ഫ്രം കേരള ടു ഇന്ത്യ ഒരു ബ്രാന്‍ഡ് അംബാസഡര്‍ പരീക്ഷണം

- ഫേവര്‍ ഫ്രാന്‍സിസ് കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ റൗണ്ടിലൂടെ കാര്‍ ഓടിച്ചു പോകുമ്പോള്‍ ഒരു കൂറ്റന്‍ ഫഌ്‌സ് ബോര്‍ഡ് കണ്ടു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായ പ്രിഥ്വിരാജ് ആണ് അതിലെ താരം. വേഷം ജീന്‍സും ടീ ഷര്‍ട്ടും ബ്ലേസറും. ഒറ്റ നോട്ടത്തില്‍ തന്നെ കണ്ണു തിരിച്ചു ഇത് കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യമല്ലേ? ഇതേ തോന്നല്‍ തന്നെയാണ് ഒരു പ്രഭാതത്തില്‍ ഒരു മലയാളം പത്രത്തിന്റെ മുന്‍പേജ് നിറഞ്ഞു നില്‍ക്കുന്ന ജാക്കറ്റ് പരസ്യത്തില്‍ പ്രിഥ്വിരാജിന്റെ ചിരിച്ച മുഖം കണ്ടപ്പോഴും ഉണ്ടായത്. കല്യാണ്‍ സില്‍ക്‌സിന്റെ ഇത്തരം പരസ്യങ്ങള്‍ പതിവാണ് താനും. എന്നാല്‍ പിന്നീടെപ്പോഴോ ആണ് അതൊന്നും കല്യാണിന്റെ പരസ്യങ്ങളായിരുന്നില്ല മറിച്ച് അസെറ്റ് ഹോംസിന്റെ പരസ്യങ്ങള്‍ ആയിരുന്നെന്ന് മനസിലാകുന്നത്. തെറ്റായിപ്പോയ ഒരു തീരുമാനമായിരുന്നോ അസെറ്റ് ഹോംസിന്റെത് എന്നുപോലും തോന്നിപ്പോയ സമയം. എന്നാല്‍ ഒട്ടും വൈകാതെ ടി വിയില്‍ പ്രിഥ്വിരാജിനെ വച്ച് തന്നെ തരക്കേടില്ലാത്ത ഒരു പരസ്യം ചെയ്തു അസെറ്റ് ആ തെറ്റിദ്ധാരണ മറികടന്നു. കല്യാണ്‍ സില്‍ക്‌സിനോളം റിലീസ് ഇല്ലെങ്കിലും അത്യാവശ്യം നല്ല തോതില്‍ റിലീസ് ചെയ്ത് അസെറ്റ് ഹോംസും തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ പ്രിഥ്വിരാജ് തന്നെയെന്ന സന്ദേശം മികച്ച രീതിയില്‍ ജനങ്ങളില്‍ എത്തിച്ചു. assetvs-kalyan ഇത്തരം സംശയങ്ങള്‍ പരസ്യങ്ങളില്‍ പതിവാണ്. അടുത്തിടെ ഒരു ക്ലെയ്ന്റിനു ബ്രാന്‍ഡ് അംബാസഡര്‍ ആയി മലയാള സിനിമയിലെ ഒരു മുന്‍നിര നടിയുടെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'ആ നടിയുടെ വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങള്‍ സ്ഥിരം കണ്ടു കണ്ടു ഇപ്പൊ അത് ഏതു പ്രോഡക്റ്റിന്റെ പരസ്യമാണെന്ന് തന്നെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്, അത് കൊണ്ട് അവര്‍ വേണ്ട' നോക്കണേ ഒരു നല്ല ബ്രാന്‍ഡ് അംബാസഡറുടെ ഗതികേട്. അവര്‍ക്കറിയാം താരപരിവേഷം ഉള്ളിടത്തോളം കാലമേ ഈ ബ്രാന്‍ഡ് അംബാസഡര്‍ പണിയും ഉദ്ഘാടനവും ഒക്കെ കിട്ടാന്‍ പോകുന്നുള്ളൂ. അത് കഴിഞ്ഞാല്‍ ആര് തിരിഞ്ഞു നോക്കാന്‍? ഈ ആശങ്ക അവരുടേത് മാത്രമല്ല മറിച്ച് ആ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ബ്രാന്‍ഡ് അംബാസഡറെ നിര്‍ദ്ദേശിക്കുന്ന പരസ്യ കമ്പനിക്കും ഉണ്ടാകും. എന്നാണ് ഇവരുടെ താര പദവി നഷ്ടപ്പെടുന്നത്? എന്നാണു ഇവര്‍ എന്തെങ്കിലും കേസില്‍ പെട്ട് പുലിവാല് പിടിക്കുന്നത്? ഇത്ര മാത്രമല്ല ഇക്കാലത്ത് ഒരു കാര്യം കൂടി സൂക്ഷിക്കണം. എന്നാണാവോ ഇവര്‍ എന്തെങ്കിലും മണ്ടത്തരം എഴുന്നള്ളിച്ച് ട്രോള്‍ പേജുകളിലെ താരങ്ങള്‍ ആയി മാറുന്നത്? ഈ ഞാണിന്‍മേല്‍ കളി ഭംഗിയായി കളിക്കാനറിയുന്ന പരസ്യകമ്പനികള്‍ ഒറ്റ കാമ്പൈന്‍ കൊണ്ട് തന്നെ ഒരു ബ്രാന്‍ഡിന്റെ തലവര മാറ്റി വരച്ചേക്കാം. ഇത്തരത്തില്‍ പെടുന്ന ഒരു കാമ്പൈന്‍ ആണ് കല്യാണ്‍, ആലൂക്കാസ്, ഭീമ തുടങ്ങിയ സ്വര്‍ണവ്യാപാരഭീമന്‍മാരുടെ നിരയിലേക്ക് ഒരു കസേര വലിച്ചിട്ട് ഇരിപ്പുറപ്പിക്കാന്‍ മലബാര്‍ ഗോള്‍ഡിനെ സഹായിച്ചത്. മറ്റുള്ള വ്യാപാരികള്‍ കേരളത്തില്‍ എല്ലാ പ്രധാന നഗരങ്ങളിലും ശാഖകള്‍ തുടങ്ങിയപ്പോള്‍ ആറു ശാഖകളുമായി ഉത്തര കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മലബാര്‍ ഗോള്‍ഡ് അവരുടെ ഏഴാമത്തെ ഷോ റൂം തുറക്കുന്നത് കൊച്ചിയിലോ, കോട്ടയത്തോ തൃശൂരോ, തിരുവനന്തപുരത്തോ ആയിരുന്നില്ല മറിച്ച് കേരള വിപണിയില്‍ നിന്നും ഏറെ വ്യത്യസ്തമായ വിപണി സ്വഭാവമുള്ള ബംഗളൂരുവില്‍ ആയിരുന്നു. മലയാളികള്‍ ഏറെയുള്ള ബംഗളൂരുവില്‍ അവര്‍ വര്‍ഷങ്ങളായി വിശ്വാസമര്‍പ്പിച്ച മലയാളി സ്വര്‍ണക്കടകള്‍ മാത്രമായിരുന്നില്ല അവിടെ മലബാര്‍ ഗോള്‍ഡിനെ കാത്തിരുന്ന എതിരാളികള്‍. ഇന്ത്യയിലെ തന്നെ മികച്ച ബ്രാന്‍ഡുകളും തദ്ദേശീയരുടെ പ്രിയപ്പെട്ട സ്ഥാപനങ്ങളും ഉള്ള പൂന്തോട്ടങ്ങളുടെ നഗരത്തിലേക്ക് ഒരു കേരള ബ്രാന്‍ഡ് ആയിട്ടല്ല മലബാര്‍ ഗോള്‍ഡ് രംഗപ്രവേശം ചെയ്തത് മറിച്ച് ഒരു പാന്‍ ഇന്ത്യന്‍ പ്രതിഛായ ഉള്ള സ്വര്‍ണ വ്യാപാരസ്ഥാപനം ആയിട്ടാണ്. ഇതിനു അവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത് ബ്രാന്‍ഡ് അംബാസഡറുടെ കാര്യത്തില്‍ അവര്‍ എടുത്ത ബുദ്ധിപൂര്‍വമായ ഒരു തീരുമാനമാണ്. sania-mirza കേരളത്തിലെ എതിരാളികെ ബ്രാന്‍ഡ് വാല്യൂ മാനദണ്ഡത്തില്‍ മൈലുകള്‍ പിന്നിലാക്കി കൊണ്ടാണ് അന്ന് മലബാര്‍ ഗോള്‍ഡ് അവരുടെ ഏറ്റവും പുതിയ ബ്രാന്‍ഡ് അംബാസഡറെ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ ടെന്നീസില്‍ ഉദിച്ചുയര്‍ന്ന ഏക വനിതാരത്‌നം സാനിയ മിര്‍സയെയായിരുന്നു ആ സ്ഥാനം അലങ്കരിക്കാന്‍ അവര്‍ തെരഞ്ഞെടുത്തത്. പ്രഖ്യാപനം നടന്നതോ മുബൈയില്‍ വച്ച് നടന്ന ഒരു ചടങ്ങളില്‍. മറ്റു പലരും സിനിമാ താരങ്ങള്‍ക്കും വിദേശ മോഡലുകള്‍ക്കും പുറകെ പോയപ്പോള്‍ ഉദിച്ചുയര്‍ന്നു വരുന്ന പ്രഗല്‍ഭയും സുന്ദരിയും ടെന്നീസ് പോലെ അന്താരാഷ്ട്ര സ്വീകാര്യതയുള്ള ഒരു കായിക വിനോദത്തില്‍ ഏര്‍പ്പെട്ട ഒരു വനിതാ താരത്തിനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുക വഴി ഇന്ത്യയിലും വിദേശത്തുമുള്ള ഏതൊരു നഗരത്തിലും തങ്ങള്‍ക്കു ലഭിക്കാവുന്ന മികച്ച വരവേല്‍പ്പ് മുന്‍കൂട്ടികാണാന്‍ മലബാര്‍ ഗോള്‍ഡിന് വേണ്ടി കരുക്കള്‍ നീക്കിയ പരസ്യ ഏജന്‍സിക്ക് കഴിഞ്ഞു എന്നത് കേരളത്തിന്റെ ബ്രാന്‍ഡിംഗ് ചരിത്രത്തിലെ ഒരു മികച്ച നാഴികക്കല്ലാണ്. ഈ ഒരൊറ്റ തീരുമാനം കൊണ്ട് മലബാര്‍ ഗോള്‍ഡ് നേടിയെടുത്ത പ്രതിച്ഛായ ഇന്ത്യയിലും പുറത്തും അവര്‍ക്കുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കുള്ള ആദ്യ ചുവടായിരുന്നു. ഇതേ രീതി തന്നെയാണ് ആദ്യമായി തമിഴ്‌നാട്ടില്‍ കാലു കുത്തിയപ്പോഴും മലബാര്‍ ഗോള്‍ഡ് അനുവര്‍ത്തിച്ചത്. രസികര്‍ മണ്രങ്ങള്‍ തെരുവിലിറങ്ങി പോരാടുന്ന ഒരു സൂപ്പര്‍ താരങ്ങള്‍ക്ക് പുറകെയും പോകാതെ അവര്‍ക്കെല്ലാം മുകളില്‍ നില്‍ക്കുകയും അന്നാട്ടുകാര്‍ക്കു മാത്രമല്ല ഇന്ത്യയൊട്ടുക്ക് ലക്ഷക്കണക്കിന് ആരാധകരും ഉള്ള സംഗീത സമ്രാട്ട് ഇസൈജ്ഞാനി ഇളയരാജയെയാണ് മലബാര്‍ ഗോള്‍ഡ് അവരുടെ ബ്രാന്‍ഡ് തമിഴര്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത്. സംഗീത സാന്ദ്രമായ ആ പരസ്യചിത്രങ്ങള്‍ ഇന്നും സ്വര്‍ണവ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങളില്‍ വേറിട്ടൊരു സ്ഥാനം അലങ്കരിക്കുന്നു. ഒരു ബ്രാന്‍ഡ് അംബാസഡറെ എത്ര കാലം തങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കണം എന്നതിലും കൃത്യമായി മലബാര്‍ ഗോള്‍ഡ് പാലിച്ച രീതികള്‍ ബ്രാന്‍ഡിംഗ് രംഗത്തേക്ക് ചുവടു വയ്ക്കുന്ന മറ്റു വ്യാപാരികളും പരസ്യ ഏജന്‍സികളും മാതൃകയാക്കേണ്ടാതാണ്. മോഹന്‍ലാല്‍ എന്ന മഹാനടനെ ഏറ്റവും നന്നായി ഉപയോഗിച്ച ഒരു ബ്രാന്‍ഡ് ആണ് മലബാര്‍ ഗോള്‍ഡ്. എന്നാല്‍ മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ഇല്ലെങ്കിലും ആ ബ്രാന്‍ഡിന് വേണ്ടി അദ്ദേഹം പ്രത്യക്ഷപ്പെട്ട പരസ്യങ്ങള്‍ ഇന്നും മലയാളിയുടെ മനസിലുണ്ട്. ഇന്നും മോഹന്‍ലാല്‍ അഭിനയിച്ച പരസ്യങ്ങള്‍ കാണുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ഓര്‍മ വരുന്നതും ഇതേ കാരണം കൊണ്ട് തന്നെയാണ്. malabar-ads മോഹന്‍ലാലിനു ശേഷം സൂര്യ മുതല്‍ കരീന കപൂര്‍ വരെയുള്ള ഒട്ടേറെ മികച്ച താരങ്ങളെ ബ്രാന്‍ഡ് അംബാസഡര്‍മാരായി അണിനിരത്തി മലബാര്‍ ഗോള്‍ഡ് ഇന്നും അവരുടെ ദേശീയപ്രതിഛായ മങ്ങാതെ നിലനിര്‍ത്തുന്നുമുണ്ട്. ഇവരുടെ പരസ്യങ്ങള്‍ ഹിറ്റ് ആയി മുന്നേറുമ്പോള്‍ തന്നെ മുന്‍ നിര മോഡലുകളെ നായകരാക്കിയുള്ള പരസ്യങ്ങളും വിവിധ മാധ്യമങ്ങളിലൂടെ പ്രചിരിപ്പിച്ചു വിപണിയുടെ ശ്രദ്ധ നില നിര്‍ത്താനും മലബാര്‍ ഗോള്‍ഡിന് കഴിയുന്നുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്. Favour Francis favourfrancis@gmail.com 09847881382

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)