ഗോള്‍ നേട്ടത്തില്‍ അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയെ മറികടന്ന് ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടത്തിലെത്തി ഛേത്രി.
പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമാണ് പട്ടികയില്‍ ഛേത്രിക്ക് മുന്നിലുള്ളത്. തായ്ലന്‍ഡിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഛേത്രിയുടെ ഗോള്‍ സമ്പാദ്യം 67ലെത്തി.
സുനില്‍ ഛേത്രി 105 മത്സരങ്ങളില്‍ നിന്ന് 67 ഗോളുകള്‍ നേടിയപ്പോള്‍ മെസി 125 മത്സരങ്ങളില്‍ നിന്നാണ് 65 ഗോള്‍ നേടിയത്. 154 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 85 ഗോള്‍ നേടിയത്.
ഛേത്രി മിന്നലായ മത്സരത്തില്‍ തായ്ലന്‍ഡിനെ 4-1ന് ഇന്ത്യ പരാജയപ്പെടുത്തി. അനിരുദ്ധ് ഥാപ്പയും ജെജെ ലാല്‍പെഖുലയുമാണ് മറ്റ് ഗോള്വീരന്മാര്. തേരാസിലിന്റെ വകയായിരുന്നു തായ്ലന്‍ഡിന്റെ ഏക മറുപടി. ഏഷ്യന്‍ കപ്പില്‍ ഇന്ത്യയുടെ ഏക്കാലത്തെയും മികച്ച വിജയമാണിത്.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഏഷ്യന്‍ കപ്പില്‍ പങ്കെടുക്കുന്നത്. 1964ല്‍ റണ്ണര്‍ അപ്പായ ഇന്ത്യക്ക് അതിന് ശേഷം പങ്കെടുത്ത രണ്ട് പതിപ്പിലും ഒരൊറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല.
Discussion about this post