിറം മാറാന്‍ കഴിവുള്ള ആംബര്‍മാറ്റിക് ലെന്‍സുകള്‍ റെയ്ബാന്‍ പുറത്തിറക്കിയതും ഇതേ സമയത്താണ്. ഒരു വശത്തു സിനിമാ താരങ്ങളും കായികതാരങ്ങളും റെയ്ബാന്റെ അപ്രഖ്യാപിത ബ്രാന്‍ഡ് അംബാസഡര്‍മാരായി വര്‍ത്തിച്ചപ്പോള്‍ മറുവശത്ത് ഉദിച്ചിയുര്‍ന്ന റോക്ക് സംഗീതജ്ഞരും അവരുടെ ആരാധകരും റെയ്ബാന്റെ വെന്നിക്കൊടി കൂടുതലുയരത്തില്‍ പറപ്പിച്ചു. ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ പോപ്പ് സ്റ്റാര്‍ ആയിരുന്ന മൈക്കേല്‍ ജാക്‌സണ്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലിലെ ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ റെയ്ബാന്‍ ഏവിയേറ്റര്‍ ധരിച്ചു പ്രത്യക്ഷപ്പെട്ടതോടെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ കൂടി പ്രിയ ബ്രാന്‍ഡ് ആയി മാറി ഏവിയേറ്റര്‍. unnamed (7) മാറ്റത്തിന്റെ കാറ്റ് ഹോളിവുഡ് തന്നെയായിരുന്നു തൊണ്ണൂറുകളിലും റെയ്ബാന്റെ മുഖ്യ പ്രചാരകര്‍. 'മാല്‍കം എക്‌സ്' എന്ന ചിത്രത്തില്‍ ഡെന്‍സില്‍ വാഷിംഗ്ടണും റിസര്‍വോയര്‍ ഡോഗ്‌സില്‍ ടിം റോത്തും അണിഞ്ഞ റെയ്ബാന്‍ ക്ലബ് സ്റ്റാര്‍ എന്ന മോഡലായിരുന്നു തൊണ്ണൂറുകളുടെ തുടക്കത്തിലേ ഹിറ്റ് റെയ്ബാന്‍ മോഡല്‍. തൊണ്ണൂറുകളുടെ അവസാനത്തില്‍ 'മെന്‍ ഇന്‍ ബ്ലാക്ക്' ഹിറ്റായപ്പോള്‍ അതിനൊപ്പം ഹിറ്റ് ആയത് നായകന്മാരായ വില്‍ സ്മിത്തും ടോമി ലീ ജോണ്‍സും ധരിച്ച റെയ്ബാന്‍ പ്രിഡേറ്റര്‍ എന്ന മോഡലാണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതില്‍ ലക്‌സോട്ടിക്ക ഗ്രൂപ്പ് ബോഷ് ആന്‍ഡ് ലോംബ് ഏറ്റെടുത്തു. അതോടെ റെയ്ബാന്‍ ഉള്‍പ്പെടെയുള്ള പല പ്രശസ്ത ബ്രാന്‍ഡുകളും ലക്‌സോട്ടിക്കയുടെ കുടക്കീഴിലായി. രണ്ടായിരത്തില്‍ പ്രീസ്‌ക്രിപ്ഷന്‍ ലെന്‍സുകള്‍ക്കായി റെയ്ബാന്‍ ഒപ്ടിക്കല്‍സ് എന്ന ഒരു വിഭാഗം ലക്‌സോട്ടിക്ക ആരംഭിച്ചു. റെയ്ബാന്‍ സണ്‍ഗ്ലാസുകളുടെ ഫാഷന്‍ സാധാരണ കണ്ണടയുടെ ഫ്രയിമുകളിലും കൊണ്ട് വരിക എന്നതായിരുന്നു റെയ്ബാന്‍ ഒപ്ടിക്കല്‍സിന്റെ പ്രഖ്യാപിത ലക്ഷ്യം. ലക്‌സോട്ടിക്ക ഏറ്റെടുത്തതിനു ശേഷമുള്ള മറ്റൊരു പ്രധാന ചുവടുവെപ്പായിരുന്നു എട്ടു തൊട്ട് പന്ത്രണ്ട് വയസുള്ള കുട്ടികള്‍ക്ക് വേണ്ടി പുറത്തിറക്കിയ റെയ്ബാന്‍ ജൂനിയര്‍ എന്ന ബ്രാന്‍ഡ്. unnamed (8) രണ്ടായിരത്തി ഏഴില്‍ റെയ്ബാന്‍ ആരംഭിച്ച നെവര്‍ ഹൈഡ് എന്ന പരസ്യ ക്യാമ്പയിന്‍ റെയ്ബാന്‍ എന്ന ബ്രാന്‍ഡിന് നല്‍കിയ മൈലേജ് ചില്ലറയല്ല. ഒരു ആഗോള ക്യാമ്പയിന്‍ ആയി വിഭാവനം ചെയ്ത നെവര്‍ ഹൈഡ് ക്യാമ്പയിന്‍ ആരംഭിക്കുന്നത് ന്യൂ യോര്‍ക്ക് ടൈം സ്‌ക്വയറില്‍ പന്ത്രണ്ട് എല്‍ഇഡി സ്‌ക്രീനുകളില്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള റെയ്ബാന്‍ ആരാധകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു. ഇതേ ചിത്രങ്ങള്‍ തന്നെ റെയ്ബാന്‍ ഡോട്ട് കോം ഗാലറിയിലും തുടര്‍ന്ന് പ്രദര്‍ശിപ്പിക്കപ്പെട്ടു. രണ്ടായിരത്തി ഒന്‍പതില്‍ ഇതേ നെവര്‍ ഹൈഡ് ക്യാമ്പയിന്‍ തന്നെ നിറം കൂട്ടി റെയ്ബാന്‍ കളറൈസ് എന്ന പേരില്‍ പുനരവതരിപ്പിക്കാന്‍ റെയ്ബാന്‍ തയ്യാറായി. റെയ്ബാന്‍ വേഫെയറര്‍ കളറൈസ് കിറ്റ് പുറത്തിറങ്ങിയതോടെ റെയ്ബാന്‍ ആരാധകര്‍ക്ക് അവര്‍ക്കിഷ്ടമുള്ള നിറങ്ങള്‍ നല്‍കി റെയ്ബാന്‍ ഫ്രയിമുകള്‍ സ്വയം അലങ്കരിച്ചെടുക്കാനുള്ള അവസരം ലഭിച്ചു. കിറ്റില്‍ ഉള്ള സ്‌റ്റെന്‍സിലുകളും സ്‌പെഷ്യല്‍ മാര്‍ക്കറുകളും ഉപയോഗിച്ച് തങ്ങള്‍ക്കിഷ്ടമുള്ള ഡിസൈനുകള്‍ കിറ്റില്‍ ലഭിക്കുന്ന വെള്ള വേഫെയറര്‍ ഫ്രയിമില്‍ വിരിയിച്ചെടുക്കാം എന്നത് അവരെ ഹരം കൊള്ളിച്ചു. റെയ്ബാന്‍ റെയര്‍ പ്രിന്റ്‌സ് എന്ന പരമ്പര പുറത്തിറങ്ങിയതോടെ സിനിമയിലും പരസ്യരംഗത്തുമുള്ള പുതിയ പ്രവണതകള്‍ തങ്ങളുടെ ഫ്രയിമുകളില്‍ പ്രതിഫലിപ്പിക്കാന്‍ റെയ്ബാന്‍ ശ്രദ്ധിച്ചു. unnamed നാളിതു വരെ റെയ്ബാന്‍ പുറത്തിറക്കിയ മോഡലുകളില്‍ ഇന്നും ഏറ്റവും പ്രിയം അവരുടെ സിഗ്‌നേച്ചര്‍ ബ്രാന്‍ഡ് ആയ ഏവിയേറ്റര്‍ തന്നെ. തൊട്ടു പുറകില്‍ തന്നെ വേഫെയററും ഉണ്ട്. അങ്ങ് ഹോളിവുഡില്‍ മാത്രമല്ല ഇങ്ങു മലയാളക്കരയിലും ഉണ്ട് റെയ്ബാന്‍ ആരാധകര്‍. ആടുതോമയും രാജമാണിക്യവും മാത്രമല്ല ബിലാലും സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറുമൊക്കെ റെയ്ബാന്‍ ആരാധകര്‍ തന്നെ. അല്ലെങ്കില്‍ തന്റെ റെയ്ബാന്‍ ഗ്ലാസ് പൊട്ടിച്ചതിന്റെ പേരില്‍ ആടുതോമ എസ് ഐ പുലിക്കോടനെ മുണ്ടുരിഞ്ഞു വരിഞ്ഞു കെട്ടി പൊതിരെ തല്ലുമായിരുന്നോ? തന്റെ തെറിച്ചു പോയ റെയ്ബാന്‍ ഗ്ലാസിന് പകരം വേറെ നല്‍കാന്‍ രാജമാണിക്ക്യം തന്റെ അണികളെ ചുമതലപ്പെടുത്തുമോ? സരോജ് കുമാര്‍ എത്ര സീനുണ്ടോ അത്രയും കൂളിംഗ് ഗ്ലാസ് പോരട്ടെ എന്ന് പറഞ്ഞതും റെയ്ബാന്‍ മനസ്സില്‍ വച്ച് തന്നെ ആയിരിക്കണം. ഇതെന്റെ പുതിയ റെയ്ബാന്‍ ഗ്‌ളാസാ... അത് തൊട്ടുള്ള കളി വേണ്ടാ... ഫേവര്‍ ഫ്രാന്‍സിസ്

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)