ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ വമ്പന്മാരായ ബാഴ്സക്കും ലിവര്പൂളിനുമെല്ലാം അടിതെറ്റി. സ്പാനിഷ് ശക്തികളായ ബാഴ്സലോണയെ ഇന്റര്മിലാന് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമാണ് നേടിയത്. അത്ലറ്റികോ മാഡ്രിഡ് ബെറൂസിയ ഡോട്മുണ്ടിനെ പരാജയപ്പെടുത്തിയപ്പോള്‍ നപ്പോളിയും പിഎസ് ജിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് സി യിലെ മത്സരത്തില്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനോട് ലിവര്‍പൂള്‍ രണ്ട് ഗോളിന് തോല്‍ക്കുകയും ചെയ്തു.
ബാഴ്സ കളിക്കളത്തിലിറങ്ങിയത് സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെയാണ്. 83ാം മിനുട്ടില്‍ മാല്‍കോ ബാഴ്സക്കായി ഗോള്‍ നേടി. അഞ്ച് മിനുട്ടിനകം ഇന്റര്‍മിലാനായി ഇക്കാര്‍ഡി മറുപടി ഗോള്‍ കണ്ടെത്തി. മത്സരത്തില്‍ മുഴുവനും ആധിപത്യം പുലര്‍ത്തിയത് ബാഴ്സലോണയായിരുന്നെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചു.
ലിവര്‍പൂളിനെ അട്ടിമറിച്ചത് സെര്‍ബിയന്‍ ക്ലബ് റെഡ്സ്റ്റാര്‍ ബെല്‍ഗ്രെഡ് ആണ്. മിലന് പാകോവ് 22-ാം മിനിറ്റിലും 29-ാം മിനിറ്റിലും നേടിയ രണ്ടു ഗോളിലാണ് ക്ലോപ്പിന്റെ സംഘത്തെ തോല്പിച്ചത്. ഇതോടെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനോട്(4-0) തോറ്റതിന് റെഡ്സ്റ്റാര്‍ പകരം വീട്ടി.
ഗ്രൂപ്പ് എ യില്‍ ജര്‍മന്‍ ക്ലബ്ബായ ബെറൂസിയ ഡോട്ട്മുണ്ടിനെ അത്ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. തീയറി ഹെന്റി പരിശീലിപ്പിക്കുന്ന മൊണോക്കോക്കും വിജയം കണ്ടെത്താനായില്ല. ബെല്‍ജിയം ക്ലബ് ബ്രുഗെ 40 ത്തിനാണ് മൊണോക്കെയെ തോല്‍പ്പിച്ചത്. പിഎസ്വി ഐന്തോവനെ പരാജയപ്പെടുത്തിയ ടോട്ടന്‍ഹാം നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തി.
Discussion about this post