കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന് അഭിമാനമായിരുന്ന മഞ്ഞപ്പടയും മലയാളി ആരാധകരും ടീമിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞദിവസത്തെ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തിനുശേഷം സികെ വിനീതിനെ തെറിവിളിച്ച് ഗ്രൗണ്ടില്‍ നിന്ന് യാത്രയാക്കിയും സോഷ്യല്‍മീഡിയയില്‍ വിനീതിനെയും കുടുംബത്തെയും അപമാനിച്ചും മഞ്ഞപ്പടയിലെ അംഗങ്ങളായ ഒരുകൂട്ടര്‍ നിറഞ്ഞാടുകയാണ്.
കളി കാണാനെത്തിയ ബംഗളൂരുവിന്റെ ചില വനിതാ ഫാന്‍സിനും സ്റ്റേഡിയത്തിന് പുറത്ത് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകനായ ശ്യാം ശശീന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ:
മലയാളം കൃത്യമായി അറിയുന്നവരല്ല മറുനാട്ടുകാര്‍…. പാവയ്ക്ക പോലെ കിടക്കുന്ന കേരളത്തില്‍ നിന്ന് ‘മാപ്പ് ‘ നോക്കി മേലോട്ട് പോയാല്‍ മലയാളം കൊണ്ട് പിടിച്ചു നില്‍ക്കാനും പറ്റില്ല… ബംഗളൂരുവില്‍ നിന്ന് ഒഫീഷ്യല്‍ ഫാന്‍ ഗ്രൂപ്പ് അല്ലാതെയും ആരാധകര്‍ വരും. കളി കഴിഞ്ഞു പോകാന്‍ ട്രെയിന്‍/ബസ് കിട്ടുന്ന സ്ഥലത്തേക്ക് അവര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഉപയോഗിക്കും.
സ്ഥലം കൃത്യമായി പറഞ്ഞു കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന പല അന്യദേശക്കാരേയും കണ്ടിട്ടുണ്ട്. പക്ഷേ ഇന്നത്തേത് വേദനിപ്പിച്ചു. സ്റ്റേഡിയം ലൊക്കേഷന്‍ കൊടുത്ത് കാത്തു നിന്ന നാലു പേര് (ദമ്പതികള്‍ തന്നെ അതും മധുവിധു കാലമെന്നു തോന്നുന്നൂ)…
ടാക്സി ബുക്ക് ചെയ്തു കോള്‍ വന്നപ്പോള്‍ എവിടെ എന്നു ചോദ്യം. സ്റ്റേഡിയത്തിന്റെ മുന്‍വശമെന്നു മറുപടി. ഡ്രൈവര്‍ എത്തി ആലുവ റൂട്ടെന്നു തിരിച്ചും. ബംഗളൂരുവുകാരന് ആലുവയേത് അലുവയേത്….
അടുത്ത് മഞ്ഞക്കുപ്പായം അണിഞ്ഞവനോട് ചോദിച്ചു. ലവന് അടിമുടി ഒന്നു നോക്കിയപ്പോള്‍ സംഭവം നീല (കുപ്പായമാണോ എന്തോ).
പിന്നെ കേള്‍ക്കുന്നത് ഭള്ളാണ് (തെറിയല്ല). വിനീത് ഗോളടിക്കാത്തതിനും മറ്റും…. സ്ഥലം തന്നെ കണ്ടു പിടിച്ചു പൊയ്ക്കോ ഇവിടെ നിന്നാല്‍ തീര്‍ത്തു കളയും എന്നുമുള്ള ഭീഷണിയും.
വിഹ്വലതയോടെ നോക്കിയ ആ കണ്ണുകള്‍…. സംഭവം എന്തെന്ന് അറിയാതെ ബൈക്ക് നിര്‍ത്തിയപ്പോള്‍ ആ നോട്ടമാണ് ഉലച്ചത്. കാര്യമറിഞ്ഞു; ഡ്രൈവറെ വിളിച്ചു അവരെ കയറ്റി വിട്ടു. പേരു പോലും പറഞ്ഞില്ല. എന്റെ കഴുത്തില്‍ മീഡിയ പാസിന്റെ ടാഗ് ഉണ്ടായിരുന്നു. പക്ഷേ പാസ് പോക്കറ്റിലും. അവര്‍ കരുതിയത് ഐഎസ്എലിന്റെ എന്തോ ഒഫീഷ്യലാണ് എന്നാണ്. കാര്‍ നീങ്ങുന്നതിനു മുമ്പൊരു ചോദ്യം… Y u conducting a football match in front of these cultureless….
മറുപടി കൊടുക്കാന്‍ പോലും സമയമില്ല…. കേരളാ ഫുട്ബോളിന്റെ പ്രൈം ടൈമില്‍ കള്‍ച്ചര്‍ലെസ് എന്നൊരു ആക്ഷേപം ഉണ്ടായിട്ടുണ്ടോ??? മഞ്ഞപ്പടയെന്ന പേരില്‍ ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പിന്റെ പേരിലാണ് ഫുട്ബോള്‍ കാണാന്‍ വന്നവര്‍ അപമാനിക്കപ്പെട്ടത്…. ഇതല്ല കേരളാ ഫുട്ബോളിന്റെ ചരിത്രം, ഇതല്ല കേരളത്തിന്റെ ഫുട്ബോള്‍ പ്രേമികള്‍…
Nb : ഇതില്‍ പറഞ്ഞവരുടേ പേരോ; കയറ്റി വിട്ട ടാക്സിയുടെ നമ്പരോ എനിക്കറിയില്ല. അതു ശ്രദ്ധിക്കാന്‍ സമയം ലഭിച്ചില്ല. പൊങ്കാലയുമായി വരുന്ന ഫാന്‍സ് ശ്രദ്ധിച്ചാലും… മഞ്ഞപ്പടയാണ് ഇതിനു കാരണമെന്നും പറയുന്നില്ല… ആ പേര് ഉപയോഗിച്ച് വിലസുന്നവരുമാകും… ശ്രദ്ധിക്കുക.
Discussion about this post