ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മൂന്നാം ഹോം മത്സരത്തിലും ജയം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ബ്ലാസ്റ്റേഴ്സിനെ വിമര്‍ശിച്ച് ഐഎം വിജയന് രംഗത്ത്. കളിയിലും ഗെയിം പ്ലാനിലും ഒരു പുരോഗതിയും ബ്ലാസ്റ്റേഴ്സ് കാണിക്കുന്നില്ലെന്ന് വിജയന് പറഞ്ഞു. ‘മിഡ്ഫീല്‍ഡാണ് ശോകം. കളി ജയിച്ചുകയറാന്‍ പോന്നൊരു കളി മധ്യനിരയില്‍ ആരും പുറത്തെടുക്കുന്നില്ല. കരുത്തുറ്റ ഏത് ടീമിലും കാണും കളം നിയന്ത്രിക്കുന്നൊരു മിഡ്ഫീല്‍ഡ് എന്ജിന്. ബ്ലാസ്റ്റേഴ്സില്‍ ഈ റോള്‍ ഏറ്റെടുക്കാനാരുമില്ല.
എല്ലാ കളിയിലും ഗോള്‍ വഴങ്ങുന്ന ഡിഫന്‍സ് എങ്ങനെ നല്ലതെന്ന് പറയാനാകും? അനസ് എടത്തൊടികയെന്ന പ്രതിരോധനിര താരത്തെ ബെഞ്ചില്‍ ഇരുത്തുന്നത് അനീതിയാണ്. മികച്ച ഫോമില്‍ അനസ് കളിക്കുന്ന നാളുകളാണിത്. ടീം മാനേജ്മെന്റ് ഇക്കാര്യം മനസ്സിലാക്കാത്തത് അത്ഭുതപ്പെടുത്തുന്നു.
‘ബംഗളൂരു എഫ്സിയുടെ മോശം കളികളിലൊന്നാണ് കൊച്ചി കണ്ടത്. എന്നിട്ടും മൂന്ന് പോയിന്റോടെ മത്സരം പൂര്‍ത്തിയാക്കാന്‍ അവര്‍ക്കുസാധിച്ചു. ഇതില്‍ത്തന്നെ തെളിയുന്നുണ്ട് ബ്ലാസ്റ്റേഴ്സിന്റെ കളിയുടെ നിലവാരം. ബ്ലാസ്റ്റേഴ്സ് മെച്ചപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, വിജയന് പറഞ്ഞു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയോട് തോറ്റത്. സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ തോല്‍വി. ഉദ്ഘാടനമത്സരത്തില്‍ എടികെയോട് ജയിച്ചതൊഴിച്ചാല്‍ പിന്നീടുള്ള നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായി സമനില വഴങ്ങി.
Discussion about this post